മുഹമ്മ: കഞ്ഞിക്കുഴിയുടെ ഗ്രാമീണ സൗന്ദര്യവും നാടന്‍ രുചിയും വിനോദസഞ്ചാരികള്‍ക്ക് പകര്‍ന്ന് നല്കാന് ആരംഭിച്ച പൊന്നിട്ടുശേരി ഇക്കോ ടൂറിസം പദ്ധതി നിലച്ചിട്ട് 18 വര്‍ഷം. പദ്ധതിക്ക് വേണ്ടി എഎസ് കനാലിന് മുകളിലായി നിര്‍മിച്ച കെട്ടിടം അവഗണനയുടേയും അലംഭാവത്തിന്റേയും നിത്യസ്മാരകമായി അവശേഷിക്കുകയാണ്.
2006 ല്‍ കെ.സി വേണുഗോപാല്‍ ടൂറിസം മന്ത്രിയായിരിക്കെയാണ് കഞ്ഞിക്കുഴി പൊന്നിട്ടുശേരിയില് ഇക്കോ ടൂറിസം പദ്ധതി അനുവദിച്ചത്. പിന്നീട് ധനമന്ത്രി തോമസ് ഐസക് ആണ് പദ്ധതിക്ക് തറക്കല്ലിട്ടത്. എഎസ് കനാലില്‍ ഒരു കിലോമീറ്റര്‍ ഭാഗം ശുചിയാക്കി പെഡല്‍ ബോട്ട് സര്‍വിസും നാടന്‍ ഭക്ഷണശാലയും ഉള്‍പ്പെടെ ആരംഭിക്കുന്നതായിരുന്നു പദ്ധതി. വിദേശ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ മീന്‍പിടുത്തം ഉള്‍പ്പെടെ വിഭാവനം ചെയ്തിരുന്നു.
പദ്ധതിക്കായി എഎസ് കനാലില്‍ തൂണുകള്‍ സ്ഥാപിച്ച് കെട്ടിടവും നിര്‍മ്മിച്ചു. ലക്ഷങ്ങള്‍ ചെലവഴിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്. കെട്ടിടത്തില്‍ നാടന്‍ ഭക്ഷണശാല ഉള്‍പ്പെടെ സ്ഥാപിക്കാനാണ് ലക്ഷ്യമിട്ടത്. ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിനും കഞ്ഞിക്കുഴി പഞ്ചായത്തിനുമായിരുന്നു പദ്ധതിയുടെ മോണിറ്ററിങ് ചുമതല. പദ്ധതി നടപ്പാക്കാന്‍ വൈകിയതോടെ ഫണ്ട് തികയാതെ വന്നു. ഇതോടെ പദ്ധതിയും നിലച്ചു.
കനാലില്‍ നിര്‍മ്മിച്ച കെട്ടിടം ഇപ്പോള്‍ നോക്കുകുത്തിയാണ്. മദ്യപാനികളുടെ വിശ്രമ കേന്ദ്രമായി മാറിയിരിക്കുകയാണ് കെട്ടിടം. ഒഴുക്ക് നിലച്ചും പുല്ല് വളര്‍ന്നും മരങ്ങള്‍ വീണും വികൃതമായി കിടക്കുകയാണ് എ.എസ് കനാല്‍. പദ്ധതി നിലച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പൊന്നിട്ടുശേരി ഇക്കോ ടൂറിസം പദ്ധതി യാഥാര്ത്യമാക്കാന് ആരും മെനക്കെട്ടിട്ടില്ല. ഡിടിപിസിയും പഞ്ചായത്തും വിചാരിച്ചാല്‍ നടപ്പാക്കാമായിരുന്ന പദ്ധതിയാണ് ഈ രീതിയില്‍ നിലച്ചു കിടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: