തൃശൂര്‍: ലോക സിനിമയുടെ വാതായനങ്ങള്‍ ഒരു നാടിന് മുമ്പില്‍ തുറന്നിട്ട കോലഴി സിനിമ കൊട്ടകയുടെ പ്രദര്‍ശനം 75 ന്റെ നിറവിലാണ്.
ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെ മലയാളം ഉപശീര്‍ഷകത്തോടെ എട്ടുവര്‍ഷത്തിലേറെകാലം പ്രതിമാസ പ്രദര്‍ശനം നടത്തിവരികയാണ് കോലഴി ഫിലിം സൊസൈറ്റി, കോലഴി സിനിമകൊട്ടകയിലൂടെ. 2016 ഫെബ്രുവരിയില്‍ ആദ്യ പ്രദര്‍ശനം തുടങ്ങുമ്പോള്‍ തണലായി ഉണ്ടായിരുന്ന കോലഴി ഗ്രാമീണ വായനശാലയുടെ ഹാളാണ് ‘സിനിമ കൊട്ടക’ ആയി മാറിയത്. എട്ടുവര്‍ഷത്തിനിപ്പുറം സൗജന്യ പ്രതിമാസ പ്രദര്‍ശനം കാത്തിരുന്ന് കാണാനെത്തുന്നവര്‍ ഏറെയാണ്.
സിനിമ തിയറ്ററുകള്‍ എന്ന പൊതുഇടം ഒരുവിഭാഗത്തിനായി പരിമിതപ്പെട്ടതും സ്വന്തം ലാപ്‌ടോപ്പും മൊബൈലും പ്രദര്‍ശനശാലകളായി മാറിയതൊന്നും സിനിമ പ്രദര്‍ശനത്തെ ബാധിച്ചിട്ടില്ല. നല്ല സിനിമകളെ ഭാഷാവ്യത്യസമില്ലാതെ, ഭാഷയുടെ സങ്കീര്‍ണതകളുടെ അതിര്‍വരമ്പുകളില്ലാതെ അവതരിപ്പിക്കാന്‍ മലയാളം സബ്‌ടൈറ്റിലുകള്‍ ആണ് നല്ലതെന്ന് പ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞു.
2016 ഫെബ്രുവരിയില്‍ വാദ് ജ എന്ന അറബ് സിനിമയോടെയായിരുന്നു തുടക്കം.പിന്നീട് ചൈനീസ് മുതല്‍ വോളോഫ് ഭാഷ വരെ ഏത് ഭാഷയായാലും ഒരു കടമ്പകളുമില്ലാതെ മലയാളം സബ്‌ടൈറ്റിലിന്റെ സഹായത്തില്‍ മികച്ച സിനിമാനുഭവം അവരിലെത്തി.
കൂടുതല്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്നുകൊണ്ടുള്ള പ്രദര്‍ശനങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന തിരിച്ചറിവില്‍ കോലഴിയിലെയും പരിസരങ്ങളിലെയും വീടുകളിലെ ട്രസ്സും മുട്ടുപ്പാവും സിനിമ പ്രദര്‍ശന കേന്ദ്രങ്ങളായി. ഗൊദാര്‍ദ്, കിംകി ദുക്, കെ.ജി.ജോര്‍ജ് തുടങ്ങി സിനിമ രംഗത്തെ അതികായരുടെ വിയോഗങ്ങളില്‍ പ്രത്യേക പ്രദര്‍ശനങ്ങളും അനുസ്മരണങ്ങളും സംഘടിപ്പിക്കപ്പെട്ടു. ആളുകളെ തുടര്‍ച്ചയായി എത്തുക എന്നതായിരുന്നു സിനിമകൊട്ടകയുടെ വെല്ലുവിളി. സ്ത്രീകളും വീട്ടമ്മമാരും വയോധികരുള്‍പ്പെടെയുള്ളവര്‍ സ്ഥിരം പ്രേക്ഷകരായത് പ്രവര്‍ത്തരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു.
നല്ല സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നു എന്നറിഞ്ഞാല്‍ അകലെ നിന്നുപോലും ആളുകളത്തെുമെന്ന് അനുഭവം പഠിപ്പിക്കുന്നു. കുടുംബശ്രീകള്‍ക്കായി വനിത ദിന പ്രദര്‍ശനം, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ പ്രദര്‍ശനം, കുട്ടികള്‍ക്കായി അവധിക്കാല പ്രദര്‍ശനങ്ങള്‍ തുടങ്ങിയ പ്രത്യേക പ്രദര്‍ശനങ്ങളും സംഘടിപ്പിച്ചിരുന്നു.കലാമൂല്യമുള്ള ചലച്ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനും അവ ചര്‍ച്ചചെയ്യാനും വേദിയൊരുക്കിയുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ് പ്രവര്‍ത്തകര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക