കണ്ണൂര്‍: സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ സംഘങ്ങളുമായി സിപിഎമ്മിനും പ്രത്യേകിച്ച് പി. ജയരാജനും ബന്ധമുണ്ടെന്ന സിപിഎം കണ്ണൂര്‍ മുന്‍ ജില്ലാകമ്മിറ്റിയംഗം മനു തോമസിന്റെ വെളിപ്പെടുത്തലോടെ തകര്‍ന്നടിയുന്നത് സിപിഎം. കണ്ണൂരിലെ മുതിര്‍ന്ന നേതാവും ഒരു വിഭാഗം അണികളുടെ ‘ചെന്താരക’വുമായ പി.ജയരാജന്റെയും പാര്‍ട്ടിയുടേയും നേതാക്കളുടെ തനിനിറം പുറത്തായി. ഞാനാണ് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് എന്നും പ്രവര്‍ത്തകരുടെ രക്ഷകനെന്നും പി. ജയരാജന് സ്വയം കെട്ടിപ്പൊക്കിയ പ്രതിച്ഛായ തകര്‍ന്നു.
കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരിക്കെ പി. ജയരാജന് സ്വര്‍ണക്കടത്ത് സംഘത്തിന്റെ സംരക്ഷകനായിരുന്നുവെന്നാണ് മനു തോമസ് തുറന്നടിച്ചത്. ആകാശ് തില്ലങ്കേരിയും അര്ജുന് ആയങ്കിയും നടത്തുന്ന സ്വര്‍ണം പൊട്ടിക്കലിന്റെ കോര്‍ഡിനേറ്റായി പ്രവര്‍ത്തിക്കുന്നത് ജയരാജന്റെ മകന് ജയിന് രാജാണെന്ന ആരോപണവും ജയരാജനെ വെളിപ്പെടുത്തി. പാര്‍ട്ടിയില്‍ ഗ്രൂപ്പുണ്ടാക്കാന്‍ പി. ജയരാജന് ചര്‍ച്ച നടത്തിയെന്നും മകനെയും ക്വട്ടേഷന്‍കാരെയും ഉപയോഗിച്ച് വിദേശത്തുള്‍പ്പെടെ ജയരാജന് കച്ചവടങ്ങള്‍ നടത്തിയെന്നുമാണ് മനു തോമസ് ആരോപിച്ചത്.
സ്വര്‍ണക്കടത്ത്- സൈബര്‍ ക്വട്ടേഷന്‍ സംഘങ്ങളായ ആകാശ് തില്ലങ്കേരിയെയും അര്ജുന് ആയങ്കിമാരെയും കാറില്‍ കയറ്റിക്കൊണ്ടു നടന്ന് സംരക്ഷിച്ചതും വന്‍ വൃക്ഷങ്ങളായി വളര്‍ത്തിയതും പി. ജയരാജനാണെന്നും മനു തോമസ് തുറന്നടിച്ചു. പോരാളി ഷാജി, റെഡ് ആര്‍മി, ചെങ്കതിര്, ചെങ്കോട്ട തുടങ്ങിയ ഇടതു അനുകൂല സൈബര്‍ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ കോര്‍ഡിനേറ്റ് ചെയ്യുന്നത് പി. ജയരാജന്റെ മകനാണെന്നായിരുന്നു മനു തോമസിന്റെ ആരോപണം.
പാര്‍ട്ടിയിലെ സൈബര്‍ ക്വട്ടേഷന്‍ സംഘങ്ങളാണ് പാര്‍ട്ടി നടത്തുന്ന എല്ലാ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നതെന്ന് മനു തോമസിന്റെ വെളിപ്പെടുത്തല്‍ വ്യക്തമാക്കുന്നു. പ്രതിരോധിക്കാന്‍ ക്വട്ടേഷന്‍ സംഘാംഗങ്ങളും അവര്‍ നേതൃത്വം നല്കുന്ന ഗ്രൂപ്പുകളുംതന്നെ പാര്‍ട്ടിക്കുവേണ്ടി പരസ്യമായിറങ്ങിയതും പാര്‍ട്ടിയുടെ സ്വര്‍ണ്ണക്കടത്ത് ബന്ധം വ്യക്തമാക്കുന്നു.
പുതിയ വെളിപ്പെടുത്തലുകളും പാര്‍ട്ടിയുടെ ഒരു ജില്ലാ കമ്മിറ്റിയംഗത്തെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്ന വിവാദങ്ങളും പ്രരോധിക്കാനാവാതെ നേതൃത്വം ഉഴറുകയാണ്.
അതേസമയം മനു തോമസിന്റെ വെളിപ്പെടുത്തലിനേയും ജയരാജന്റെ ക്വട്ടേഷന്‍ ബന്ധത്തേയും ചൊല്ലിയുള്ള പാര്‍ട്ടി അണികളുടേയും പ്രവര്‍ത്തകരുടേയും ചേരിതിരിഞ്ഞ് ആരോപണ പ്രത്യാരോപണങ്ങളുമായുള്ള സൈബര്‍ പോരാട്ടം പാര്‍ട്ടിയുടെ സൈബറിടങ്ങളില്‍ കൂടുതല്‍ ശക്തമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: