പടിഞ്ഞാറ് അറബിക്കടലും കിഴക്ക് തമിഴ്‌നാടും വടക്ക് ആലപ്പുഴ-പത്തനംതിട്ട ജില്ലകളും തെക്ക് തിരുവനന്തപുരം ജില്ലയും അതിര്‍ത്തി പങ്കിടുന്ന കൊല്ലത്തിന് ഇന്ന് പിറന്നാള്‍. തിരു-കൊച്ചി സംസ്ഥാനം നിലവില്‍ വന്നപ്പോള്‍ 1949 ജൂലൈ 1 നാണ് കൊല്ലം റവന്യു ജില്ലാ രൂപീകൃതമായത്. കൊല്ലം, പുനലൂര്‍ എന്നിങ്ങനെ രണ്ട് റവന്യൂ ഡിവിഷനുകളിലായി മൂന്നൂ താലൂക്കുകള്‍ വീതം ആകെ ആറു താലൂക്കുകള്‍ ജില്ലയിലുണ്ട്.
ജില്ലയുടെ കിഴക്കുഭാഗത്ത് വിശാലമായ വനപ്രദേശമാണ്. ശെന്തരുണി, തെന്മല, പാലരുവി തുടങ്ങിയ എക്കോ ടൂറിസം കേന്ദ്രങ്ങള്‍ കൊല്ലം ജില്ലയിലെ കിഴക്കന്‍ മലയോര മേഖലയുടെ സൗന്ദര്യമാണ്. പോര്‍ച്ചുഗീസ് കാലം മുതല്‍ കശുവണ്ടി വ്യവസായത്തിന്റെ സിരാകേന്ദ്രമായ കൊല്ലത്ത് നൂറുകണക്കിനു കശുവണ്ടി സംസ്‌കരണ ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നു.
രാജ്യത്തെ ആകെ സംസ്‌കൃത കശുവണ്ടി കയറ്റുമതിയുടെ 75 ശതമാനവും കൊല്ലത്താണ്. ഇന്നും രാജ്യത്തെ ഏറ്റവും വലിയ സംസ്‌കൃത കശുവണ്ടി കയറ്റുമതി കേന്ദ്രമായി തുടരുന്നു. കൊല്ലത്തിന്റെ ഏകദേശം 30 ശതമാനം ഭാഗം അഷ്ടമുടിക്കായല്‍ ആണ്. ജില്ലയുടെ ആകെ ഭൂവിസ്തൃതിയില്‍ 145726 ഹെക്ടര്‍ സ്ഥലം കൃഷിക്ക് ഉപയോഗിക്കുന്നു. ഇത് ആകെ ഭുവിസ്തൃതിയുടെ 56 ശതമാനമാണ്.
ഭൂവിസ്തൃതിയുടെ അടിസ്ഥാനത്തില്‍ വനമേഖലയെ 4 ഡിവിഷനുകളായി തിരിച്ചിരിക്കുന്നു. ഇവയില്‍ അച്ചന്‍കോവില്‍, തെന്മല, പുനലൂര്‍ എന്നിവയുടെ പരിധി പൂര്‍ണമായും ജില്ലയിലാണ്. കേരളത്തിലെ പ്രധാനപ്പെട്ട 5 വന്യജീവി സങ്കേതകേന്ദ്രങ്ങളിലൊന്നായ ശെന്തരുണി ജില്ലയിലെ തെന്മല ഡിവിഷനിലാണ്. തിരുവിതാംകൂര്‍ രാജ്യം നിലനിന്നിരുന്നപ്പോള്‍ അതിന്റെ വാണിജ്യ തലസ്ഥാനം കൊല്ലം ആയിരുന്നു.
കേരളത്തിലെ ആദ്യത്തെ തീവണ്ടിപ്പാത നിലവില്‍ വന്നതും കൊല്ലത്തുതന്നെ. സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നതാണ് കൊല്ലത്തിന്റെ ടൂറിസം മേഖല. നേര്‍ച്ചര്‍ ടൂറിസം, ഹെറിറ്റേജ് ടൂറിസം, കള്‍ച്ചറല്‍ ടൂറിസം, പില്‍ഗ്രിം ടൂറിസം, അഡ്വഞ്ചര്‍ ടൂറിസം തുടങ്ങിയ നിരവധി വിനോദ സഞ്ചാരകേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്. ഭാരതത്തില്‍ തന്നെ ഇക്കോ ടൂറിസം ആദ്യമായി നടപ്പിലാക്കിയത് തെന്മലലയിലാണ്. കേരളത്തിലെ തന്നെ പ്രശസ്തമായ ക്ഷേത്രങ്ങളായ കൊട്ടാരക്കര ക്ഷേത്രവും ഓച്ചിറ ക്ഷേത്രവും ആദ്ധ്യാത്മിക കേന്ദ്രങ്ങളായ മാതാ അമൃതാനന്ദമയി മഠവും പന്മന ആശ്രമവും കൊല്ലം ജില്ലയിലാണ്.
‘കൊല്ല’ത്തിനു പിന്നില്‍
കൊല്ലം എന്ന പേരു വന്നതിനെ പറ്റി നിരവധി അഭിപ്രായങ്ങള്‍ നിലവിലുണ്ട്. കൊല്ലവര്‍ഷത്തിന്റെ ആരംഭമാണ് ഈ പേരിനു കാരണമായതെന്ന വാദമാണ് ഇതില്‍ പ്രധാനം. ചീനഭാഷയില്‍ വിപണി എന്ന അര്‍ത്ഥത്തില്‍ ‘കൊയ്ലണ്‍’ എന്നൊരു വാക്കുണ്ട്. ഈ വാക്കും കൊല്ലം എന്ന പേരും തമ്മില്‍ ബന്ധമുണ്ടെന്നു പറയുന്ന ചരിത്രകാരന്മാരുണ്ട്.
കുരുമുളകിന്റെ സംസ്‌കൃത പദമായ ‘കൊലം’ എന്നതില്‍ നിന്നാണ് ലഭ്യമായെതെന്നും കരുതുന്നുണ്ട്. കോവിലകം അഥവാ കോയില്‍ + ഇല്ലം സ്ഥിതി ചെയ്തിരുന്ന പ്രദേശമെന്ന നിലയില്‍ ‘കോയില്ലം’ എന്നറിയപ്പെട്ടിരുന്ന ഇവിടം പില്‍ക്കാലത്ത് ലോപിച്ച് കൊല്ലം ആയി മാറുകയായിരുന്നുവെന്ന് മറ്റു ചിലര്‍ പറയുന്നു.
ചീനക്കാരുടെ ഭാഷയില്‍ ‘കോലസം’ എന്നാല്‍ ‘വലിയ അങ്ങാടി’ എന്നര്‍ത്ഥമുണ്ടെന്നും അതില്‍ നിന്നാവാം കൊല്ലം എന്ന സ്ഥലനാമമുണ്ടായതെന്നും, എന്നാല്‍ മേല്‍പ്പറഞ്ഞതൊന്നുമല്ല, മറിച്ച്, ‘കോലം’ എന്ന പദത്തിന് ചങ്ങാടമെന്നും വഞ്ചികള്‍ കരയ്‌ക്കടുപ്പിച്ച് കെട്ടുന്ന കുറ്റി എന്നും സംസ്‌കൃതത്തില്‍ അര്‍ത്ഥം കാണുന്നതിനാല്‍ തുറമുഖനഗരം എന്നയര്‍ത്ഥത്തിലാണ് ഈ പ്രദേശത്തിന് കൊല്ലം എന്ന പേരു ലഭിച്ചതെന്നും വാദമുണ്ട്.
രാജകീയ സാന്നിധ്യമെന്നോ രാജവസതിയെന്നോ അര്‍ഥം വരുന്ന കൊലു എന്ന ശബ്ദത്തില്‍ നിന്നാണ് കൊല്ലം ഉണ്ടായതെന്നുള്ള നിഗമനങ്ങളുമുണ്ട്.
ജില്ല രൂപീകൃതം
തിരു-കൊച്ചി സംസ്ഥാനം നിലവില്‍ വന്നപ്പോള്‍ 1949 ജൂലൈ 1 നാണു കൊല്ലം, കുന്നത്തൂര്‍, കരുനാഗപ്പള്ളി, കൊട്ടാരക്കര, പത്തനംതിട്ട, പത്തനാപുരം, ചെങ്കോട്ട, കാര്‍ത്തികപ്പള്ളി, മാവേലിക്കര, തിരുവല്ല, അമ്പലപ്പുഴ, ചേര്‍ത്തല എന്നീ താലൂക്കുകള്‍ ചേര്‍ത്തു കൊല്ലം ജില്ല രൂപീകൃമായത്.
1956 ല്‍ കേരള സംസ്ഥാനം രൂപീകൃതമായപ്പോള്‍ ചെങ്കോട്ട താലൂക്ക് തമിഴ്‌നാടിനോട് കൂട്ടിചേര്‍ക്കപ്പെട്ടു, തിരുവല്ലയുടെ ഒരു ഭാഗം ചെങ്ങന്നൂര്‍ താലൂക്കായി രൂപം കൊണ്ടു. പത്തനംതിട്ടയിലെ റാന്നിയുടെ ഒരു ഭാഗം വനഭൂമി ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിനോടും ചേര്‍ത്തു.
1957 ല്‍ ആലപ്പുഴ ജില്ല നിലവില്‍ വന്നപ്പോള്‍ കാര്‍ത്തികപ്പള്ളി, അമ്പലപ്പുഴ, ചേര്‍ത്തല, മാവേലിക്കര, തിരുവല്ല, ചെങ്ങന്നൂര്‍ താലൂക്കുകള്‍ ആലപ്പുഴയോട് ചേര്‍ത്തു. 1982-ല്‍ പത്തനംതിട്ടയും കുന്നത്തൂര്‍ താലൂക്കിലെ ചില പ്രദേശങ്ങളും ചേര്‍ത്ത് പത്തനംതിട്ട ജില്ല നിലവില്‍ വന്നു.
വാണിജ്യ നഗരം
മുന്‍പ് ക്വയ്‌ലോണ്‍, എന്നും ദേശിങ്ങനാട് എന്നും താര്‍ഷിഷ് എന്നും അറിയപ്പെട്ടിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടില്‍ തിരുവിതാംകൂര്‍ രാജ്യത്തിലെ ഒരു പ്രധാനപ്പെട്ട വാണിജ്യ-വ്യാവസായിക കേന്ദ്രമായി ഈ നഗരം പ്രശസ്തി നേടി. പ്രാചീനകാലം മുതലെ പ്രമുഖ തുറമുഖമായിരുന്നു കൊല്ലം. അറബികള്‍, റോമാക്കാര്‍, ചൈനാക്കാര്‍, ഗ്രീക്കുകാര്‍, ഫിനീഷ്യന്മാര്‍, പേര്‍ഷ്യാക്കാര്‍ തുടങ്ങിയവര്‍ പുരാതന കാലം മുതല്‍ക്കേ കൊല്ലം തുറമുഖവുമായി സജീവമായ വാണിജ്യബന്ധം പുലര്‍ത്തിയിരുന്നു.
പുരാതനമായ വേണാട് നാട്ടുരാജ്യത്തിന്റെ തലസ്ഥാനമായിരുന്നു നൂറ്റാണ്ടുകളുടെ പഴക്കമുള്ള കൊല്ലം നഗരം. കൊല്ലം തുറമുഖം ലോകത്തിലെ ഏറ്റവും വലിയ തുറമുഖങ്ങളില്‍ ഒന്നായിരുന്നെന്നും അങ്ങാടികള്‍ ഏറ്റവും മികച്ചതാണെന്നും ആദ്യകാലസഞ്ചാരികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ചൈനയും അറേബ്യയുമായി ഈ നഗരം വിപുലമായ വാണിജ്യത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇന്ത്യയിലെ ആദ്യത്തെ പ്രിന്റിങ്ങ് പ്രസ് 1576ല്‍ കൊല്ലത്ത് സ്ഥാപിതമായി.
മധ്യ കാലഘട്ടത്തില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തു നിന്ന് ചൈനയിലേക്ക് കപ്പലുകള്‍ പോയിരുന്നത് കൊല്ലം, കോഴിക്കോട് തുറമുഖങ്ങളില്‍ നിന്നു മാത്രമായിരുന്നു. കുരുമുളകു രാജ്യമായ മലബാറിന്റെ തെക്കേ അറ്റത്തെ തുറമുഖമാണ് കൊല്ലമെന്ന് സഞ്ചാരികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
1864-ല്‍ കൊല്ലത്ത് പോസ്റ്റോഫീസും കമ്പിത്തപാലാപ്പീസും, 1868-ല്‍ രജിസ്റ്റര്‍ കച്ചേരിയും സ്ഥാപിതമായി. 1867-ല്‍ കൊല്ലത്ത് സ്ഥാപിതമായ മലയാളം പള്ളിക്കൂടമാണ് ഇവിടുത്തെ ആദ്യത്തെ വിദ്യാലയം. ഭാരതത്തില്‍ തന്നെ ആകെയുള്ള രണ്ടു തൂക്കുപാലങ്ങളിലൊന്ന് ഈ ജില്ലയിലെ പുനലൂര്‍ നഗരത്തിലാണ്.
കൊല്‍ക്കത്തയിലെ ഹൗറാ പാലമാണ് ഇന്ത്യയിലുള്ള മറ്റൊരു തൂക്കുപാലം. ബ്രിട്ടീഷ് എന്‍ജിനീയറിംഗ് വിസ്മയമായ പുനലൂര്‍ തൂക്കുപാലം കല്ലടയാറിനു കുറുകെ 1877-ലാണ് തിരുവിതാംകൂര്‍ രാജാവായിരുന്ന ആയില്യം തിരുനാള്‍ മുന്‍കൈയ്യെടുത്ത് പണികഴിപ്പിച്ചത്.
ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെ കാലത്ത് വിക്ടോറിയ ആശുപത്രി സ്ഥാപിതമായി. ശ്രീനാരായണഗുരു, അയ്യന്‍കാളി എന്നീ നവോത്ഥാനനായകന്മാരുടെ പ്രധാന പ്രവര്‍ത്തനമേഖലയായിരുന്നു കൊല്ലം.
താലൂക്കുകള്‍: കരുനാഗപ്പള്ളി, കുന്നത്തൂര്‍, കൊട്ടാരക്കര, കൊല്ലം, പത്തനാപുരം, പുനലൂര്‍
കോര്‍പ്പറേഷന്‍-കൊല്ലം
നഗരസഭകള്‍: പരവൂര്‍, പുനലൂര്‍, കരുനാഗപ്പള്ളി, കൊട്ടാരക്കര.
നിയമസഭ മണ്ഡലങ്ങള്‍:
കരുനാഗപ്പള്ളി, കുന്നത്തൂര്‍, കുണ്ടറ, കൊട്ടാരക്കര, പത്തനാപുരം, പുനലൂര്‍, ചടയമംഗലം, ചാത്തന്നൂര്‍, ഇരവിപുരം, കൊല്ലം, ചവറ.
ലോക്‌സഭ മണ്ഡലങ്ങള്‍: കൊല്ലം, ആലപ്പുഴ, മാവേലിക്കര
നദികള്‍: കല്ലടയാര്‍, ഇത്തരക്കരയാര്‍
കായലുകള്‍: അഷ്ടമുടി, ശാസ്താംകോട്ട, പരവൂര്‍, ഇടവ-നടയറ
റവന്യു ഡിവിഷന്‍-2, താലൂക്കുകള്‍-6, വില്ലേജ്-104, ബ്ലോക്ക്-13, ഗ്രാമപഞ്ചായത്തുകള്‍-71, നഗരസഭ-4, കോര്‍പ്പറേഷന്‍-1
പ്രതികരിക്കാൻ ഇവിടെ എഴുതുക: