തിരുവല്ല : പീഡനക്കേസിലെ പ്രതിയായ നേതാവിനെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതിനെ തുടര്‍ന്ന് തിരുവല്ല സിപിഎമ്മില്‍ തര്‍ക്കം രൂക്ഷം. കഴിഞ്ഞ ദിവസം ചേര്‍ന്ന ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി യോഗം കയ്യാങ്കളിയോളമെത്തി.
സജിമോനെതിരെ തിരുവല്ല സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് സമീപത്ത് പോസ്റ്ററുകള്‍ പതിച്ചു. തിരുവല്ല പൗരസമിതി എന്ന പേരിലാണ് പോസ്റ്ററുകള്‍.
അവിഹിതത്തില്‍ ജനിച്ച കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കണമെന്നാണ് പോസ്റ്ററില്‍ പറയുന്നത്.
കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ ഇടപെട്ടാണ് സജിമോനെ നേരത്തേ പുറത്താക്കിയിരുന്നത്. എന്നാല്‍ ഔദ്യോഗിക വിഭാഗം ഇടപെട്ടതിനെ തുടര്‍ന്ന് കണ്‍ട്രോള്‍ കമ്മീഷന്‍ തിരിച്ചെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി.സജിമോനെ തിരിച്ചെടുത്തതില്‍ ഒരു തെറ്റുമില്ലെന്നും പരാതിയുള്ളവര്‍ക്ക് പാര്‍ട്ടിയുടെ ഉപരി കമ്മിറ്റികളെ സമീപിക്കാമെന്നും സിപിഎം തിരുവല്ല ഏരിയാ സെക്രട്ടറി ഫ്രാന്‍സിസ് വി.ആന്റണി പറഞ്ഞു.
സജിമോന് എതിരായ കേസുകളില്‍ വിധി പറയേണ്ടത് കോടതിയാണെന്നും പാര്‍ട്ടിക്ക് അതില്‍ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. സജിമോനെ തിരിച്ചെടുത്തത് റിപ്പോര്‍ട്ട് ചെയ്യാന്‍ ചേര്‍ന്ന ലോക്കല്‍ കമ്മിറ്റിയില്‍ തര്‍ക്കമുണ്ടായിട്ടില്ലെന്നാണ് തിരുവല്ല ഏരിയാ സെക്രട്ടറിയുടെ വാദം. പോസ്റ്ററുകള്‍ പതിച്ചത് ആരാണ് എന്ന് അന്വേഷിക്കും.
അതേസമയം പാര്‍ട്ടിയെയും തന്നെയും മനപ്പൂര്‍വം അപമാനിക്കാനാണ് പോസ്റ്ററുകളെന്ന് സി.സി.സജിമോന്‍ പറഞ്ഞു. ഇല്ലാത്ത കാര്യങ്ങളാണ് പോസ്റ്ററില്‍ പറയുന്നത്. ചുവന്ന തിരുവല്ല എന്ന ഫേസ്ബുക്ക് പേജിലൂടെ ഒരു വിഭാഗം കുറേക്കാലമായി വ്യാജ പ്രചരണം നടത്തുന്നു. ഫേസ്ബുക്ക് പേജ് തുടങ്ങിയത് തന്നെ അപമാനിക്കാനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: