Football

ഇംഗ്ലണ്ട് സ്ലോവാക്യയോട്; സ്‌പെയിന്‍ ജോര്‍ജിയക്കെതിരെ

Published by

ഗെല്‍സെന്‍കിര്‍ചെന്‍: യൂറോ കപ്പ് പ്രീക്വാര്‍ട്ടറിന് ഇന്ന് രണ്ടാം ദിവസം. ഇന്ന് രണ്ട് മത്സരങ്ങളാണുള്ളത്. രാത്രി ഒമ്പതരയ്‌ക്ക് നടക്കുന്ന ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് സ്ലൊവാക്യയെ നേരിടും. രാത്രി 12.30ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ സ്‌പെയിനും ജോര്‍ജിയയും തമ്മില്‍ ഏറ്റുമുട്ടും.

ഗ്രൂപ്പ് സിയില്‍ നിന്നും ഒരു ജയവും രണ്ട് സമനിലകളുമായാണ് ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടറിനെത്തിയത് ഗ്രൂപ്പ് ജേതാക്കളായാണ്. ആദ്യ മത്സരത്തില്‍ സെര്‍ബിയയെ 1-0ന് തോല്‍പ്പിച്ച ഇംഗ്ലണ്ട് രണ്ടാം മത്സരത്തില്‍ ഡെന്‍മാര്‍ക്കുമായി ഓരോ ഗോള്‍ സമനിലയില്‍ പിരിഞ്ഞു. മൂന്നാമത്തെയും അവസാനത്തെയും ഗ്രൂപ്പ് പോരാട്ടത്തില്‍ സ്ലൊവേനിയയുമായ ഗോളില്ലാ സമനില വഴങ്ങി. ഇംഗ്ലണ്ടിനെതിരെ പൊരുതാനിറങ്ങുന്ന സ്ലൊവാക്യം ഗ്രൂപ്പ് ഇയില്‍ നിന്ന് മികച്ച മൂന്നാം സ്ഥാനക്കാരായണ് മുന്നേറിയിരിക്കുന്നത്. ഗ്രൂപ്പ് പോരില്‍ ഒരു ജയം നേടിയ അവര്‍ ഒരു തോല്‍വിയും ഒരു സമനിലയും വഴങ്ങി. ഗ്രൂപ്പ് ഇയില്‍ നാല് വീതം പോയിന്റുകള്‍ നേടിയ റൊമേനിയയ്‌ക്കും ബെല്‍ജിയത്തിനും പിന്നില്‍ ഗോള്‍ വ്യത്യാസത്തിലാണ് സ്ലൊവാക്യ മൂന്നാമതായത്.

ഗ്രൂപ്പ് ഘട്ട മത്സരങ്ങളില്‍ എല്ലാ മത്സരവും ജയിച്ച ഏക ടീമായാണ് സ്‌പെയിന്റെ പ്രീക്വാര്‍ട്ടറിലേക്കുള്ള വരവ്. ഗ്രൂപ്പ് ബിയില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇറ്റലി, കരുത്തരായ ക്രൊയേഷ്യ, അല്‍ബേനിയ എന്നിവര്‍ക്കെതിരെ വിജയം കുറിച്ചുകൊണ്ടാണ് സ്‌പെയിന്‍ മുന്നേറിയത്. ഇവര്‍ക്കെതിരെ ഇന്നിറങ്ങുന്ന ജോര്‍ജിയ ഗ്രൂപ്പ് എഫിലെ നിര്‍ണായക പോരാട്ടത്തില്‍ കരുത്തരായ പോര്‍ച്ചുഗലിനെ അട്ടിമറിച്ചാണ് പ്രീക്വാര്‍ട്ടറിന് അര്‍ഹത നേടിയത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഉള്‍പ്പെട്ട മുന്‍ ചാമ്പ്യന്‍മാരായ പോര്‍ച്ചുഗലിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ജോര്‍ജിയ തോല്‍പ്പിച്ചത്. മറ്റ് ഗ്രൂപ്പ് മത്സരങ്ങളില്‍ തുര്‍ക്കിയോട് പരാജയപ്പെട്ട അവര്‍ ചെക്ക് റിപ്പബ്ലിക്കുമായി സമനിലയില്‍ പിരിഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by