ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജൂലൈ 1 മുതല്‍ ഉദയാസ്തമന പൂജാ ദിവസങ്ങളില്‍ നടപ്പാക്കാനിരുന്ന വി.ഐ.പി / സ്പെഷ്യല്‍ ദര്‍ശന നിയന്ത്രണം ഒഴിവാക്കി.
ക്ഷേത്രത്തില്‍ നിലവിലുള്ള ഭക്തജന തിരക്ക് പ്രവൃത്തി ദിവസങ്ങളില്‍ നിയന്ത്രണ വിധേയമായതിനാല്‍ ജൂലൈ ഒന്നുമുതല്‍ ഉദയാസ്തമനപൂജാ ദിവസങ്ങളില്‍ നടപ്പാക്കാനിരുന്ന വി.ഐ.പി / സ്പെഷ്യല്‍ ദര്‍ശനനിയന്ത്രണം ഒഴിവാക്കാന്‍ ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി തീരുമാനിച്ചു. അതേ സമയം പൊതു അവധി ദിനങ്ങളിലെ ദര്‍ശന നിയന്ത്രണം തുടരും.
പൊതു അവധി ദിനങ്ങളായ ജൂലൈ 13 മുതല്‍ 16 കൂടിയ ദിവസങ്ങളില്‍ കൂടുതല്‍ ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കുന്നതിന് ക്ഷേത്രം നട ഉച്ചയ്‌ക്ക് ശേഷം 3.30 ന് തുറക്കും. പ്രസ്തുത ദിനങ്ങളില്‍ പതിവ് ദര്‍ശന നിയന്ത്രണം ഉണ്ടാകും. ദേവസ്വം ഭരണസമിതി യോഗത്തില്‍ ചെയര്‍മാന്‍ ഡോ: വി.കെ. വിജയന്‍ അധ്യക്ഷനായി. ഭരണസമിതി അംഗങ്ങളായ ദിനേശന്‍ നമ്പൂതിരിപ്പാട്, വി.ജി. രവീന്ദ്രന്‍, കെ.പി. വിശ്വനാഥന്‍, അഡ്മിനിസ്ട്രേറ്റര്‍ കെ.പി. വിനയന്‍ എന്നിവര്‍ സന്നിഹിതരായി.
















