ന്യൂദല്‍ഹി: തുടര്‍ച്ചയായി സമൂഹമാധ്യമ പോസ്റ്റുകളിലൂടെ മണിപ്പൂരിലെ മെയ്തികളെയും കുക്കികളെയും തമ്മിലടിപ്പിച്ച, ഇരുവിഭാഗത്തെയും പൊലീസിനെതിരെ കലാപത്തിന് പ്രേരിപ്പ യുകെ പ്രൊഫസര്‍ ഉദയ് റെഡ്ഡിയുടെ സമൂഹമാധ്യമപേജ് ഇന്ത്യയില്‍ മരവിപ്പിച്ചു. മണിപ്പൂരിനെക്കുറിച്ച് നുണക്കഥകള്‍ പ്രചരിപ്പിച്ച ഈ യുകെയിലെ സര്‍വ്വകലാശാലയില്‍ പഠിപ്പിക്കുന്ന ഇന്ത്യക്കാരനായ പ്രൊഫസര്‍ക്ക് പിന്തുണയുമായി കുക്കി സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷന്‍ (കെഎസ് ഒ) രംഗത്ത് എത്തിയത് പൊലീസിനെ ഞെട്ടിച്ചിരിക്കുകയാണ്. .
നിയമനിര്‍ദേശപ്രകാരമാണ് ഉദയ് റെഡ്ഡിയുടെ സമൂഹമാധ്യമ പേജ് ഇന്ത്യയില്‍ മരവിപ്പിച്ചിരിക്കുന്നത്. പേജ് മരവിപ്പിക്കാന്‍ നിയമപരമായ നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്ന് എക്സ് കമ്പനി ആ പേജ് മരവിപ്പിക്കുകയായിരുന്നു.
തന്റെ സമൂഹമാധ്യമപേജില്‍ നുണകള്‍ നിറച്ച പോസ്റ്റുകളിലൂടെയും വീഡിയോകളിലൂടെയും ഡോ. ഉദയ് റെഡ്ഡി മെയ്തികളെ അധിക്ഷേപിക്കുകയായിരുന്നു. കുക്കികളെ സൈന്യത്തെ ആക്രമിക്കാന്‍ വൈകാരികമായി ഇളക്കിവിടുകയും ചെയ്തു. മെയ്തികളെയും കുക്കികളെയും കുറിച്ച് തെറ്റായ കഥകള്‍ പരത്തി ഡോ. ഉദയ് റെഡ്ഡി ഇരുവിഭാഗത്തെയും തമ്മില്‍തമ്മില്‍ അടിക്കാന്‍ വേണ്ടി ഇളക്കിവിടുകയായിരുന്നു എന്ന് പരാതിപ്പെട്ട് ഒരാള്‍ ഇംഫാല്‍ പൊലീസില്‍ പരാതിനല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് കേസെടുത്തിട്ടുണ്ട്. യുകെയിലെ ബര്‍മിങ്ഹാം യൂണിവേഴ്സിറ്റിയില്‍ കംപ്യൂട്ടര്‍ സയന്‍സ് പഠിപ്പിക്കുന്ന ഇയാള്‍ യുകെയിലിരുന്നു ഓണ്‍ലൈന്‍ വഴി മണിപ്പൂരിലെ ഇരുവിഭാഗത്തെയും ഇളക്കിവിടുകയായിരുന്നു. ഇയാളുടെ വീഡിയോയില്‍ ഇരുവിഭാഗത്തെക്കുറിച്ചും തെറ്റായ ചരിത്രകഥകളാണ് പറയുന്നത്. ഇതുപോലെ വിദേശമണ്ണില്‍ സുരക്ഷിതമായി ഇരുന്ന് ഓണ്‍ലൈന്‍ വഴി ഇന്ത്യയിലുള്ളവരെക്കൊണ്ട് സ്വന്തം രാഷ്‌ട്രീയ അജണ്ട നടപ്പാക്കുന്ന പ്രൊഫസര്‍മാരുടെ എണ്ണം നാള്‍തോറും വര്‍ധിച്ചുവരികയാണ്. മോദി സര്‍ക്കാരിനെതിരെയും ഇന്ത്യയുടെ പ്രഖ്യാപിത വിദേശനയങ്ങള്‍ക്കെതിരെയും നുണക്കഥകള്‍ പറയാന്‍ ചെല്ലുന്ന രാഹുല്‍ ഗാന്ധിയെപ്പോലുള്ളവര്‍ക്ക് ചൂട്ടുപിടിക്കുന്നതും ഇത്തരം പ്രൊഫസര്‍മാര്‍ ഉള്‍പ്പെടുന്ന ഗൂഢസംഘങ്ങളാണ്. ഇയാളുടെ വീഡിയോകള്‍ പരാതിക്കാരന്‍ തെളിവായി സൂക്ഷിച്ചിട്ടുമുണ്ട്. ഉദയ് റെഡ്ഡിയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഇയാള്‍ ബ്രിട്ടനിലായതിനാല്‍ പൊലീസിന് ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. ബ്രിട്ടനിലെ സര്‍വ്വകലാശാലയിലേക്ക് ഫോണ്‍ ചെയ്തെങ്കിലും വ്യക്തമായ മറുപടി ലഭിച്ചില്ല.
ഉദയ് റെഡ്ഡിക്കെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കാനും പരാതിക്കാരന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കിയെന്ന് വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ ഔദ്യോഗികമായി അങ്ങിനെ ഒരു പ്രഖ്യാപനം വന്നിട്ടില്ല. ഇതേക്കുറിച്ച് കേന്ദ്രഏജന്‍സികള്‍ ആലോചിച്ച് വരുന്നു. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളെ യുക്തിരഹിതമായും തെളിവുകള്‍ ഇല്ലാതെയും വിമര്‍ശിക്കുന്നവരുടെ സമൂഹമാധ്യമപേജുകള്‍ മരവിപ്പിക്കുന്നത് ഇതാദ്യമല്ല. സ്വീഡന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മറ്റൊരു പ്രൊഫസറായ അശോക് സ്വെയിനിന്റെ എക്സ് അക്കൗണ്ടും ഇന്ത്യയില്‍ മരവിപ്പിച്ചിട്ടുണ്ട്. പൊലീസിനെയും അര്‍ധസൈനികവിഭാഗങ്ങളെയും ആക്രമിക്കാന്‍ മെയ്തികളെയും കുക്കികളെയും ഡോ. ഉദയ് റെഡ്ഡി പ്രേരിപ്പിച്ചതിനും തെളിവുകളായി ഇയാളുടെ വീഡിയോകള്‍ സൂക്ഷിച്ചിട്ടുണ്ട്.
ബര്‍മിംഗ് ഹാം സര്‍വ്വകലാശാലയില്‍ കമ്പ്യൂട്ടര്‍ പ്രൊഫസറാണ് ഡോ. ഉദയ് റെഡ്ഡി. മണിപ്പൂര്‍ കലാപത്തിന്റെ യഥാര്‍ത്ഥ വേരുകള്‍ കണ്ടെത്താന്‍ ശ്രമിക്കാതെ മെയ്തികളെ പരിഹസിക്കുന്ന വീഡിയോകളും ഇയാള്‍ ചെയ്തിരുന്നു. എന്നാല്‍ ദല്‍ഹിയിലെ കുക്കി സ്റ്റുഡന്‍റ്സ് ഓര്‍ഗനൈസേഷന്‍ ഡോ. ഉദയ് റെഡ്ഡിയെ പിന്തുണച്ച് രംഗത്ത് വന്നതോടെ ഇയാള്‍ വലിയൊരു ശൃംഖലയുടെ കണ്ണിയാണെന്ന് കരുതപ്പെടുന്നു. ഇദ്ദേഹം മെയ്തികളെ അപമാനിക്കുകയല്ല, സത്യങ്ങള്‍ പറയാനാണ് ശ്രമിച്ചതെന്നാണ് കുക്കി സ്റ്റുഡന്‍റ്സ് ഓര്‍ഗനൈസേഷന്റെ അവകാശവാദം. .
ഇയാള്‍ മതപരിവര്‍ത്തകസംഘത്തിന്റെയോ എന്‍ജിഒ സംഘത്തിന്റെയോ ജോര്‍ജ്ജ് സോറോസ് പോലുള്ള വിവിധ രാജ്യങ്ങളിലെ സര്‍ക്കാരുകളെ അട്ടിമറിക്കുന്ന ഗൂഡസംഘത്തിലെ കണ്ണിയോ എന്ന കാര്യമേ ഇനി പുറത്തുവരാനുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: