ബെര്‍ലിന്‍: മുന്‍ ചാമ്പ്യന്മാരായ സ്‌പെയിന്‍ യൂറോ 2024ന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍. ഗ്രൂപ്പ് ഘട്ടത്തില്‍ ക്രിസ്റ്റിയാനോയുടെ പോര്‍ച്ചുഗലിനെ വരെ അട്ടമറിച്ച് പ്രീ ക്വാര്‍ട്ടറിലെത്തിയ ജോര്‍ജിയയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്താണ് സ്പാനിഷ് ചെമ്പട ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. പതിനെട്ടാം മിനിറ്റില്‍ സെല്‍ഫ് ഗോളിലൂടെ പിന്നിലായ ശേഷമാണ് സ്‌പെയിന്‍ നാലെണ്ണം തിരിച്ചടിച്ച് വിജയം സ്വന്തമാക്കിയത്. റോബിന്‍ ലെ നോര്‍മന്‍ഡാണ് സ്വന്തം വലയില്‍ പന്തെത്തിച്ച് ജോര്‍ജിയയ്‌ക്ക് ലീഡ് സമ്മാനിച്ചത്. 39-ാം മിനിറ്റില്‍ റോഡ്രി, 51-ാം മിനിറ്റില്‍ ഫാബിയന്‍ റുയിസ്, 75-ാം മിനിറ്റില്‍ നിക്കോ വില്യംസ്, 83-ാം മിനിറ്റില്‍ ഡാനി ഒല്‍മോ എന്നിവരാണ് ചെമ്പടയ്‌ക്കായി ഗോളടിച്ചത്.
പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും സ്‌പെയിനിന്റെ സര്‍വാധിപത്യമായിരുന്നു. ഓണ്‍ ടാര്‍ഗറ്റിലേക്ക് അവര്‍ 13 ഷോട്ടുകള്‍ പായിച്ചപ്പോള്‍ ജോര്‍ജിയയ്‌ക്ക് ഒരെണ്ണം പോലും തൊടുക്കാനായില്ല. സ്പെയിനിന്റെ യുവനിരയുടെ ആക്രമണങ്ങള്‍ക്ക് മുന്നില്‍ ജോര്‍ജിയയ്‌ക്ക് പിടിച്ചുനില്‍ക്കാനായില്ല. ക്വാര്‍ട്ടറില്‍ ജര്‍മനിയാണ് സ്പെയിനിന്റെ എതിരാളികള്‍.
കിക്കോഫ് മുതല്‍ സ്പാനിഷ് താരങ്ങള്‍ മുന്നേറ്റങ്ങളുടെ തിരമാല തീര്‍ത്തു. നിക്കോ വില്ല്യംസും യമാലും അല്‍വാരോ മൊറാട്ടയും ജോര്‍ജിയന്‍ ഗോള്‍മുഖം വിറപ്പിച്ചുകൊണ്ടേയിരുന്നു. ജോര്‍ജിയയുടെ പ്രതിരോധം ഏറെ പണിപ്പെട്ടാണ് സ്പാനിഷ് മുന്നേറ്റത്തെ പ്രതിരോധിച്ചത്. അതേസമയം ചില പ്രത്യാക്രമണങ്ങളിലൂടെ ക്വിച്ച ക്വാറട്സ്‌കേലിയ അടങ്ങുന്ന ജോര്‍ജിയയുടെ മുന്നേറ്റനിര സ്പെയിനിന് ഭീഷണിയുയര്‍ത്തിയെങ്കിലും കാര്യമുണ്ടായില്ല. കളിയുടെ ഒഴുക്കിനെതിരെ 18-ാം മിനിറ്റില്‍ ജോര്‍ജിയ മുന്നിലെത്തി. സെല്‍ഫ് ഗോളാണ് സ്പെയിനിന് വിനയായത്. മധ്യനിരയില്‍ നിന്ന് നീട്ടിയ പന്ത് സ്വീകരിച്ച ജോര്‍ജിയന്‍ റൈറ്റ് ബാക്ക് ഓട്ടര്‍ കാകബഡ്സെ വലതുവിങ്ങില്‍ നിന്ന് ബോക്സിലേക്ക് നീട്ടി. ബോക്സില്‍ ഓടിയെത്തിയ ക്വിച്ച ക്വാറട്സ്‌കേലിയയ്‌ക്ക് പന്ത് ലഭിക്കുന്നത് തടയാന്‍ ശ്രമിച്ച സ്പാനിഷ് പ്രതിരോധതാരത്തിന് പിഴച്ചു. റോബിന്‍ ലെ നോര്‍മന്‍ഡിന്റെ ശരീരത്തില്‍ തട്ടിയ പന്ത് വലയിലേക്ക് കയറിയപ്പോള്‍ സ്പാനിഷ് ഗോളി ഉനായി സിമോണ്‍ നിസ്സഹായനായി. ഗോള്‍ വഴങ്ങിയതോടെ സ്പാനിഷ് ടീം മുന്നേറ്റം കൂടുതല്‍ ശക്തമാക്കി. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 38-ാം മിനിറ്റില്‍ അവര്‍ സമനില ഗോള്‍ കണ്ടെത്തി. ജോര്‍ജിയന്‍ ബോക്സിന് പുറത്തുനിന്ന് റോഡ്രി പന്ത് ബോക്സിനുള്ളിലേക്ക് നീട്ടി. പന്ത് കിട്ടിയ നിക്കോ വില്ല്യംസ് റോഡ്രിക്ക് തിരിച്ചുനല്‍കി. ശേഷം നല്ലൊരു ഷോട്ടിലൂടെ റോഡ്രി വലകുലുക്കി. അതോടെ മത്സരം സമനിലയിലായി. ഇതോടെ ആദ്യ പകുതി 1-1ന് അവസാനിച്ചു.
രണ്ടാം പകുതി തുടങ്ങി ആറ് മിനിറ്റായപ്പോള്‍ സ്‌പെയിന്‍ ലീഡ് നേടി. ഫാബിയാന്‍ റൂയിസാണ് ഗോളടിച്ചത്. യമാലിന്റെ ഫ്രീകിക്ക് ജോര്‍ജിയന്‍ ഗോള്‍കീപ്പര്‍ തട്ടിയകറ്റിയതിന് പിന്നാലെയാണ് ഗോള്‍ വന്നത്. വലതുവിങ്ങില്‍ നിന്ന് യമാല്‍ നല്‍കിയ ഉഗ്രന്‍ ക്രോസിന് നല്ലൊരു ഹെഡറിലൂടെ റൂയിസ് പന്ത് വലയിലെത്തിച്ചു.അതിനിടയില്‍ ജോര്‍ജിയയ്‌ക്കായി ക്വിച്ചയുടെ മികച്ച നീക്കങ്ങളുമുണ്ടായി. 74-ാം മിനിറ്റില്‍ സ്പെയിന്‍ വീണ്ടും വലകുലുക്കിയെങ്കിലും ഓഫ്സൈഡായതിനാല്‍ ഗോള്‍ നിഷേധിക്കപ്പെട്ടു. 75-ാം മിനിറ്റില്‍ സ്പെയിന്‍ മൂന്നാം ഗോള്‍ കണ്ടെത്തി. നിക്കോ വില്ല്യംസാണ് ഗോളടിച്ചത്. ഇടതുവിങ്ങിലൂടെ പന്തുമായി മുന്നേറിയ നിക്കോ പ്രതിരോധതാരത്തെ കബളിപ്പിച്ച് സുന്ദരമായി വലകുലുക്കുകകയായിരുന്നു. പിന്നീട് ജോര്‍ജിയയ്‌ക്ക് മത്സരത്തിലേക്ക് തിരിച്ചുവരാനായില്ല. പകരക്കാരനായെത്തിയ ഡാനി ഒല്‍മോയും 83-ാം മിനിറ്റില്‍ ലക്ഷ്യം കണ്ടതോടെ സ്‌പെയിനിന്റെ ഗോള്‍ പട്ടിക പൂര്‍ത്തിയായി.ജോര്‍ജിയന്‍ ഗോളിയുടെ മികച്ച സേവുകളാണ് ജോര്‍ജിയയെ കൂടുതല്‍ ഗോള്‍ വഴങ്ങാതെ രക്ഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: