ഭാരതം രണ്ടാം ട്വന്റി20 ലോക കിരീടം നേടിയതില്‍ ടീമിലെ താരങ്ങളില്‍ പലരേയും ആവേശത്തിലാഴ്ത്തിയത് മറ്റൊരു വസ്തുതകൂടി കണക്കിലെടുത്താണ്. ടൂര്‍ണമെന്റിലുടനീളം ഏതെങ്കിലുമൊരു താരം സ്ഥിരത പുലര്‍ത്തിയിട്ടുണ്ടെങ്കില്‍ അത് ജസ്പ്രീത് ബുംറ മാത്രമാണ്. എല്ലാ കളികളിലും ബൗളിങ്ങില്‍ തന്റെ റോള്‍ അങ്ങേയറ്റം ഗംഭീരമാക്കുന്ന മാസ്മരിക പ്രകടനം.
ഏതെങ്കിലും ഒരു മത്സരത്തില്‍ അഞ്ച് വിക്കറ്റ് നേട്ടമോ മറ്റോ ഇല്ലായിരിക്കാം. പക്ഷെ വലംകയ്യില്‍ പന്തെടുത്ത് അല്‍പ്പം മുന്നോട്ടൊന്ന് താളത്തില്‍ ആഞ്ഞ്, വളരെ കുറച്ച് മാത്രം റണ്ണപ്പെടുത്ത് ബുംറ എറിയുന്ന പന്തുകളെ നേരിടാന്‍ ബാറ്റര്‍മാര്‍ ഏറെ പാടുപെട്ടിരുന്നു. ഫൈനലില്‍ വിജയമുറപ്പിച്ചു നില്‍ക്കെ ദക്ഷിണാഫ്രിക്ക 16-ാമത്തെ മാത്രം ഓവര്‍ കഴിയുമ്പോള്‍ വലിയ സമ്മര്‍ദ്ദത്തിലായതിന് കാരണം മാത്രം മതി ഈ പേസറുടെ മികവിന്റെ അളവുകോലിന്.
ഇത്തവണ നസ്സാവു കൗണ്ടി സ്റ്റേഡിയത്തില്‍ ഭാരതത്തിന്റെ ആദ്യ മത്സരത്തില്‍ കളിയിലെ താരമായിരുന്നു. അതു മുതല്‍ ഇതുവരെ എല്ലാ മത്സരത്തിലും ബുംറ എന്ന ബൗളറുടെ ഇക്കണോമി നിരക്കില്‍ മാറ്റമുണ്ടായിട്ടില്ല. വലിയ ആവേശത്തിന്റെ വിക്കറ്റ് നേട്ടങ്ങളില്ല. ഓരോ മത്സരത്തിലും വിക്കറ്റ് നേടിയിട്ടുണ്ട്. ബുംറ കയ്യില്‍ പന്തെടുത്തെറിയാനെത്തുമ്പോള് സ്ട്രൈക്ക് ചെയ്യുന്ന ബാറ്റര്മാത്രമല്ല. എതിര് ടീം ക്യാമ്പും ആരാധകരും ഒന്നടങ്കം സമ്മര്‍ദ്ദത്തിലാകുകയാണ്.
ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് ബുംറ പറഞ്ഞു- മത്സരശേഷം കരയേണ്ടതിന്റെയൊന്നും ആവശ്യമില്ല. വൈകാരികതയ്ക്കപ്പുറം ഏറ്റെടുക്കുന്ന ദൗത്യ കൃത്യമായി നടപ്പിലാക്കുകയാണ് വേണ്ടത്, വരാനുള്ളത് തേടിയെത്തിയിരിക്കും. സീനിയര്‍ താരങ്ങള്‍ കളി മതിയാക്കുമ്പോള് വരുന്ന തലമുറകള്‍ക്ക് പ്രചോദനമേകുന്ന വാക്കുകളായിരുന്നു അത്. മത്സരശേഷം ഹാര്‍ദിക് പാണ്ഡ്യ, മുഹമ്മദ് സിറാജ്, സംഞ്ജു സാംസണ് എല്ലാവരും പ്രകീര്‍ത്തിച്ചത് ബുംറയെ കുറിച്ചായിരുന്നു. ഈ ലോകകപ്പിലുടനീളം കാഴ്ച്ചവച്ച അത്യുഗ്രന്‍ പ്രകടനം മറ്റാരെക്കാളും ജസ്സീ ബായി(ബുംറ) അര്‍ഹിച്ചിരുന്നു, താരത്തിന് മാന്‍ ഓഫ് ദി സീരീസ് കിട്ടിയത് ഇരട്ടിസന്തോഷം പകരുന്നു- അവരെല്ലാം ഒരേ സ്വരത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: