റിയോ ഡി ജനീറോ: എയര്‍ യൂറോപ്പ വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് 40ലധികം യാത്രക്കാര്‍ക്ക് പരിക്ക്. സ്പെയിനില്‍ നിന്നും ഉറുഗ്വേയുടെ തലസ്ഥാനമായ മോണ്ടെ വീഡിയോയിലേക്ക് പുറപ്പെട്ട എയര്‍ യൂറോപ്പ ബോയിങ് 787-9 ഡ്രീംലൈനര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 325 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
അറ്റ്ലാന്റിക്കിന് മുകളിലൂടെ പറക്കുന്നതിനിടെയാണ് വിമാനം ആകാശച്ചുഴിയില്‍പ്പെട്ടത്. തുടര്‍ന്ന് വിമാനം വടക്കു കിഴക്കന്‍ ബ്രസീലിലെ നതാല്‍ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ചിലരുടെ കഴുത്തിനും നടുവിനും ഗുരുതര പരിക്കുണ്ട്. ആകാശച്ചുഴിയില്‍പ്പെട്ട ശേഷമുള്ള വിമാനത്തിനുള്ളിലെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ആകാശച്ചുഴിയില്‍പ്പെട്ടതോടെ യാത്രക്കാരോട് സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ ജീവനക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. അതിനാല്‍ വന്‍ അപകടം ഒഴിവായെന്നും സീറ്റ് ബെല്‍റ്റ് ധരിക്കാത്തവര്‍ക്കാണ് പരിക്കേറ്റതെന്നും എയര്‍ യൂറോപ്പ അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: