ന്യൂദല്‍ഹി: രാഷ്ട്രപതിയുടെ നയപ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ച ബഹിഷ്ക്കരിച്ച് ബഹളമുണ്ടാക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി ഇന്‍ഡി നേതാക്കള്‍. പാര്‍ലമെന്റ് സമ്മേളനത്തിന്റെ രണ്ടാംവാരത്തിലും സഭാ നടപടികളുമായി സഹകരിക്കില്ലെന്ന സൂചനയാണ് പ്രതിപക്ഷം നല്‍കുന്നത്. നീറ്റ് വിഷയത്തില്‍ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കണമെന്ന നിലപാടില്‍ നിന്ന് മാറാത്ത പ്രതിപക്ഷ നിലപാട് സഭാ സ്തംഭനത്തിന് വഴിവെയ്ക്കുന്നു.
ഇരുസഭകളിലും ഇന്ന് രാവിലെ മുതല്‍ നന്ദിപ്രമേയ ചര്‍ച്ച ആരംഭിക്കും. 21 മണിക്കൂറാണ് ലോക്സഭയിലും രാജ്യസഭയിലും ചര്‍ച്ച. രാജ്യസഭയില്‍ വെള്ളിയാഴ്ച വൈകിട്ട് വരെ ചര്‍ച്ച നടന്നിരുന്നു. നാളെയും മറ്റന്നാളുമായി ലോക്സഭയിലും രാജ്യസഭയിലും പ്രധാനമന്ത്രി മോദി മറുപടി നല്‍കും. നീറ്റ് പരീക്ഷാ ചോര്‍ച്ച, അഗ്നിപഥ് പദ്ധതി തുടങ്ങിയ വിഷയങ്ങളുയര്‍ത്തി ബഹളമുണ്ടാക്കാനാണ് പ്രതിപക്ഷ തീരുമാനം. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നുവെന്നാരോപിച്ച് ആപ്പ് എംപിമാര്‍ ഇന്ന് പ്രതിഷേധിക്കുമെന്ന് ആപ്പ് നേതാവ് സഞ്ജയ് സിങ് അറിയിച്ചു.
ആപ്പിന് ജനങ്ങളുടെ പ്രശ്നങ്ങളൊന്നും അറിയേണ്ടതില്ലെന്നും അവര്‍ക്ക് ആഭ്യന്തര പ്രശ്നങ്ങള്‍ പരിഹരിക്കുക എന്നതു മാത്രമാണ് അജണ്ടയെന്നും ആരോപിച്ച് ദല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ ദേവന്ദര്‍ യാദവ് രംഗത്തെത്തിയത് ഇന്‍ഡി സഖ്യത്തിലെ ഭിന്നതയുടെ തെളിവായി.
ബംഗാളിലെ കൂച്ച് ബിഹാറില്‍ മുസ്ലിം യുവതിയെ നഗ്നയാക്കി മര്‍ദ്ദിച്ച സംഭവത്തിന്റെ പേരില്‍ കോണ്‍ഗ്രസും സിപിഎമ്മും മമതാ സര്‍ക്കാരിനെതിരെ അതിശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
തൃണമൂല്‍ നേതാവ് സ്ത്രീയെ പരസ്യ വിചാരണ നടത്തി മര്‍ദ്ദന ശിക്ഷ നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ബിജെപിയും ബംഗാള്‍ സര്‍ക്കാരിനെതിരായ പ്രതിഷേധം ശക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: