ലാസ് വേഗാസ്: സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയറിന്റെ ഇരട്ട ഗോളില്‍ ബ്രസീലിന് തകര്‍പ്പന്‍ ജയം. ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ടാം മത്സരത്തില്‍ ഇന്നലെ പരാഗ്വായെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് കാനറികള്‍ തകര്‍ത്തു.
മത്സരത്തിലുടനീളം വിനീഷ്യസിന്റെ മികവാണ് ബ്രസീലിനെ തുണച്ചത്. കളിക്ക് 30 മിനിറ്റെത്തിയപ്പോള്‍ ടീം ആദ്യ ഗോള്‍ നേടേണ്ടതായിരുന്നു. പെനല്‍റ്റിക്ക് അവസരം കിട്ടിയ ബ്രസീലിനായി സ്‌പോട്ട് കിക്കെടുത്ത ലൂകാസ് പക്വേറ്റ പന്ത് പുറത്തേക്ക് അടിച്ചുകളഞ്ഞു. അധികം വൈകിയില്ല. പക്വേറ്റ ഒരുക്കിയ അവസരത്തില്‍ വിനീഷ്യസ് ടൂര്‍ണമെന്റില്‍ ബ്രസീലിന്റെ ആദ്യ ഗോള്‍ നേടി. മത്സരത്തിന് 43 മിനിറ്റായപ്പോള്‍ സാവീഞ്ഞോയുടെ ഗോളില്‍ ബ്രസീല്‍ ലീഡ് ഇരട്ടിപ്പിച്ചു. പരാഗ്വായ് പ്രതിരോധത്തെ മറികടന്നുകൊണ്ട് ക്ലോസ് റേഞ്ചിലെത്തിയാണ് സാവീഞ്ഞോ ഗോളടിച്ചത്. ആദ്യ പകുതി പിരിയും മുമ്പേ വിനീഷ്യസ് മത്സരത്തിലെ ഇരട്ടഗോള്‍ തികച്ചു. ആദ്യപകുതിയുടെ സ്റ്റോപ്പേജ് ടൈമിലായിരുന്നു താരത്തിന്റെ രണ്ടാം ഗോള്‍. കളി രണ്ടാം പകുതിയിലേക്ക് പിരിയുമ്പോള്‍ ബ്രസീല്‍ 3-0ന് മുന്നില്‍.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ പരാഗ്വായ് മത്സരത്തിലെ ആശ്വാസ ഗോള്‍ കണ്ടെത്തി. ഗറ്റാഫെയ്‌ക്ക് വേണ്ടി കളിക്കുന്ന ഒമര്‍ അല്‍ഡെറീറ്റ് ആണ് ഗോളടിച്ചത്. കളിക്ക് 65 മിനിറ്റെത്തിയപ്പോള്‍ പരാഗ്വായ് താരം ബോക്‌സിനകത്ത് ഹാന്‍ഡ് ബോള്‍ വഴങ്ങിയത് വഴി ബ്രസീലിന് വീണ്ടും പെനല്‍റ്റിക്ക് അവസരം ലഭിച്ചു. ആദ്യ സ്‌പോട്ട് കിക്ക് അവസരം പാഴാക്കിയ പക്വേറ്റയാണ് വീണ്ടുമെത്തിയത്. ഇത്തവണ പിഴച്ചില്ല. താരം സ്‌കോര്‍ ചെയ്തു. ബ്രസീല്‍ 4-1ന് ക്വാറം തികച്ചു. മത്സരത്തിന്റെ 81-ാം മിനിറ്റില്‍ പരാഗ്വായ്‌ക്ക് മദ്ധ്യനിരതാരം ആന്ദ്രെസ് ക്യൂബാസിനെ നഷ്ടമായി.
ജയത്തോടെ ബ്രസീല്‍ ഗ്രൂപ്പ് ഡിയില്‍ കൊളംബിയയ്‌ക്ക് പിന്നില്‍ രണ്ടാമതായി. ആദ്യ മത്സരത്തില്‍ കോസ്റ്റ റിക്കയുമായി ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞ ബ്രസീലിന് ഇപ്പോള്‍ നാല് പോയിന്റായി. കളിച്ച രണ്ട് കളികളും ജയിച്ച കൊളംബിയ ആറ് പോയിന്റുമായി ഗ്രൂപ്പില്‍ മുന്നിലാണ്.
ഇന്നലെ നടന്ന കളിയില്‍ കോസ്റ്റ റിക്കയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് കൊളംബിയ തകര്‍ത്തത്. സൂപ്പര്‍ താരം ലൂയിസ് ഡയസ് ആണ് 31-ാം മിനിറ്റില്‍ പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ആദ്യ ഗോള്‍ നേടിയത്. ഈ ഒരു ഗോളില്‍ കൊളംബിയ ആദ്യ പകുതിയില്‍ ലീഡ് ചെയ്തു. രണ്ടാം പകുതിയില്‍ മൂന്ന് മിനിറ്റിനിടെയാണ് രണ്ട് ഗോളുകള്‍ നേടിയത്. 59-ാം മിനിറ്റില്‍ ഡാവിന്‍സണ്‍ സാഞ്ചെസും പിന്നാലെ ജോണ്‍ കോര്‍ഡോബയും ആണ് ഗോളുകള്‍ നേടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: