തൃശ്ശൂര്‍: കരുവന്നൂര്‍ കേസില്‍ സിപിഎം കേന്ദ്ര കമ്മിറ്റിക്കും ആശങ്ക. 300 കോടിയിലേറെ രൂപയുടെ തട്ടിപ്പു കേസ് കേരളത്തില്‍ പാര്‍ട്ടിയുടെ വേരറുക്കുമോയെന്ന ആശങ്കയാണ് കേന്ദ്ര നേതൃത്വത്തിന്.
സംസ്ഥാനത്ത് സിപിഎമ്മിന്റെ ശക്തി സഹകരണ ബാങ്കുകളാണ്. സഹകരണ മേഖലയുടെ വിശ്വാസ്യത നഷ്ടപ്പെടാന്‍ കരുവന്നൂര്‍ കേസ് ഇടയാക്കിയെന്നും കേന്ദ്ര കമ്മിറ്റി വിലയിരുത്തി. കേസില്‍ മുതിര്‍ന്ന നേതാക്കളുടെ അറസ്റ്റ് ഭയന്ന് സിപിഎം നേതൃത്വം ഇ ഡിക്കെതിരേ സുപ്രീംകോടതിയെ സമീപിക്കാനുമൊരുങ്ങുകയാണ്. ഇതിനായി കപില്‍ സിബല്‍ ഉള്‍പ്പെടെ പ്രമുഖ അഭിഭാഷകരെ സമീപിച്ചിട്ടുണ്ട്.
പാര്‍ട്ടിയെ കേസില്‍ പ്രതി ചേര്‍ക്കുകയും അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഏറെ ഗൗരവത്തോടെയാണ് ദേശീയ നേതൃത്വം വിഷയത്തെ കാണുന്നത്.
കേന്ദ്ര കമ്മിറ്റി സംസ്ഥാന നേതൃത്വത്തോട് കരുവന്നൂര്‍ കേസിന്റെ വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. കരുവന്നൂര്‍ ബാങ്കിലെ മിനിറ്റ്‌സുകളും കേസിന്റെ വിശദാംശങ്ങളും ഉടന്‍ നല്കാനാണ് തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയോട് നിര്‍ദേശിച്ചിട്ടുള്ളത്. ഇതോടൊപ്പം സംസ്ഥാന നേതൃത്വത്തിന്റെ വിശദീകരണവും നല്കണം.
തട്ടിപ്പു കാലയളവായ 2012 മുതലുള്ള വിശദാംശങ്ങളാണ് പാര്‍ട്ടി ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടുള്ളത്. കരുവന്നൂരില്‍ പാര്‍ട്ടി ജില്ലാ, സംസ്ഥാന ഘടകങ്ങള്‍ക്ക് ഗുരുതര വീഴ്ചയുണ്ടായെന്നും കഴിഞ്ഞ ദിവസം ചേര്‍ന്ന കേന്ദ്ര കമ്മിറ്റി വിലയിരുത്തിയിട്ടുണ്ട്. സഹകരണ വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന മന്ത്രിമാരും വീഴ്ച വരുത്തി. ദേശീയതലത്തില്‍ തന്നെ പാര്‍ട്ടിക്ക് വലിയ നാണക്കേടാണ് കരുവന്നൂര്‍ ഉണ്ടാക്കിയത്.
ഇ ഡി കേസില്‍ കൂടുതല്‍ നടപടികളിലേക്ക് കടക്കുകയും നേതാക്കള്‍ ഉള്‍പ്പെടെ അറസ്റ്റിലാകുകയും ചെയ്യുന്ന സാഹചര്യമുണ്ടായാല്‍ പാര്‍ട്ടിക്കത് വലിയ തിരിച്ചടിയാകും. സംസ്ഥാനത്തെ സഹകരണ മേഖല തകരും. ഇതു മുന്‍കൂട്ടിക്കണ്ടാണ് ഇ ഡിയെ തടയാന്‍ മുതിര്‍ന്ന അഭിഭാഷകരെ ഉപയോഗിച്ച് സുപ്രീംകോടതിയെ സമീപിക്കാന്‍ നേതൃത്വം ആലോചിക്കുന്നത്. പാര്‍ട്ടിയെ നേരിട്ട് പ്രതി ചേര്‍ത്തതോടെ തൃശ്ശൂര്‍ ജില്ലയിലെ പ്രമുഖ നേതാക്കള്‍ ആശങ്കയിലാണ്. ഏതു നിമിഷവും പിടിവീഴുമെന്ന സാഹചര്യത്തിലാണ് നേതാക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: