ആലപ്പുഴ: ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനെ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് തലയില്‍ കൈവെച്ച് അനുഗ്രഹിച്ചത് തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് തിരിച്ചടിയായെന്ന് സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി വിലയിരുത്തല്‍.
ശോഭാ സുരേന്ദ്രന് ഈഴവ സമുദായത്തില്പ്പെട്ടതല്ലെന്ന പ്രചരണം നടക്കുന്നതായി വെള്ളാപ്പള്ളിയെ പത്രക്കാര് ഓര്മപ്പെടുത്തിയപ്പോള് അവര്‍ ഈഴവ സ്ത്രി തന്നെയാണ് എന്ന് അദ്ദേഹം വ്യക്തമാക്കി. തുടര്‍ന്ന് സ്ഥാനാര്‍ത്ഥി നേരില്‍ക്കണ്ട് അനുഗ്രഹം ചോദിക്കാന്‍ ചെന്നപ്പോള്‍ വെള്ളാപ്പള്ളി തലയില്‍ കൈവെച്ച് അനുഗ്രഹിച്ചു.
ഇതെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പിന്നോക്ക വിഭാഗങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കുകയും എസ്എന്‍ഡിപി സ്ഥാനാര്‍ത്ഥിയാണ് അതുകൊണ്ട് അവര്‍ക്ക് വോട്ട് ചെയ്യണമെന്ന് അതിവിപുലമായ ക്യാമ്പയിന് പിന്നോക്ക, ധീവര, ദളിത് വിഭാഗങ്ങളില്‍ നടത്തി. ഇത് മനസിലാക്കാനും ഇതിനെ പ്രതിരോധിക്കാനും വീഴ്ച സംഭവിച്ചെന്ന് ജില്ലാ കമ്മറ്റി വിലയിരുത്തിയെന്ന് ജില്ലാ സെക്രട്ടറി ആര്. നാസര്‍ പറഞ്ഞു.
ജില്ലാ സെക്രട്ടറിയേറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങളില്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും ഉണ്ടായിട്ടുള്ള ചില വീഴ്ചകള്‍ ചൂണ്ടിക്കാട്ടി. പെന്‍ഷനുകള്‍ തുടര്‍ച്ചയായി നല്കുന്നതില് വീഴ്ചയുണ്ടായി. ആശുപത്രികളില്‍ വരുന്ന രോഗികള്‍ക്കെല്ലാം ആവശ്യത്തിന് മരുന്നും ചികിത്സയും നല്കുവാനും കഴിയാതെ വന്നു. മാവേലി സ്റ്റോറും, നിത്യോപയോഗ സാധനങ്ങളും ന്യായ വിലയ്ക്ക് നല്കാന് കഴിഞ്ഞില്ല. നെല്‍ കര്‍ഷകര്‍ക്ക് കൃത്യസമയത്ത് നെല്ലിന്റെ പണം നല്കാന് കഴിഞ്ഞില്ല. ഇത് ഇടതുപക്ഷ വോട്ടര്‍മാരില്‍ അസംതൃപ്തി ഉളവാക്കി. ജില്ലയിലെ ന്യൂനപക്ഷങ്ങള്‍ ഒറ്റക്കെട്ടായി യുഡിഎഫിന് വോട്ട് ചെയ്തു. എസ്ഡിപിഐയും, വെല്ഫെയയര് പാര്‍ട്ടിയും യുഡിഎഫിനെ സഹായിക്കുകയായിരുന്നു. അതിനാല്‍ പ്രതീക്ഷിച്ച വോട്ട് എല്‍ഡിഎഫിന് ലഭിച്ചില്ലെന്നും വിലയിരുത്തിയതായി നാസര്‍ പറഞ്ഞു.
പാര്‍ട്ടി യോഗങ്ങള്‍ കഴിഞ്ഞാലുടന്‍ പാര്‍ട്ടി യോഗങ്ങളില്‍ നടക്കാത്ത കാര്യങ്ങള്‍ നടന്നതായി തെറ്റായ വാര്‍ത്തകള്‍ വാര്‍ത്താ മാധ്യമങ്ങള്‍ക്ക് നല്‍കുകയും സോഷ്യല്‍ മീഡിയയിലൂടെ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന ചിലര്‍ പാര്‍ട്ടിക്കാരാണെന്ന് പറഞ്ഞ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് മനസിലാക്കി ഇവരെ കണ്ടെത്തി തിരുത്തുന്നതിനുള്ള ശ്രമം നടന്നുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: