തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ എ.എന്‍. ഷംസീറിനും മേയര്‍ ആര്യ രാജേന്ദ്രനുമെതിരെ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി യോഗത്തില്‍ രൂക്ഷ വിമര്‍ശനം.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പ്രവേശനമില്ലെന്നും എന്നാല്‍ തലസ്ഥാനത്തെ ഒരു വ്യവസായിക്ക് മുഖ്യമന്ത്രിയുടെ അടുക്കളവരെ സ്വാതന്ത്ര്യമുണ്ടെന്ന് വിമര്‍ശനം. എ.എന്‍. ഷംസീറിന് കമ്യൂണിസത്തിന് ചേരാത്ത ബന്ധങ്ങളുണ്ട്. കെഎസ്ആര്‍ടിസി ഡ്രൈവറെ നടുറോഡില്‍ തടഞ്ഞുനിര്‍ത്തി അഹങ്കാരത്തോടെ പെരുമാറി. ബസില്‍ നിന്ന് മെമ്മറി കാര്‍ഡ് കിട്ടിയിരുന്നെങ്കില്‍ പാര്‍ട്ടി ഉള്‍പ്പെടെ കുടുങ്ങിയേനെയെന്നും വിമര്‍ശനം ഉയര്‍ന്നു.
മുഖ്യമന്ത്രിയുടെ അടുപ്പക്കാരന്‍ കൂടിയായ ജില്ലാ കമ്മിറ്റി അംഗം കരമന ഹരിയാണ് മുഖ്യമന്ത്രിക്കെതിരെ രൂക്ഷവമിര്‍ശനം ഉന്നയിച്ചത്. സാധാരണക്കാര്‍ക്ക് മുഖ്യമന്ത്രിയെ കാണാനാകില്ലെങ്കിലും തലസ്ഥാനത്തെ മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കള വരെ സ്വാധീനമുണ്ടെന്ന് കരമന ഹരി വിമര്‍ശനം ഉന്നയിച്ചു. ഇതോടെ എം. സ്വരാജ് ഇടപെട്ടു. മുതലാളി ആരെന്ന് പറയണമെന്ന് സ്വരാജ് ആവശ്യപ്പെട്ടു. എന്നാല്‍ പേര് പറയാന്‍ കരമന ഹരി തയാറായില്ല. ഇതോടെ ആരോപണത്തില്‍ സിപിഎം വിശദീകരണം തേടിയിട്ടുണ്ട്.
കരമന ഹരി മാത്രമല്ല നിരവധി അംഗങ്ങള്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവമിര്‍ശനം ഉന്നയിച്ചു. സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കോ പൊതുജനത്തിനോ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രവേശനമില്ലെന്നും മുഖ്യമന്ത്രി പാര്‍ട്ടി പ്രവര്‍ത്തകരുടെ മുന്നില്‍ ഇരുമ്പുമറ തീര്‍ക്കുന്നുവെന്നും അംഗങ്ങള്‍ വിമര്‍ശിച്ചു. മൂന്നു മണിക്ക് ശേഷം പോലും മുഖ്യമന്ത്രിയുടെ ഓഫീസില്‍ സാധാണക്കാര്‍ക്ക് പ്രവേശനമില്ല. മുമ്പ് പാര്‍ട്ടി നേതാക്കള്‍ക്ക് മുഖ്യമന്ത്രിയെ കാണാമായിരുന്നു. ഇപ്പോള്‍ അതും വിലക്കിയെന്നും വിമര്‍ശിച്ചു. മകള്‍ക്കെതിരായ ആരോപണത്തില്‍ മുഖ്യമന്ത്രി എന്തിനു മൗനം പാലിച്ചു. കോടിയേരി ബാലകൃഷ്ണനെ പോലെ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നു പറയാതിരുന്നത് സംശയങ്ങള്‍ക്കിട നല്‍കിയെന്നും വിമര്‍ശനം ഉയര്‍ന്നു.
സ്പീക്കര്‍ എ.എന്‍. ഷംസീര്‍ കമ്യൂണിസ്റ്റ് രീതിക്ക് നിരക്കാത്ത തരത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നായിരുന്നു മറ്റൊരു ഗുരുതര വിമര്‍ശനം. തലസ്ഥാനത്തെ ചില ബിസിനുകാരുമായുള്ള ബന്ധം സ്പീക്കര്‍ക്കുണ്ടെന്നും വിവാദ വ്യവസായികളുമായി എന്തു ബന്ധമാണ് സ്പീക്കര്‍ക്കുള്ളതെന്നും അംഗങ്ങള്‍ ചോദിച്ചു. കടകംപള്ളി സുരേന്ദ്രനുമായി മന്ത്രി മുഹമ്മദ് റിയാസിന്റെ തര്‍ക്കവും വിമര്‍ശിക്കപ്പെട്ടു.
വിമര്‍ശനം ഉന്നയിക്കുന്നവരെ കരാറുകാരന്റെ ബിനാമിയാക്കുന്നത് ശരിയല്ലെന്നും മന്ത്രി ജില്ലയിലെ നേതാക്കളെയും ജനപ്രതിനിധിയെയും സംശയത്തിന്റെ കരിനിഴലില്‍ നിര്‍ത്തിയെന്നും വിമര്‍ശനമുയര്‍ന്നു.
മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എക്കുമെതിരെയും അതിരൂക്ഷ വിമര്‍ശനം ഉയര്‍ന്നു. മേയറും ഭര്‍ത്താവും കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി നടത്തിയത് ഗുണ്ടായിസമാണ്. മേയറും ഭര്‍ത്താവും അധികാരത്തിന്റെ അഹങ്കാരത്തില്‍ പെരുമാറി. ബസില്‍ നിന്ന് സിസിടിവി മെമ്മറി കാര്‍ഡ് കിട്ടിയിരുന്നെങ്കില്‍ പാര്‍ട്ടി പോലും വെട്ടിലായേനെ. സംഭവം പാര്‍ട്ടിയെക്കുറിച്ചും നേതാക്കന്മാരെ കുറിച്ചും ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയെന്നും മേയറെ സ്ഥാനത്ത് നിന്നും നീക്കണമെന്നും ഒരുവിഭാഗം ആവശ്യപ്പെട്ടു. ഇതോടെ മോയര്‍ക്ക് അന്ത്യശാസനം നല്കാന്‍ യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. മേയര്‍ക്ക് ഒരവസരം കൂടി നല്‍കാം. ഇപ്പോള്‍ സ്ഥാനത്ത് നിന്നും നീക്കിയാല്‍ രാഷ്‌ട്രീയമായി തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തലിലാണ് ശാസനയില്‍ നടപടി ഒതുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: