തിരുവനന്തപുരം: 1994ല്‍ രൂപം കൊണ്ട് അമ്മ എന്ന അഭിനേതാക്കളുടെ സംഘടനയ്ക്ക് പിന്നില്‍ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയായിരുന്നു. ഒരു സിനിമാ നിര്‍മ്മാതാവില്‍ നിന്നും വേദന നിറയ്ക്കുന്ന ഒരു അവഗണന ഏറ്റുവാങ്ങിയപ്പോഴാണ് സുരേഷ് ഗോപിയുടെ മനസ്സില്‍ ‘അമ്മ’ എന്ന ആശയം രൂപം കൊണ്ടത്. കൃത്യമായി പറഞ്ഞാല്‍ 1994 മെയ് 31ന് തിരുവനന്തപുരത്തെ പഞ്ചായത്ത് ഹാളിലാണ് അമ്മ എന്ന സംഘടന രൂപം കൊണ്ടത്.
പണ്ട് ഒരിയ്ക്കല്‍ അത്ര താരമല്ലാതിരുന്ന കാലത്ത് ഒരു സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ മിനറല്‍ വാട്ടര്‍ ആവശ്യപ്പെട്ടപ്പോള്‍ സിനിമയുടെ നിര്‍മ്മാതാവില്‍ നിന്നുണ്ടായ വേദന നിറഞ്ഞ പ്രതികരണം സുരേഷ് ഗോപിയ്ക്ക് മറക്കാനാവുമായിരുന്നില്ല. തന്റെ ഈ ദുരനുഭവം കൂട്ടുകാരായ മറ്റ് നടന്മാരായ മണിയന്‍പിള്ള രാജുവിനോടും ഗണേഷ് കുമാറിനോടും പങ്കുവെച്ചു. അങ്ങിനെ ഉദിച്ച ആശയമാണ് അഭിനേതാക്കള്‍ക്ക് ഒരു സംഘടന രൂപീകരിയ്ക്കുക എന്നത്. അങ്ങിനെയാണ് അമ്മ രൂപം കൊള്ളുന്നത്.
ഇന്ന് 25 വര്‍ഷത്തിന് ശേഷം സുരേഷ് ഗോപി വീണ്ടും അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കുമ്പോള്‍ കേന്ദ്രമന്ത്രിയായും ചടങ്ങിലെ മുഖ്യാതിഥിയായും ആണ് എത്തുന്നത്. കൂടെ അന്ന് അമ്മ രൂപീകരണത്തിന് കൂട്ടായി നിന്ന മന്ത്രിയായി ഗണേഷ് കുമാറും വേദിയില്‍ എത്തും. കേന്ദ്രമന്ത്രിയെയും സംസ്ഥാനമന്ത്രിയെയും ആദരിയ്ക്കുന്ന ഈ ചടങ്ങിന് മറ്റ് അമ്മ അംഗങ്ങള്‍ സാക്ഷികളാവും.
1994ല്‍ സംഘടന രൂപീകരിക്കുമ്പോള്‍ സുരേഷ് ഗോപിയും ഗണേഷ് കുമാറും മണിയന്‍പിള്ള രാജുവും 10000 രൂപ വീതമാണ് എടുത്തത്. അന്ന് എം.ജി. സോമന് പ്രസിഡന്റും ടി.പി. മാധവന് സെക്രട്ടറിയും മോഹന്‍ലാലും മമ്മൂട്ടിയും വൈസ് പ്രസിഡന്റുമാരുമായി. അമ്മയുടെ രൂപീകരണത്തിന് കാരണക്കാരായ സുരേഷ് ഗോപി, ഗണേഷ് കുമാര്‍, മണിയന്‍പിള്ള രാജു എന്നിവര്‍ എക്സിക്യൂട്ടീവ് അംഗങ്ങളുമായി.
1997ല്‍ ആണ് സുരേഷ് ഗോപി അവസാനമായി അമ്മയുടെ യോഗത്തില്‍ പങ്കെടുത്തത്. ഇപ്പോള്‍ 27 വര്‍ഷത്തെ ഇടവേള. അറേബ്യന്‍ ഡ്രീംസ് എന്ന താരനിശയുമായി ബന്ധപ്പെട്ട അഭിപ്രായഭിന്നതയെ തുടര്‍ന്നാണ് സുരേഷ് ഗോപി താന്‍ രൂപീകരിച്ച സംഘടനയില്‍ നിന്നും പുറത്തുപോയത്. അതിനിടയില്‍ ഇടവേള ബാബുവിന്റെ നേതൃത്വത്തില്‍ സുരേഷ് ഗോപിയും അമ്മയും തമ്മിലുള്ള ബന്ധത്തിലെ മഞ്ഞുരുക്കാന്‍ ശ്രമിച്ചെങ്കിലും അത് അധികം മുന്നോട്ട് പോയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: