കൊച്ചി: ബഹുമുഖവിഷയങ്ങളില്‍ പാണ്ഡിത്യമുണ്ടായിരുന്ന പ്രതിഭയായിരുന്നു കേരളത്തിലെ പക്ഷികളുടെ രചയിതാവായ കെ.കെ നീലകണ്ഠന് എന്ന ഇന്ദുചൂഡനെന്ന് പ്രൊഫ. എം.കെ. സാനു. ഇന്ദുചൂഡന് ഫൗണ്ടേഷന് സംഘടിപ്പിച്ച പക്ഷിചിത്ര പ്രദര്‍ശനത്തിന്റെ സമാപനദിനമായ ഇന്നലെ ദര്‍ബാര്‍ ഹാളില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വ്യത്യസ്തകളുടെ പാഠമാണ് പക്ഷികളും പ്രകൃതിയും പഠിപ്പിക്കുന്നതെന്ന് സുനില്‍ പി. ഇളയിടം പറഞ്ഞു. ഇന്ദുചൂഡന്റെ സുവിശേഷം പ്രചരിപ്പിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഫൗണ്ടേഷന്റെ സംഘാടകരിലൊരാളായ വി.കെ. ശ്രീരാമന് പറഞ്ഞു. ഇന്ദുചൂഡന്റെ ജീവചരിത്രകാരനും സന്തതസഹചാരിയുമായിരുന്ന സുരേഷ് ഇളമണ്‍, പ്രദര്‍ശനത്തിന്റെ ക്യൂറേറ്റര്‍മാരിലൊരാളായ എം. രാമചന്ദ്രന് എന്നിവരും പ്രസംഗിച്ചു. നടന് മമ്മൂട്ടിയും പക്ഷിച്ചിത്രങ്ങളെടുക്കുന്നതില്‍ ലോകപ്രശസ്തയായ ജെയിനി കുര്യാക്കോസുമടക്കം ഇരുപത്തിമൂന്നു ഛായാഗ്രാഹകന്മാരുടെ 61 ഫോട്ടോകളാണ് പ്രദര്‍ശനത്തിലുണ്ടായിരുന്നത്.
മമ്മൂട്ടിയെടുത്ത ഇലത്തുമ്പില്‍ വിശ്രമിക്കുന്ന നാട്ടുബുള്‍ബുളിന്റെ ചിത്രം ഫൗണ്ടേഷന്റെ ധനശേഖരണാര്‍ത്ഥം ലേലത്തില്‍ വിറ്റു. ഒരു ലക്ഷം രൂപ അടിസ്ഥാനവിലയിട്ട ചിത്രം കോട്ടയ്ക്കല്‍ സ്വദേശിയും ലീന ഗ്രൂപ്പ് കമ്പനികളുടെ ചെയര്‍മാനുമായ അച്ചു ഉള്ളാട്ടിലാണ് മൂന്നു ലക്ഷം രൂപയ്ക്ക് ലേലത്തില്‍ പിടിച്ചത്. ചിത്രം വി.കെ ശ്രീരാമന് അച്ചു ഉള്ളാട്ടിലിന്റെ പ്രതിനിധി രാമചന്ദ്രനു കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: