ലഖ്നൗ: ഉത്തര്‍ പ്രദേശ് ഇന്ന് മുതല്‍ ഒരാഴ്ച വനമഹോത്സവം സംഘടിപ്പിക്കും. പൈതൃക മരങ്ങള്‍ സംരക്ഷിക്കുന്നതിനും തോട്ടപരിപാലനം ശീലമാക്കുന്നതിനും ആഹ്വാനം ചെയ്യുന്നതാണ് പരിപാടി.
വനമഹോത്സവത്തിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം പ്രഭാതഭേരിയും തെരുവുനാടകങ്ങളും സംഘടിപ്പിക്കും. സ്കൂള്‍ കുട്ടികളെ പരിസ്ഥിതിയെ കുറിച്ച് ബോധവാന്മാരാക്കുന്നതിന് നിരവധി മത്സരങ്ങളും നടത്തും.
ജനങ്ങളെ പൊറുതിമുട്ടിച്ച ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തില്‍ പരിസ്ഥിതി സംരക്ഷണത്തിനും മഴവെള്ള സംഭരണത്തിനും സര്‍ക്കാര്‍ ഊന്നല്‍ നല്‍കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. വനമഹോത്സവത്തിന്റെ കാലയളവില്‍ ഒന്നോ രണ്ടോ ഫലവൃക്ഷങ്ങളെങ്കിലും നട്ടുപിടിപ്പിക്കണമെന്ന് ജനങ്ങളോട് അദ്ദേഹം ആഹ്വാനം ചെയ്തു.
നദീതടങ്ങളുടെ സംരക്ഷണത്തിനും പുനരുജ്ജീവനത്തിനുമായി തണ്ണീര്‍ത്തടങ്ങളുടെ വൃഷ്ടിപ്രദേശത്തും തീരങ്ങളിലും വൃക്ഷത്തൈകള്‍ നടും. കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ച ഏക് പേഡ് മാ കേ നാം കാമ്പയിന് എല്ലാവരിലും എത്തിക്കും. ഉത്തര്‍പ്രദേശിന്റെ പച്ചപ്പ് നിലനിര്‍ത്താന്‍ ഈ വര്‍ഷം 35 കോടി വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: