കോട്ടയം: മക്കള്‍ രാഷ്ട്രീയത്തിലൂടെ വളരുകയും പിളരുകയും ചെയ്യുന്ന കേരള കോണ്‍ഗ്രസ് ഗ്രൂപ്പുകളിലേക്ക് ഒരു തലമുറകൂടി. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം എക്സിക്യൂട്ടീവ് ചെയര്മാന് മോന്‍സ് ജോസഫിന്റെ മകള്‍ മരീന മോന്‍സ് ആണ് കേരള കോണ്‍ഗ്രസ് മക്കള്‍ രാഷ്ട്രീയത്തിലെ പുതിയ ഉദയം.
ഫ്രാന്‍സിസ് ജോര്‍ജും പിസി തോമസും ജോസ് കെ മാണിയും ഗണേഷ് കുമാറും എന്‍. ജയരാജും അനൂപ് ജേക്കബും അപു ജോസഫും ഷോണ്‍ ജോര്‍ജും അടക്കം വലിയൊരു മക്കള്നിര ഇപ്പോള്‍തന്നെ വിവിധ കേരള കോണ്‍ഗ്രസ് ഗ്രൂപ്പുകളിലുണ്ട്. ഇക്കൂട്ടത്തിലേക്കാണ് മാന്നാനം സെന്റ് ജോസഫ് ട്രെയിനിങ് കോളേജ് വിദ്യാര്‍ത്ഥിനിയായ മരീനയും എത്തുന്നത്.
മൂവാറ്റുപുഴ നിര്‍മ്മല കോളേജില്‍ പഠിക്കുമ്പോള്‍ കോളേജ് യൂണിയന് ഭാരവാഹി ആയിരുന്നു. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം കെഎസ്സിയുടെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിട്ടാണ് മരീനയുടെ അരങ്ങേറ്റം.
കേരള കോണ്‍ഗ്രസ് സ്ഥാപക നേതാക്കളായ പി ടി ചാക്കോ, കെ എം ജോര്‍ജ്, ആര് ബാലകൃഷ്ണപിള്ള, കെഎം മാണി തുടങ്ങിയവര്‍ ജീവിച്ചിരിപ്പില്ലെങ്കിലും ഇവരുടെയെല്ലാം മക്കള്‍ കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വിവിധ ഗ്രൂപ്പുകളിലായി സജീവമാണ് . നിലവില്‍ 12 ഓളം കേരള കോണ്‍ഗ്രസുകള്‍ വിവിധ മുന്നണികളിലായുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: