സൂപ്പര്‍സ്റ്റാറുകളായ മോഹന്‍ലാലിനെ ലാലേട്ടനെന്നും മമ്മൂട്ടിയെ മമ്മൂക്കയെന്നും വിളിയ്‌ക്കുന്നതിനേക്കാള്‍ സ്‌നേഹാദരവോടെ ‘രാമന്‍’ എന്നു സന്ദര്‍ശകര്‍ സംബോധന ചെയ്യുന്നത് ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയ നാട്ടുകൊമ്പനും ‘ഏകഛത്രാധിപതി’ പട്ടവുമുള്ള തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെയാണ്. എഴുന്നള്ളത്തുകളൊന്നും ഇല്ലാത്തപ്പോള്‍ ‘രാമന്‍’ വടക്കുന്നാഥന്‍ ക്ഷേത്രപരിസരത്തുണ്ടാവില്ല. പത്തു കി.മീ അകലെയുള്ള പേരാമംഗലത്തെ തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്റെ വടക്കേ അങ്കണമാണ് അവന്റെ സ്ഥിരവാസ സ്ഥലം. ആനപ്രേമികള്‍ അവിടെയെത്തിയാണ് രാമനെ കാണാറുള്ളത്.
രാമനോടുള്ള ആരാധനയുടെ ഉച്ചസ്ഥിതിയില്‍ അവന്റെ പാപ്പാന്മാരാകാന്‍ പോകുന്നുവെന്ന് കത്തെഴുതിവച്ചു വീടുവിട്ടിറങ്ങി പേരാമംഗലമെത്തി ഗജവീരനെ തളയ്‌ക്കുന്ന തറിക്കടുത്തു രാപ്പകല്‍ ചുറ്റിനടന്ന മൂന്നംഗ വിദ്യാര്‍ത്ഥി സംഘത്തെ പോലീസ് അനുനയിപ്പിച്ചു തിരിച്ചയച്ചിട്ട് കാലം അധികമായില്ല.
രാമന്‍ പനമ്പട്ട തിന്നു ആനന്ദവാനായിരിക്കുന്നുവോ എന്നു ഉറപ്പു വരുത്തിയതിനു ശേഷം മാത്രം പ്രാതല്‍ കഴിക്കുന്ന, തൊടിയില്‍ കായ്‌ക്കുന്ന എല്ലാ വാഴക്കുലകളും പതിവായി തങ്ങളുടെ പ്രിയപ്പെട്ടവനു കൊണ്ടുവന്നു കൊടുക്കുന്ന, രാത്രിയില്‍ അവനെ പതിവു കുസൃതിയില്‍ കണ്ടതിനൊടുവില്‍ ഉറങ്ങാന്‍ കിടക്കുന്ന പരിസരവാസികളാണ് അവനുള്ളതെങ്കില്‍, കരിവീരന്റെ അന്നന്നത്തെ വിവരങ്ങളും ഫോട്ടോകളും പങ്കുവയ്‌ക്കുന്ന വാട്‌സേപ്പ് ഗ്രൂപ്പ് അഡ്മിനായ ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിയുടെയും, പത്തര അടിയിലേറെ തലപ്പൊക്കമുള്ളവന്റെ പാപ്പാനാവാന്‍ മോഹിച്ചവരുടെയും, ഒരു നോക്കുകാണാന്‍ ക്ലേശങ്ങള്‍ സഹിച്ചു ദൂരദിക്കുകളില്‍ നിന്നു വരുന്നവരുടെയും അഭിനിവേശം അളവിലേറെയെന്നു നിരൂപിക്കാനാകുമോ?
രാമന്റെ താരപരിവേഷം എന്തുകൊണ്ടു സിനിമാതാരങ്ങളേക്കാള്‍ പ്രഭാവമുള്ളതാകുന്നുവെന്നു ബോധ്യപ്പെടണമെങ്കില്‍ 1964-ല്‍ അവന്‍ ബീഹാറില്‍ പിറവികൊണ്ടതു മുതലുള്ള 60 വര്‍ഷത്തെ കഥകള്‍ വിസ്തരിക്കേണ്ടിവരും!
ഏഷ്യയിലെ ഏറ്റവും വലിയ കാര്‍ഷിക വാണിഭമായി അറിയപ്പെടുന്ന സോന്‍പൂര്‍ മേളയുടെ ആനച്ചന്തയിലാണ് 1979-ല്‍ ധനലക്ഷ്മി ബാങ്ക് മുന്‍ മാനേജര്‍ എ.എന്‍. രാമചന്ദ്ര അയ്യര്‍, ‘മോട്ടിപ്രസാദ്’ എന്ന് കച്ചവടക്കാര്‍ വളിച്ചിരുന്ന, യുവ രാമനെ ആദ്യം കണ്ടത്. പടിഞ്ഞാറന്‍ ബീഹാറിലെ സ്വര്‍ണപുരത്ത് നവംബറിലെ കാര്‍ത്തിക പൂര്‍ണിമ നാളില്‍ അരങ്ങേറുന്ന മഹാമേള ഒരു നിമിത്തമായി ഭവിച്ചു. രാമചന്ദ്ര അയ്യര്‍ രാമന്റെ ആദ്യ ഉടമയായി. തുടര്‍ന്നു തൃശ്ശൂര്‍ നിവാസി വെങ്കിടാദ്രിസ്വാമി രാമനെ വാങ്ങി ‘ഗണേശന്‍’ എന്ന് പേരിട്ടു. 1984-ല്‍ തെച്ചിക്കോട്ടുകാവ് ദേവസ്വം രാമനെ സ്വന്തമാക്കി നടക്കിരുത്തിയപ്പോള്‍ ‘തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍’ എന്നു നാമകരണം ചെയ്തു. പൂരകേരള ചരിത്രത്തില്‍ ഒരു ആന അധ്യായത്തിന്റെ തുടക്കമായിരുന്നു അത്!
രാമന്‍ ഗജലക്ഷണങ്ങളെല്ലാം തികഞ്ഞൊരു സുന്ദരനാന എന്നതില്‍ ആര്‍ക്കും മറിച്ചൊരഭിപ്രായമില്ല. വിശാലമായ മസ്തകവും, അതിനാല്‍ തന്നെ വന്നുചേരുന്ന വശ്യമായ തലയെടുപ്പും കൊഴുത്തുരുണ്ട ശരീരവും, ഹൃദ്യമായി ചലിക്കുന്ന ബൃഹത്തായ ചെവികളും’ പ്രിയമുള്ളൊരു പിടിയാനയെ കോരിയെടുത്തുയര്‍ത്തി ആകാശം കാണിക്കാന്‍ മാത്രം കരുത്തുള്ള അതിഗംഭീരമായ കൊമ്പുകളും, ഓജസ്സുള്ള ഊക്കന്‍ കാലുകളും, ഭൂമി തൊട്ടു ഞാണ്ടുകിടക്കുന്ന വമ്പന്‍ തുമ്പിക്കൈയുമുള്ള ആനയഴകന്‍ രാജ്യത്തൊട്ടാകെയുള്ള ആനപ്രേമികളുടെ ആവേശമായതില്‍ അതിശയമുണ്ടോ!
പിന്നെ, രാമന്റെ ഏറെ ഗാംഭീര്യമുള്ള ആ മന്ദഗതി സമഗ്രമായ ആനച്ചന്തത്തിനു ദൃഷ്ടാന്തം. 2014 മുതല്‍ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി ആറു കിലോമീറ്റര്‍ നടന്നുവന്ന്, വടക്കുന്നാഥന്‍ ക്ഷേത്രത്തിന്റെ തെക്കേ ഗോപുര വാതില്‍ തള്ളിത്തുറന്നു പൂരവിളംബരം ചെയ്ത രാമരാജാ ഉത്സവപ്രേമികളുടെ ഹരമായതും, കേരള സംസ്‌കൃതിയില്‍ അന്തര്‍ലീനമായതും ചരിത്രത്തിന്റെ ഭാഗം!
ആരെക്കാളും തലപ്പൊക്കം
”താനാണ് ഭഗവതിയുടെ തങ്കത്തിടമ്പേറ്റി എഴുന്നള്ളത്തിന്റെ മധ്യഭാഗത്തു നില്‍ക്കുന്നതെന്നു തിരിച്ചറിയുന്ന വീരന്‍ മസ്തകമുയര്‍ത്തി ഒരു നില്‍പുണ്ട്. രാജകീയ പ്രൗഢിയാണപ്പോള്‍ ഗജരാജകേസരിയെ കാണാന്‍” നെയ്തലക്കാവ് ക്ഷേത്രത്തിന്റെ തട്ടകക്കാരനായ ആനന്ദ് കെ. ആട്ടോര്‍ ആവേശം കൊണ്ടു!
”തിടമ്പിറക്കും വരെ അവന് അതേ തലപ്പൊക്കമുണ്ടായിരിക്കും. സൂര്യനമസ്‌കാരം ചെയ്യുമ്പോള്‍ നെഞ്ചും തലയും നാം ഉയര്‍ത്തുന്നതിനു സമാനമായ ഒരു ഉദ്ധാരണമാണത്. രാമന്റെ ശിരസ്സ് മേഘം തൊടേ ഉയരുമ്പോള്‍ എഴുന്നള്ളത്തില്‍ ഇടത്തും വലത്തുമുള്ള ആനകള്‍ക്ക് പെട്ടെന്നു പൊക്കം കുറഞ്ഞുവോയെന്ന് നമുക്കു തോന്നിപ്പോകും,” ആനപ്രേമിയായ ആനന്ദ് എടുത്തുപറയുന്നു.
സൂര്യനമസ്‌കാര സമാനമായ ഈ തല ഉയര്‍ത്തലാണ് മത്സരങ്ങളിലെല്ലാം വിജയിച്ച് ഏറ്റവും തലപ്പൊക്കമുള്ള ആനയ്‌ക്കുള്ള സമ്മാനങ്ങള്‍ നേടാന്‍ ഗജസാമ്രാട്ടിനെ പതിവായി തുണയ്‌ക്കുന്നതും. കുറ്റിയങ്കാവ് പോലെയുള്ള ക്ഷേത്രാങ്കണങ്ങളിലും, ഇത്തിത്താനം, ചെറായി, ചക്കുമശ്ശേരി മുതലായ തലപ്പൊക്ക മത്സര മേളകളിലും, വേലകളും പൂരങ്ങളും അടക്കിവാണിരുന്ന കണ്ടമ്പുള്ളി ബാലനാരായണനോടും ‘സൂര്യപു
ത്രന്‍’ മംഗലാംകുന്ന് കര്‍ണനോടും, ചെര്‍പ്പുളശ്ശേരി രാജശേഖരനോടും അതുപോലെ അനവധി ഉയരത്തമ്പുരാന്മാരോടും നേരിട്ട് ഏറ്റുമുട്ടിയാണ് ആനകേരളത്തിന്റെ അതികായനായി രാമന്‍ കിരീടമണിഞ്ഞത്. നെറ്റിപ്പട്ടം കെട്ടിയ രാമന്‍ തലയുയര്‍ത്തി ഒന്നു നിന്നാല്‍ പോരെ, അതു തന്നെയൊരു പകല്‍പൂരം!
പാമ്പൂര്‍ നിവാസി സനീഷ് പണിക്കര്‍ രാമനെയോര്‍ക്കുന്നത് രണ്ടു ദിവസത്തെ പൂരം മൂന്നു ദിവസമാക്കി മാറ്റിയതിനു കാരണഭൂതനായ ഹീറോ ആയാണ്. മേടമാസത്തിലെ പൂരം നാളില്‍ പൂരവും, പിറ്റേന്ന് പാറമേക്കാവ്-തിരുവമ്പാടി ഭഗവതിമാരുടെ എഴുന്നള്ളത്തുകള്‍ ഉപചാരം ചൊല്ലി പിരിയലും. രണ്ടാം നാളിലെ ആഘോഷത്തിനു തൃശ്ശൂരുകാരുടെ പൂരമെന്നൊരു വിളിപ്പേരുമുണ്ട്.
”അതുവരെ ഒരു ചെറിയ ചടങ്ങു മാത്രമായി പൂരത്തലേന്നു നടന്നിരുന്ന വിളംബരത്തിനൊരു ഉത്സവ പ്രതിച്ഛായ ലഭിച്ചത് നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റിയ രാമന്‍ വടക്കുന്നാഥന്റെ തെക്കേ ഗോപുരവാതില്‍ തള്ളിത്തുറക്കാന്‍ തുടങ്ങിയതോടെയാണ്. വെളുപ്പിനു തന്നെ ആയിരങ്ങളാണ് കരിസ്മാറ്റിക് കാരക്ടറായ കൊമ്പനെക്കാണാന്‍ നെയ്തലക്കാവിലെത്തുന്നത്. ഗജഭീമന്‍ നയിക്കുന്ന എഴുന്നള്ളത്തിനോപ്പം അവര്‍ വടക്കുന്നാഥനില്‍ എത്തുമ്പോഴേക്കും കുടമാറ്റഭൂമി ജനസമുദ്രമായിത്തീര്‍ന്നിട്ടുണ്ടാവും! പ്രിയപ്പെട്ടവന്‍ തെക്കേ ഗോപുര വാതില്‍ തള്ളിത്തുറക്കുന്ന ദൃശ്യമൊന്നു കാണുകയാണ് പൂരപ്രേമികളുടെ ലക്ഷ്യം. രാമന്റെ തുമ്പിക്കൈ വാതിലില്‍ തൊട്ട നിമിഷം മൈതാനമാകെ ആര്‍പ്പുവിളികളാല്‍ പ്രകമ്പനം കൊള്ളും. പരശ്ശതം കേമറകള്‍ ഒരുമിച്ചു മിന്നും! വ്യക്തം, ഇതാണ് രാമന്‍ കൂട്ടിച്ചേര്‍ത്ത പുതിയ പൂരദിനം,” സനീഷ് വിവരിക്കുന്നു.
രാമനെക്കുറിച്ചു തമിഴ്‌നാടിന്റെ ഉള്‍ഭാഗത്തുള്ളൊരു ഗ്രാമീണനു പോലും നന്നായി അറിയാമെന്നതിനു സാക്ഷ്യം വഹിക്കാന്‍ ആനപ്രേമിയും പൂരപ്രേമിയുമായ ആര്‍.രാജേഷിന് ഈയിടെ ഒരു നിയോഗമുണ്ടായി. തൃശ്ശിനാപ്പള്ളിയിലേക്കുള്ളൊരു വിനോദയാത്രക്കിടയില്‍, പാറക്കോട്ടൈ കോവിലില്‍ നിന്നു പത്തറുപതു മൈല്‍ അകലെയുള്ള ഒറ്റപ്പെട്ടൊരു ഊരില്‍ യദൃച്ഛയാ കണ്ടുമുട്ടിയ ഒരു കൃഷിക്കാരന്‍, രാജേഷ് തൃശ്ശൂര്‍ സ്വദേശിയാണെന്നറിഞ്ഞപ്പോള്‍, പ്രതികരിച്ചതിന്റെ മലയാള പരിഭാഷയിങ്ങനെ: ”നിങ്ങളുടെ നാട്ടിലല്ലേ വളരെ പ്രശസ്തനായ ഒരു ആനയുള്ളത്! ‘തിരുച്ചൂര്‍’ പൂരവും ആ ആനയെയും അറിയാത്തവരായി ലോകത്താരുമില്ല!”
തമിഴ് നന്‍പന്റെ നേര്‍മയുള്ള വാക്കുകള്‍ കേട്ടു രാജേഷിന്റെ ഉള്ളും പുറവും ഒരുപോ
ലെ കുളിരുകോരിയത്രേ!
എന്നും തിടമ്പിനര്‍ഹന്‍
സാംസ്‌കാരിക തലസ്ഥാനത്ത് പതിവായി ചര്‍ച്ചചെയ്യപ്പെടുന്ന മറ്റൊരു കാര്യമാണ് ഒരാനയാല്‍ ഒരു ക്ഷേത്രം ഏറെ പ്രശസ്തമായിത്തീര്‍ന്നുവെന്ന യാഥാര്‍ത്ഥ്യം. പേരാമംഗലത്തോ കൂടിയാല്‍ തൃശ്ശൂര്‍ ജില്ലയിലോ മാത്രം അറിയപ്പെട്ടിരുന്നൊരു ഭഗവതി ക്ഷേത്രം ഇന്നു ലോകപ്രശസ്തമായത് രാമനാലാണ്. കീര്‍ത്തി മാത്രമല്ല, സമ്പത്തും അവന്‍ നേടിത്തരുന്നു. ക്ഷേത്ര വികസനം പുരോഗമിച്ചതും, മറ്റൊരാനയായ ദേവിദാസനെ വാങ്ങാനായതും രാമനെക്കൊണ്ടല്ലേ! യശസ്സിന്റെ പരകോടിയിലെത്തിയ ഐതിഹാസിക ഗജപ്രമുഖര്‍ ഗുരുവായൂര്‍ കേശവനും പത്മനാഭനും ചെങ്ങല്ലൂര്‍ രംഗനാഥനും പട്ടത്ത് ശ്രീകൃഷ്ണനും പാമ്പാടി രാജനും ചുള്ളിപ്പറമ്പില്‍ സൂര്യനും ലഭിച്ചിട്ടില്ലാത്ത ഏക്കപ്പണമാണ് രാമനു ലഭിച്ചുകൊണ്ടിരിക്കുന്നത്. 2023-ല്‍ ചാവക്കാട് മണത്തലയിലെ ശ്രീ വിശ്വനാഥ ക്ഷേത്രോത്സവത്തിന് ഒരൊറ്റ ദിവസം തിടമ്പ് എഴുന്നള്ളി നില്‍ക്കാന്‍ രാമനു ലഭിച്ച പ്രതിഫലം ആറേമുക്കാല്‍ ലക്ഷം രൂപയാണ്! ഇതൊരു റെക്കോര്‍ഡ്; എന്നും പ്രതീക്ഷിക്കാവുന്ന ഏക്കപ്പണമല്ല.
കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ വടക്കുന്നാഥന്റെ തെക്കേ ഗോപുരവാതില്‍ തള്ളിത്തുറക്കാന്‍ ഭാഗ്യം ലഭിച്ച കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ എറണാകുളം ശിവകുമാറിനോ, തൃശ്ശൂര്‍ പൂരത്തിന്റെ പതിവു സെലബ്രിറ്റികളല്ലെങ്കിലും തലയെടുപ്പു തലവന്മാരായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തൃക്കടവൂര്‍ ശിവരാജുവിനോ, ചിറക്കല്‍ കാളിദാസനോ പുതുപ്പള്ളി കേശവനോ ലഭിക്കുന്ന വേതനം രാമന്റേതുമായി താരതമ്യമില്ല. തിടമ്പേറ്റിയ രാമന് വലംകൂട്ട് നില്‍ക്കാനേ മംഗലാംകുന്ന് അയ്യപ്പനോ തിരുവമ്പാടി കുട്ടിശങ്കരനോ, ശങ്കരകുളങ്ങര കേശവനോ പൂമുള്ളി പൃഥ്വിരാജിനോ കഴിഞ്ഞിട്ടുള്ളൂ. ഇരിക്കസ്ഥാനത്തേക്കുള്ള പൊക്കം അളന്നാലും തലപ്പൊക്കം നോക്കിയാലും തിടമ്പിന് അര്‍ഹത എന്നും രാമനു തന്നെ!
കാഴ്ചക്കുറവും അക്രമസ്വഭാവവും ചൂണ്ടിക്കാട്ടി തൃശ്ശൂര്‍പൂര വിളംബരത്തില്‍ നിന്നു മാറ്റി നിര്‍ത്തിയ 2023-ലും 2024-ലും വടക്കുന്നാഥനിലേക്കുള്ള നെയ്തലക്കാവ് ക്ഷേത്രത്തിന്റെ ഘടകപൂരം നയിച്ചത് രാമന്‍ തന്നെയാണ്. പ്രശ്‌നക്കാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും, അഴകും അളവും ഒത്തുചേര്‍ന്ന രാമന്‍, നെന്മാറ രാമന്‍ എന്ന പാപ്പാന്‍ നയിക്കുന്ന രാമന്‍, ഇന്നും നിരവധി പൂരവേദികളിലെ നിറസാന്നിധ്യം. പൂരപ്രേമികളുടെയും, ആനപ്രേമികളുടെയും, ഈ രണ്ടു ഇഷ്ടങ്ങളും അത്രയില്ലാത്തവരുടെയും ആരാധ്യന്‍. സംശയമില്ലാതെ പറയാം, മലയാളമണ്ണില്‍ ഇതുപോലെ മറ്റൊരവതാരമില്ല. തെച്ചിക്കോട്ടുകാവിലമ്മയാണേ സത്യം, രാമന്‍ ജീവിക്കുന്ന ഇതിഹാസം!
പ്രതികരിക്കാൻ ഇവിടെ എഴുതുക