ബുകാറസ്റ്റ്: റൊമാനിയയുടെ തലസ്ഥാനമായ ബുകാറസ്റ്റില്‍ നടന്ന സൂപ്പര്‍ബെറ്റ് ക്ലാസിക് ചെസില്‍ ഡച്ച് ഗ്രാന്റ് മാസ്റ്റര്‍ അനീഷ് ഗിരിയെ തോല്പിച്ച് രണ്ടര പോയിന്റോടെ പ്രജ്ഞാനന്ദ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. നേരത്തെ മൂന്നാം സ്ഥാനത്തായിരുന്നു പ്രജ്ഞാനന്ദ. ഗ്രാന്റ് ചെസ് ടൂറിലെ രണ്ടാം ടൂര്‍ണ്ണമെന്റാണ് സൂപ്പര്‍ ബെറ്റ് ക്ലാസിക് ചെസ്. മൂന്നാം റൗണ്ടില്‍ ഗുകേഷുമായി ജയത്തോളമെത്തിയ കളി സമനിലയില്‍ കലാശിച്ചതിന്റെ വിഷമം ഈ വിജയത്തോടെ പ്രജ്ഞാനന്ദ തീര്‍ത്തു. 18ാം നീക്കത്തില്‍ നടത്തിയ അബദ്ധമാണ് അനീഷ് ഗിരിയെ സമ്മര്‍ദ്ദത്തിലാഴ്ത്തിയത്. ഇത്രയ്ക്കും പരിചയസമ്പന്നനായ ഒരു ഗ്രാന്റ് മാസ്റ്ററില്‍ നിന്നും വരാന്‍ പാടില്ലാത്ത തെറ്റായിരുന്നു അത്. പ്രജ്ഞാനന്ദ അവസരം മുതലാക്കി. 80 നീക്കം വരെ ഗെയിം നീണ്ടെങ്കിലും അതിനിടയില്‍ പല തവണ സമനിലയ്ക്ക് വേണ്ടി അനീഷ് ഗിരി ശ്രമിച്ചെങ്കിലും പ്രജ്ഞാനന്ദ വിട്ടുകൊടുത്തില്ല.
നിസ്സാരമല്ല അനീഷ് ഗിരിയുമായുള്ള വിജയം. 14 വയസ്സും ഏഴ് മാസവും രണ്ട് ദിവസവും ഉള്ളപ്പോള്‍ ഗ്രാന്റ് മാസ്റ്റര്‍ പദവി നേടിയ അത്ഭുതതാരമാണ് അനീഷ് ഗിരി. അഞ്ച് തവണ ഡച്ച് ദേശീയ ചാമ്പ്യനായിരുന്നു. ലോകറേറ്റിംഗില്‍ 2745 ഇഎല്‍ഒ പോയിന്റ് ഉണ്ട്. ലോക റാങ്കിങ്ങില്‍ 14ാം നമ്പര്‍ താരമാണ്. പ്രജ്ഞാനന്ദയാകട്ടെ ലോക റാങ്കിങ്ങില്‍ 13ാം നമ്പര്‍ താരമാണ്. ഇഎല്‍ഒ റേറ്റിങ്ങില്‍ 2747 ഉണ്ട്. റഷ്യക്കാരനായ അനീഷ് ഗിരി 2009ല്‍ നെതര്‍ലാന്റ്സിലേക്ക് കുടിയേറി. അതോടെ നെതര്‍ലാന്റ്സിലെ ഒന്നാം നമ്പര്‍ ചെസ് താരമായി. റഷ്യക്കാരിയായ അമ്മ ഓള്‍ഗയ്ക്ക് നേപ്പാളില്‍ നിന്നുള്ള സഞ്ജയ് ഗിരിയിലുണ്ടായ മകനാണ്. അതുകൊണ്ട് അനീഷ് ഗിരി എന്ന ഇന്ത്യന്‍ പേരിനോടെല്ലാം സാമ്യമുള്ള പേരുണ്ടായത്. ടാറ്റാ സ്റ്റീല്‍ ചെസില്‍ മാഗ്നസ് കാള്‍സനെ 22 നീക്കങ്ങളില്‍ തറപറ്റിച്ച താരം കൂടിയാണ് അനീഷ് ഗിരി.
തന്റെ ആത്മസംയമനം നിറഞ്ഞ കളിയിലൂടെ ക്ലാസിക് ചെസിലെ അറിയപ്പെടുന്ന താരമായ ഗുകേഷ് നാലാം റൗണ്ടില്‍ ഫ്രാന്‍സിന്റെ അലിറെസ ഫിറൂഷയെ സമനിലയില്‍ തളച്ചു. തോല്‍വി വഴങ്ങാതെ സമനിലയോ വിജയമോ നേടുക എന്ന തന്ത്രമാണ് ഗുകേഷ് സ്വീകരിക്കുന്നത്. വളരെ സുരക്ഷിതമായ തന്ത്രമാണിത്. ക്വിന്‍സ് ഗാംബിറ്റ് ആക്സപ്റ്റഡ് എന്ന ഓപ്പണിംഗ് ശൈലിയിലാണ് അലിറെസ ഫിറൂഷ കളിച്ചതെങ്കിലും അതിസമര്‍ത്ഥമായി ഗുകേഷ് നേരിട്ടു. ഇതോടെ രണ്ടര പോയിന്റുള്ള ഗുകേഷും രണ്ടാം സ്ഥാനത്താണ്. ഇന്ത്യന്‍ താരങ്ങളായ പ്രജ്ഞാനന്ദയും ഗുകേഷും മാത്രമാണ് രണ്ടാം സ്ഥാനത്ത്.
തുടര്‍ച്ചയായ രണ്ടാം ജയത്തോടെ യുഎസിന്റെ ഫാബിയാനോ കരുവാനയാണ് നാലാം റൗണ്ട് കഴിഞ്ഞപ്പോള്‍ മൂന്ന് പോയിന്റുകള്‍ നേടി ഒന്നാം സ്ഥാനത്ത് നിലകൊള്ളുന്നത്. റൊമാനിയയുടെ ബോഗ്ഡാന് ഡാനിയേല്‍ ഡിയാകിനെ തോല്പിച്ചാണ് ഫാബിയാനോ കരുവാന ഒന്നാം സ്ഥാനത്തേക്കുയര്‍ന്നത്. ഇതിന് മുന്‍പ് നാല് തവണ ഏറ്റുമുട്ടിയപ്പോഴും ഫാബിയാനോ കരുവാന- ബോഗ് ഡന് ഡാനിയേല്‍ ഡിയാക് മത്സരം സമനിലയില്‍ കലാശിച്ചു. എന്നാല്‍ ബുകാറസ്റ്റില്‍ സമിഷ്-നിംസോ ഇന്ത്യന്‍ എന്ന ഓപ്പണിംഗ് ശൈലിയില്‍ വ്യത്യസ്തമായ വേരിയേഷന്‍ നീക്കം പുറത്തെടുത്ത് ഫാബിയാനോ കരുവാന ബോഗ്ഡന്‍ ഡാനിയേല്‍ ഡിയാകിനെ ഞെട്ടിക്കുകയായിരുന്നു. 24,25 കരുനീക്കങ്ങളിലെ ആക്രമണത്തിന് മുന്പില് ബോഗ്ഡന്‍ ഡാനിയേല്‍ ഡിയാക് പകച്ചുപോയി. അതോടെ അദ്ദേഹം സമ്മര്‍ദ്ദത്തിലാവുകയും ചെയ്തു. ഇതാണ് ഫാബിയാനോ കരുവാനയെ വിജയത്തിലേക്ക് നയിച്ചത്. മാത്രമല്ല, ലോകറാങ്കിംഗില്‍ രണ്ടാം സ്ഥാനം ഫാബിയാനോ കരുവാന തിരിച്ചുപിടിച്ചു. ബോഗ് ഡാന്‍ ഡാനിയേല്‍ ഡിയാകിനെ തോല്പിച്ചതോടെയാണ് ഫാബിയാനോയുടെ റേറ്റിംഗ് കൂടിയത്. ഇതാണ് ലോക രണ്ടാം നമ്പര്‍ പദവി തിരിച്ച് കിട്ടാന്‍ കാരണമായത്. കഴിഞ്ഞ മാസം നടന്ന കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്റില്‍ ഹികാരു നകാമുറയോട് പരാജയം ഏറ്റുവാങ്ങിയതിനെത തുടര്‍ന്ന് ലോക റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തേക്ക് ഫാബിയാനോ കരുവാന പിന്തള്ളപ്പെട്ടിരുന്നു. ഫാബിയാനോ ലോക രണ്ടാം സ്ഥാനക്കാരനായതോടെ യുഎസിന്റെ തന്നെ ഹികാരു നകാമുറയുടെ സ്ഥാനം ഒരു പടവ് താഴ്ന്ന് ലോക മൂന്നാം റാങ്കിലെത്തി.
യുഎസിന്റെ വെസ്ലി സോയും റഷ്യയുടെ ഇയാന്‍ നെപോമ്നിഷിയും തമ്മിലുള്ള മത്സരം സമനിലയില്‍ കലാശിച്ചു. കളിയില്‍ ഉടനീളം ചെറിയ ചെറിയ പിഴവുകള്‍ വരുത്തിയതായി ഇയാന്‍ നെപോമ്നിഷി പറഞ്ഞു. പക്ഷെ അത് പുറത്തറിയിക്കാതെ സമനില നേടിയെടുത്തു എന്നതാണ് പരിചയസമ്പന്നനായ ഗ്രാന്റ്മാസ്റ്റര്‍ ഇയാന്‍ നെപോമ്നിഷി ചെയ്തത്.
ഇപ്പോള്‍ ടൂര്‍ണ്ണമെന്റില്‍ മൂന്ന് പേര് രണ്ട് പോയിന്റോടെ മൂന്നാം സ്ഥാനത്തുണ്ട്. അലിറെസ ഫിറൂഷ (ഫ്രാന്‍സ്), ഇയാന്‍ നെപോമ്നിഷി (റഷ്യ), വെസ്ലി സോ (യുഎസ്), മാക്സിം വാചിയര്‍ ലെഗ്രാ(ഫ്രാന്‍സ്) എന്നിവര്‍.
ഗ്രാന്റ് ചെസ് ടൂര്‍ണ്ണമെന്റ് 2024ലെ രണ്ടാമത്തെ ടൂര്‍ണ്ണമെന്റാണ് റൊമാനിയയില്‍ നടക്കുന്ന സൂപ്പര്‍ബെറ്റ് ചെസ് ക്ലാസിക്. ഗ്രാന്റ് ചെസ് ടൂറിലെ ആദ്യമത്സരം നടന്നത് പോളണ്ടിലെ ബ്ലിറ്റ്സ് ആന്റ് റാപിഡാണ്. അതില്‍ റാപിഡില്‍ വെയ് യി ചാമ്പ്യനായപ്പോള്‍ ബ്ലിറ്റ്സില്‍ മാഗ്നസ് കാള്സന് ചാമ്പ്യനായി. അവിടെ പ്രജ്ഞാനന്ദ നല്ല പ്രകടനം കാഴ്ചവെച്ചിരുന്നു. പോളണ്ടിലെ റാപിഡ് ആന്റ് ബ്ലിറ്റ്സില്‍ രണ്ടിലും കൂടി നാലാം സ്ഥാനത്തായിരുന്നു പ്രജ്ഞാനന്ദ. ആകെ ഏഴ് പോയിന്റ് അന്ന് നേടിയ പ്രജ്ഞാനന്ദയ്ക്ക് ഇരുപതിനായിരം ഡോളര്‍ നേടിക്കഴിഞ്ഞു. അഞ്ച് ടൂര്‍ണ്ണമെന്റുകളാണ് 2024ലെ ഗ്രാന്റ് ചെസ് ടൂറില്‍ ഉള്ളത്.
റൊമാനിയയുടെ തലസ്ഥാനമായ ബുകാറസ്റ്റിലെ ആഡംബര ഹോട്ടലായ ഗ്രാന്റ് ഹോട്ടലാണ് സൂപ്പര്‍ബെറ്റ് ചെസിന്റെ വേദി. 13ാം ലോക ചെസ് ചാമ്പ്യനായ, ഒരു കാലത്ത് ചെസ്സില്‍ അജയ്യനെന്ന് വിശേഷിപ്പിക്കപ്പെട്ട റഷ്യയുടെ ഗാരി കാസ്പറോവ് ആണ് ഗ്രാന്റ് ചെസ് ടൂര്‍ണ്ണമെന്റിന്റെ സഹസംഘാടകരില്‍ ഒരാള്‍. റൊമാനിയയിലെ സൂപ്പര്‍ബെറ്റ് ക്ലാസിക് ചെസില്‍ ഒരു ഗെയിം രണ്ട് മണിക്കൂര്‍ വരെ നീളാം. അതായത് ഒരു നീക്കത്തിന് മൂന്ന് മിനിറ്റ് വരെ ലഭിയ്ക്കും. കളി നീണ്ടുപോയാല്‍ എക്സ്ട്രാ ടൈം നല്‍കും. ചെസിന്റെ ലോകത്ത് വേഗതയുടെ കളികളായ ബുള്ളറ്റ് ചെസ്, ആമഗെഡോണ്‍, ബ്ലിറ്റ്സ്, റാപിഡ് എന്നീ ഗെയിമുകള്‍ ഉണ്ടെങ്കിലും ഒരു കളിക്കാരന്റെ ബുദ്ധിവൈഭവം ശരിയ്ക്കും അളക്കുന്ന ക്ലാസിക് ചെസ് എന്ന വേഗത കുറഞ്ഞ ഗെയിം നിലനില്ക്കുക തന്നെ ചെയ്യുമെന്ന അഭിപ്രായക്കാരനാണ് ഗാരി കാസ്പറോവ്. ” ഒരു ചെസ് കളിക്കാരന്റെ മുഴുവന്‍ ശേഷിയും എടുത്ത് പ്രയോഗിക്കപ്പെടുന്ന ക്ലാസിക് ചെസ് സംരക്ഷിക്കപ്പെടേണ്ടതുണ്ട്.”- ബുഡാപെസ്റ്റിലെ ഗ്രാന്റ് ഹോട്ടലില്‍ സൂപ്പര്‍ ബെറ്റ് ടൂര്‍ണ്ണമെന്റിന്റെ നാലാം റൗണ്ട് മത്സരം ഉദ്ഘാടനം ചെയ്യാനെത്തിയ ഗാരി കാസ്പറോവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: