കൊല്ലം: കാര്‍ഗില്‍ യുദ്ധവിജയത്തിന്റെ സ്മരണകള്‍ ഉണര്‍ത്തി അഖില ഭാരതീയ പൂര്‍വ സൈനിക സേവാ പരിഷത്ത് നാഷണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാര്‍ഗില്‍ വിജയ യാത്ര സംഘടിപ്പിക്കുന്നു.
ഇന്ന് മുതല്‍ ജൂലൈ 7 വരെയാണ് വിജയ യാത്ര നടത്തുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത 50 പ്രതിനിധികളും കുടുംബാംഗങ്ങളുമാണ് യാത്രയില്‍ പങ്കുചേരുന്നത്. വിവിധ സംസ്ഥാനങ്ങളിലെ പ്രതിനിധികള്‍ ഇന്ന് ശ്രീനഗറില്‍ എത്തി അവിടെ ഏഴ് ദിവസങ്ങളില്‍ വിവിധ പരിപാടികളില്‍ പങ്കുചേരും.
ശ്രീനഗര്‍, ദ്രാസ്, കാര്‍ഗില്‍ എന്നിവിടങ്ങളിലെ യുദ്ധസ്മാരകങ്ങളില്‍ ആദരവര്‍പ്പിക്കും. കാര്‍ഗില്‍ വിജയ യാത്രയുടെ ഭാഗമായി കേരളത്തില്‍ നിന്ന് സംഘടനയുടെ മാതൃവിഭാഗമായ സൈന്യ മാതൃശക്തി അംഗങ്ങളെയാണ് യാത്രക്കായി തെരഞ്ഞെടുത്തിരിക്കുന്നത്. സൈന്യ മാതൃശക്തി സംസ്ഥാന പ്രസിഡന്റ് മേജര്‍ അമ്പിളി ലാല്‍ (റിട്ട.), ജനറല്‍ സെക്രട്ടറി ലത വി., ട്രഷറര്‍ സുഗത പി.സി. എന്നിവരാണ് കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്നതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി മധു വട്ടവിള അറിയിച്ചു.











