പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും ആധുനിക വൈദ്യനുമായിരുന്ന ഡോ. ബിദാന്‍ ചന്ദ്ര റോയിയോടുള്ള ആദരസൂചകമായാണ് എല്ലാ വര്‍ഷവും ജൂലൈ ഒന്ന് ദേശീയ ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത്. ഇതേ ദിവസമാണ് അദ്ദേഹത്തിന്റെ ജനന ചരമദിനങ്ങള്‍ വരുന്നതും. 1991 മുതലാണ് ഈ ദിനം ഡോക്ടേഴ്സ് ദിനമായി ആചരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുന്നത്.
സര് വില്യം ഓസ്ലെര് 19-ാം നൂറ്റാണ്ടില്‍ പറഞ്ഞ പോലെ ആധുനികവൈദ്യം മാറിക്കൊണ്ടിരിക്കുന്ന ഒരു ശാസ്ത്രശാഖയും സംഭാവ്യതയുടെ ഒരു കലയുമാണ്.
ഏത് പ്രതികൂല സാഹചര്യത്തിലും തങ്ങളുടെ കടമകള്‍ നിറവേറ്റുകയും ,രോഗികള്‍ക്ക് മികച്ചതും നിസ്വാര്‍ഥവുമായ സേവനം നല്‍കുകയും ചെയ്യുന്നവരാണ് ഡോക്ടര്‍മാര്‍. സമൂഹത്തിന്റെ ആരോഗ്യത്തിനായി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരുടെ പരിശ്രമങ്ങള്‍ക്ക് നന്ദി അറിയിക്കുന്നതിന് പകരം അവരെ സാത്താന്മാരായി ചിത്രീകരിക്കുന്ന പ്രവണത ചില കോണുകളില്‍ നിന്നുണ്ടാവുന്നതു അപലപനീയമാണ്.
ഇന്നത്തെ ലോകത്ത് ആരോഗ്യ സംരക്ഷണത്തിന് ഡോക്ടര്‍മാരുടെ ,വിശിഷ്യാ കുടുംബഡോക്ടര്മാരുടെ പങ്ക് അത്യന്താപേക്ഷിതവും അനിവാര്യവുമാണ്. കൊവിഡിനുശേഷം ലോകമൊട്ടുക്കും നിരവധി ആരോഗ്യ പ്രതിസന്ധികള്‍ ഉയരുന്നുണ്ട്. നിര്‍മാര്‍ജ്ജനം ചെയ്ത പല അസുഖങ്ങളും തിരിച്ചു വരുന്നതും ,ആയുര്‍ദൈര്‍ഘ്യവര്‍ധന മൂലമുള്ള രോഗങ്ങളും , ജീവിതശൈലീ രോഗവര്ധനയും ഭാരതം പോലെ ഒരു രാജ്യത്തു ഡോക്ടര്‍മാരുടെ ജോലി കൂടുതല്‍ ദുഷ്കരവും നിര്ണായകവുമാക്കുന്നു.
21ാം നൂറ്റാണ്ടില്‍ ആധുനിക വൈദ്യശാസ്ത്രത്തിലെ സാങ്കേതിക വളര്‍ച്ച കൃത്രിമബുദ്ധി ഉപയോഗം വരെ എത്തിനില്‍ക്കുന്നു എന്നത് അഭിമാനകരമാണ് . ഒരു പരിധിവരെ രോഗനിര്‍ണയത്തില്‍ ഇത് വന്‍സാധ്യതകളാണ് തുറക്കുക . അതോടൊപ്പം ടെലിമെഡിസിന്‍, ആധുനിക സര്‍ജറി സാങ്കേതികവിദ്യകള്‍, ജനിതക ഗവേഷണങ്ങള്‍ തുടങ്ങി അനേകം പുതിയ സാങ്കേതിക വിദ്യകള്‍ ഡോക്ടര്‍മാരുടെ കഴിവുകളും ,സേവന നിലവാരവും ഉയര്‍ത്തികൊണ്ടിരിക്കുന്നു .ഈ രീതികള്‍ രോഗികളുടെ ആരോഗ്യനില മെച്ചപ്പെടുത്തുന്നതിനും രോഗനിര്‍ണയം എളുപ്പമാക്കുന്നതിനും സഹായിച്ചു.
ആധുനിക ഡോക്ടര്‍മാര്‍ക്ക് ആത്മവിശ്വാസവും പുതിയ പരിചരണ രീതികളും ഉണ്ടായിരിക്കുമ്പോഴും, മുന്‍കാലങ്ങളില്‍ നിന്ന് പാഠങ്ങള്‍ പഠിക്കേണ്ടതുണ്ട്. മനുഷ്യ സ്നേഹവും, സഹാനുഭൂതിയും, കരുതലും ഇപ്പോഴും വൈദ്യവൃത്തിയിലെ നിര്‍ണായക മൂല്യങ്ങളാണ്. ഡോക്ടര്‍മാര്‍ ഈ മൂല്യങ്ങള്‍ കൂടെ സൂക്ഷിക്കാന്‍ പരമാവധി ശ്രമിക്കുമ്പോഴും ,അവര്‍ നേരിടുന്ന വെല്ലുവിളികള്‍ ചെറുതല്ല എന്നോര്‍ക്കണം.
ആരോഗ്യ സംരക്ഷണ രംഗത്ത് നടന്ന പരിഷ്കാരങ്ങള്‍ക്കൊപ്പം, ഡോക്ടര്‍മാര്‍ക്ക് അവരുടെ ആരോഗ്യവും മാനസിക നിലയും സംരക്ഷിക്കാന്‍ വേണ്ട പിന്തുണ ഇവിടെ തികച്ചും ശുഷ്കമാണ്. ജോലി ചെലവുകളും ,തൊഴിലിടത്തെ മാനസിക സമ്മര്‍ദ്ദവും കൂടുന്നത് ഡോക്ടര്‍മാരില്‍ ആത്മഹത്യാ പ്രവണത വര്‍ധിക്കുന്നതിനും കാരണമായിട്ടും മാറി വരുന്ന സര്‍ക്കാരുകള്‍ യാതൊരു പരിഗണനയും ഈ വിഷയത്തില്‍ നല്‍കുന്നില്ല. ഇവര്‍ക്കുള്ള പിന്തുണയും പരിരക്ഷയും ആരോഗ്യ വ്യവസ്ഥയുടെ ഭാവിക്ക് അനിവാര്യമാണ് .
ഡോ. വന്ദനയുടെ രക്തത്തിന്റെ നോവുള്ള ഓര്‍മ്മ കൂടിയാണ് ഇത്തവണയും ഡോക്ടേഴ്സ് ഡേ. ആശുപത്രിക്കുള്ളില്‍ ഡോക്ടര്‍മാര്‍ എത്രത്തോളം സുരക്ഷിതരാണ് എന്നു വിളിച്ചോതുന്ന ആ സംഭവം ചില നിയമങ്ങള്‍ എഴുതി ഉണ്ടാക്കാന്‍ നിമിത്തമായെങ്കിലും, ഇപ്പോളും നിരവധി അക്രമങ്ങള്‍ നടക്കുന്നു എന്നതാണ് വസ്തുത. ആ മുറിവ് ഉണങ്ങും മുന്‍പേ ,നൈറ്റ് ഡ്യൂട്ടിയുടെ ഇടനാഴികളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഇന്നും അരക്ഷിതാവസ്ഥ നേരിടുന്നു എന്നത് ലജ്ജാകരമാണ് .
എങ്ങനെ രോഗി മരിച്ചാലും അത് കൃത്യവിലോപമെന്നും, മെഡിക്കല്‍ കോംപ്ലിക്കേഷന്സിനെ ഡോക്ടറുടെ കൈയ്യബദ്ധമെന്നും കണ്ട്, ഡോക്ടര്‍ക്കും ആശുപത്രിക്കുമെതിരെ പൊതുവികാരം തിരിക്കുന്നത് ഒരു സാമൂഹികവിപത്തായി മാറിയിരിക്കുന്നു . ഇതിനു പരിഹാരം കണ്ടേ മുന്നോട്ട് പോകാന്‍ കഴിയു .
‘ഡോക്ടര്‍ ഷോപ്പിംഗ് ‘എന്ന് വിളിക്കാവുന്ന തരത്തില്‍ രോഗി ഒരു ഡോക്ടറെയും വിശ്വസിക്കാതെ, ഒരു ഡോക്ടറില്‍ നിന്ന് മറ്റൊരു ഡോക്ടറിലേക്കു കറങ്ങി നടന്നു ചികിത്സ വൈകിപ്പിച്ചു അവസാനം വ്യാജചികിത്സകരാല് വഞ്ചിതരാവുന്നതാണ് അടുത്ത വിപത്ത്.
ഇവിടെയാണ് വിശ്വാസത്തിനും സഹാനുഭൂതിക്കും വളരെ മൂല്യം കല്‍പ്പിക്കുന്ന ആധുനിക വൈദ്യം തോറ്റു പോകുന്നത്. ഇന്ത്യന്‍ മെഡിക്കല്‍ സര്‍വീസ് എന്ന ഒരു പുതിയ മേഖല തുടങ്ങേണ്ടതും അനിവാര്യമാണ്.
സ്വകാര്യ മേഖല ആരോഗ്യ രംഗത്തും അനിവാര്യമാണ് . ഇവിടെ കോര്‍പ്പറേറ്റ് ഭീമന്മാരെ മാത്രം സംരക്ഷിക്കാതെ ചെറുകിട മധ്യവര്‍ത്തി ആശുപത്രികളുടെ നിലനില്‍പ്പും അത്യന്താപേക്ഷിതമാണ്. അല്ലാത്ത പക്ഷം സമയത്തു ചികിത്സ ലഭിക്കാതെ നിസ്സാര അസുഖങ്ങള്ക്കുവരെ വന്‍കിട ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥ വരും.
അമരത്വം നല്‍കാനുള്ള ഒരു തൊഴില്‍ അല്ല വൈദ്യശാസ്ത്രം. പക്വതയോടെ സുരക്ഷിത ചുറ്റുപാടില്‍ വൈദ്യവൃത്തി ചെയ്യാന്‍ ഡോക്ടര്‍മാരെ അനുവദിക്കണം. കപട പ്രചാരണങ്ങള്‍ നടത്താന്‍ ഏതു കോണില്‍ നിന്ന് ശ്രമിച്ചാലും അത് മുളയിലേ നുള്ളാന്‍ സമൂഹം ഒറ്റക്കെട്ടായിനില്ക്കുകയും വേണം.
(ലേഖകന്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് ന്യൂറോളജിസ്റ്റും വിവി ന്യൂറോ ക്ലിനിക് ഡയറക്ടറും ഉപാസന ന്യൂറോ സയന്‍സസ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ ലീഡ് ന്യൂറോളജിസ്റ്റുമാണ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: