കോട്ടയം: മുനിപ്പാലിറ്റികളും മറ്റും കെട്ടിടനികുതിക്കൊപ്പം പൊതുജനങ്ങളില്‍ നിന്ന് പിരിച്ചെടുത്ത സെസ് തുക ലൈബ്രറികള്‍ക്ക് നല്‍കിയില്ലെന്ന വാര്‍ത്ത ഞെട്ടിപ്പിക്കുന്നതാണെന്ന് ഗ്രന്ഥശാലാ പ്രവര്‍ത്തകര്‍. ഈ സര്‍ക്കാരിന്റെ സാംസ്കാരികമേഖലയാടുള്ള നിഷേധാത്മകത വെളിപ്പെടുത്തുന്നതാണ് ഈ നിലപാടെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.
വന്‍തോതില്‍ നികുതി വര്‍ദ്ധിപ്പിച്ച് ജനരോഷം ക്ഷണിച്ചുവരുത്തിയ തദ്ദേശ സ്വയംഭരണ വകുപ്പ്, പൊതുജനങ്ങളില്‍ നിന്ന് പിരിച്ച സെസ് തുകയും വകമാറ്റുകയാണ് ചെയ്തത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള കെട്ടിട നികുതിയുടെ അഞ്ചു ശതമാനമാണ് ലൈബ്രറി സെസ് ആയി പിരിച്ചെടുക്കുന്നത് . ഇത് ലൈബ്രറി കൗണ്സിലിനുള്ളതാണ്. എന്നാല്‍ പല കോര്‍പ്പറേഷനുകളും മുനിസിപ്പാലിറ്റികളും പഞ്ചായത്തുകളും ഈ തുക ലൈബ്രറി കൗണ്‍സിലിന് കൈമാറിയിട്ടില്ല. ഇത്തരത്തില്‍ 60 കോടിയോളം രൂപ ലൈബ്രറി കൗണ്‍സിലില്‍ അടയ്ക്കാതെ തദ്ദേശസ്വയംഭരണ വകുപ്പ് വകമാറ്റി എന്നാണ് അറിയുന്നത്.
ഇതോടെ ലൈബ്രേറിയന്മാരുടെ ഓണറേറിയം ഉള്‍പ്പെടെ മുടങ്ങി. ഗ്രന്ഥശാലകള്‍ക്ക് ഗ്രാന്‍ഡ് നല്‍കിയിട്ടില്ല. പുസ്തകോല്‍സവങ്ങള്‍ നടത്തിയിട്ടില്ല. കൊച്ചി കോര്പ്പറേഷന് മാത്രം 16 കോടി രൂപ അടയ്ക്കാനുള്ളതാണ് പുറത്തുവന്നിരിക്കുന്ന വിവരം. പാലക്കാട്, ആലപ്പുഴ നഗരസഭകളും കോടിക്കണക്കിനു രൂപ നല്‍കാനുണ്ട്. ചുരുക്കം ചില തദ്ദേശ സ്ഥാപനങ്ങള്‍ മാത്രമാണ് സെസ് കൈമാറിയിട്ടുള്ളത്. ലൈബ്രറി സെസ് ഉടന്‍ കൈമാറിയില്ലെങ്കില്‍ ലൈബ്രറി കൗണ്‍സില്‍ പ്രവര്‍ത്തനവും ഒപ്പം പ്രാദേശിക ലൈബ്രറികളുടെ പ്രവര്‍ത്തനവും താറുമാറാവുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: