ആലപ്പുഴ: പാര്‍ട്ടിയുടെ പ്രത്യയശാസ്ത്ര വ്യതിയാനങ്ങള്‍ക്കെതിരെ പറയുന്നത് പാര്‍ട്ടി വിരുദ്ധമല്ലെന്ന് മുന്‍മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ജി. സുധാകരന്. എന്നാല്‍ ചിലര്‍ ഒരു വിഭാഗം മാധ്യമങ്ങളെ ഉപയോഗിച്ച് താന്‍ പാര്‍ട്ടിക്കെതിരെ പറഞ്ഞെന്ന് പ്രചരിപ്പിക്കുകയാണ്. പാര്‍ട്ടിക്കെതിരെ ഒരിക്കലും ഒന്നും പറഞ്ഞിട്ടില്ല. പാര്‍ട്ടിയെ എന്നും പ്രതിരോധിച്ചിട്ടേയുള്ളു. മാധ്യമ സ്ഥാപനങ്ങള്‍ക്കിടയില്‍ മത്സരം വര്‍ധിക്കുന്നുവെന്നും ഇത് ശരിയായ രീതിയിലല്ലെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ പ്രസ്ക്ലബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ആര്. മാനസന് സ്മാരക പുരസ്കാരദാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു.
പൊളിറ്റിക്കല്‍ ക്രിമിനലുകള്‍ മാധ്യമങ്ങളെ കൂട്ടുപിടിക്കുകയാണ്. അത് തിരിച്ചറിയണം. ഒരു പാര്‍ട്ടിയില്‍ കയറിക്കൂടി, അതിന്റെ പ്രത്യയശാസ്ത്രത്തിന് വിരുദ്ധമായി കൊള്ളരുതായ്മ ചെയ്യുന്നവരാണ് പൊളിറ്റിക്കല്‍ ക്രിമിനലുകള്‍. എന്റെ പാര്‍ട്ടിക്കെതിരെ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. ഞാന്‍ മുന്നില്‍ നിന്ന് നയിച്ച തെരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷം എനിക്കെതിരെ പരാതി നല്കിയപ്പോള് മാത്രം ചിലത് പറഞ്ഞിട്ടുണ്ട്. അച്ചടി മാധ്യമങ്ങളാണ് കൂടുതല്‍ സത്യസന്ധം. ഇലക്ട്രോണിക് മാധ്യമങ്ങള്‍ വൈറലാകാന്‍ വേണ്ടി പലതും ചെയ്യുന്നു. സ്വയം തിരുത്തലിന് എല്ലാവരും തയാറാകണം. പറയാത്ത കാര്യം പറഞ്ഞ് ഒരു ചാനല്‍ കഴിഞ്ഞദിവസം അപമാനിച്ചു. കടിക്കുന്ന പട്ടിയെ കാശ് കൊടുത്ത് വാങ്ങിയതു പോലെയായി. അഴിമതി കാണിക്കാതിരിക്കുക എന്നത് വളരെ പാടാണ്.
ഞാന്‍ പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോള്‍ പണിത റോഡുകള്‍ ഒന്നും പൊളിഞ്ഞിട്ടില്ല. പെരുമ്പളം പാലം യാഥാര്‍ഥ്യമായത് ഞാനുള്ളതു കൊണ്ടാണ്. എന്നിട്ടും ആരും ഇപ്പോള്‍ എന്റെ പേര് പരാമര്‍ശിക്കുന്നില്ല. നൂറു കോടിയുടെ പാലത്തെ അന്ന് ധനവകുപ്പ് എതിര്‍ത്തിരുന്നു. കടുത്ത സമ്മര്‍ദ്ദം ചെലുത്തിയാണ് യാഥാര്‍ത്ഥ്യമാക്കിയത്. അഞ്ചു വര്‍ഷം കൊണ്ട് 500 പാലങ്ങളാണ് അന്ന് ഡിസൈന്‍ ചെയ്തത്. മുന്‍പുള്ള കാര്യങ്ങള്‍ പറയുന്നത് ഇപ്പോഴുള്ളവരെ മോശക്കാരാക്കാനല്ല. ചരിത്രത്തെ വിസ്മരിക്കുന്നവര്‍ക്ക് നാടിനെ നല്ല രീതിയില്‍ നയിക്കാനാകില്ല, സുധാകരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: