ഇരിങ്ങാലക്കുട : നാലമ്പല തീര്‍ഥാടനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ തകര്‍ന്ന് കിടക്കുന്ന റോഡുകള്‍ അടിയന്തിരമായി നന്നാക്കണമെന്ന് കോ-ഓഡിനേഷന്‍ കമ്മിറ്റി. ഇരിങ്ങാലക്കുട നഗരസഭ പരിധിയിലെ പേഷ്ക്കാര്‍ റോഡ്, തെക്കേ നട റോഡ് ഉള്‍പ്പെടെയുള്ള റോഡുകള്‍ സഞ്ചാരയോഗ്യമാക്കണമെന്ന് നാലമ്പല കോ-ഓഡിനേഷന്‍ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. ബഡ്ജറ്റ് ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാല് ക്ഷേത്രങ്ങള്‍ക്കും ഫണ്ട് അനുവദിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.
ശ്രീകൂടല്‍മാണിക്യം ദേവസ്വം ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആര് ബിന്ദു അധ്യക്ഷത വഹിച്ചു. ത്യപ്രയാറില്‍ നിന്നും പ്രത്യേക കെഎസ്ആര്‍ടി സര്‍വീസുകള്‍ ആരംഭിക്കണമെന്നും ഹൈവേയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ തുടര്‍ന്നുണ്ടായ പാര്‍ക്കിംഗ് പ്രശ്നം പരിഹരിക്കണമെന്നും തൃപ്രയാര്‍ ശ്രീരാമ ക്ഷേത്ര പ്രതിനിധി പറഞ്ഞു.
തീര്‍ഥാടന ദിനങ്ങളില്‍ ആബുലന്‍സ് സര്‍വീസ് ലഭ്യമാക്കണമെന്ന് അരിപ്പാലം പായമ്മല്‍ ക്ഷേത്ര പ്രതിനിധി ആവശ്യപ്പെട്ടു. കൂടല്‍മാണിക്യക്ഷേത്രത്തില്‍ എത്തിച്ചേരുന്ന വാഹനങ്ങളുടെ പാര്‍ക്കിംഗിനായി നിശ്ചയിച്ചിരിക്കുന്ന ഇടങ്ങള്‍ ക്വാറി വേസ്റ്റ് അടിച്ച് ഉപയോഗപ്രദമാക്കണമെന്നും ക്ഷേത്ര പരിസരത്ത് കൂടുതല്‍ സിസി ക്യാമറകള്‍ സ്ഥാപിക്കണമെന്നും സിഐ മനോജ് കെ.ഗോപി നിര്‍ദ്ദേശിച്ചു.
കെഎസ്ആര്‍ടിസിയില്‍ എത്തുന്ന ഭക്തര്‍ക്ക് പ്രത്യേക പരിഗണന നല്‍കേണ്ടെന്ന കോടതി വിധിയെ തുടര്‍ന്ന് സര്‍വീസുകള്‍ കുറയ്ക്കേണ്ടി വന്നതായി ബഡ്ജറ്റ് ടൂറിസം സെല്‍ കോഡിനേറ്റര്‍ ഡൊമിനിക്ക് യോഗത്തില്‍ അറിയിച്ചു. നിലവില്‍ തൃശ്ശൂര്‍, ഗുരുവായൂര്‍, ഇരിങ്ങാലക്കുട എന്നിവടങ്ങളില്‍ നിന്നും അഞ്ച് സര്‍വീസുകളും മറ്റ് ജില്ലകളില്‍ നിന്നും ഓരോ സര്‍വീസുമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
ശ്രീകൂടല്‍മാണിക്യ ക്ഷേത്രത്തിനുള്ളില്‍ ദര്‍ശനത്തിനായി വരിയില്‍ നില്‍ക്കുന്നവര്‍ക്ക് ഇരിപ്പിട സൗകര്യം ഒരുക്കുമെന്ന് ദേവസ്വം മെമ്പര്‍ അഡ്വ കെ.ജി. അജയകുമാര്‍ അറിയിച്ചു. ആദ്യമായിട്ടാണ് ക്ഷേത്രത്തില്‍ ഈ സൗകര്യം എര്‍പ്പെടുത്തുന്നത്. ശ്രീകൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് അഡ്വ സി. കെ. ഗോപി, ഭരണസമിതി അംഗങ്ങളായ ഡോ മുരളി ഹരിതം , രാഘവന് മുളങ്ങാടന്‍, അഡ്മിനിസ്ട്രേറ്റര്‍ ഉഷാ നന്ദിനി, മറ്റ് ക്ഷേത്ര ഭരണസമിതി അംഗങ്ങള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: