കണ്ണൂര്‍: സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘവുമായി ബന്ധമുള്ള സി.പി.എം അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കണ്ണൂര്‍ പെരിങ്ങോം എരമം സെന്‍ട്രല്‍ ബ്രാഞ്ച് അംഗം സജേഷിനെയാണ് പുറത്താക്കിയത്. ഡി.വൈ.എഫ്.ഐ എരമരം സെന്‍ട്രല്‍ മേഖല അംഗമാണ് സജേഷ്.
ഒന്നരമാസം മുന്‍പു നടന്ന സംഭവത്തിലാണ് പുറത്താക്കല്‍. പയ്യന്നൂര്‍ കാനായില്‍ സ്വര്‍ണക്കടത്തു സംഘം വീട് വളഞ്ഞിരുന്നു. ഈ സംഘത്തില്‍ സജേഷിനൊപ്പം സ്വര്‍ണക്കടത്തു നേതാവ് അര്ജുന് ആയങ്കി അടക്കമുള്ളവര്‍ ഉണ്ടായിരുന്നു. പയ്യന്നൂരില്‍ വീടു വളഞ്ഞ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നാട്ടുകാരാണ് പാര്‍ട്ടിയില്‍ വിവരമറിയിച്ചത്. സംഘത്തില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്നാണു സജേഷിനെതിരെ പാര്‍ട്ടി നടപടി സ്വീകരിച്ചത്.
അര്ജുന് ആയങ്കി അടക്കമുള്ള സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായി സജേഷിന് ബന്ധമുണ്ടെന്ന് നേരത്തേ ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ അന്നൊന്നും സജീഷിനെതിരെ പാര്‍ട്ടി നടപടി എടുത്തിരുന്നില്ല. കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി. സത്യപാലന്റെ ഡ്രൈവര്‍ കൂടിയായ സജേഷിന് പാര്‍ട്ടി സംരക്ഷണമൊരുക്കുന്ന എന്ന ആരോപണവും നിലനിന്നിരുന്നു.
കണ്ണൂര്‍ സിപിഎം രാഷ്ട്രീയം ഇപ്പോള്‍ സ്വര്‍ണ്ണക്കടത്തുകാരുടെയും ക്വട്ടേഷന്‍ സംഘത്തിന്റെയും വരുതിയിലാണെന്ന് പരക്കെ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ജില്ലാ കമ്മിറ്റി അംഗം മനുതോമസ് ഇതിനെതിരെ പ്രതിഷേധിച്ച് പുറത്തിറങ്ങിയതു മുതല്‍ കണ്ണൂര്‍ സിപിഎമ്മില്‍ ക്വട്ടേഷന്‍, സ്വര്‍ണ്ണക്കടത്ത് സംഘത്തെക്കുറിച്ചുള്ള വാദപ്രതിവാദങ്ങള്‍ തുടരുന്നതിനിടെയാണ് സജീഷിനെതിരെ നടപടി വന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: