ഗയാന: ദക്ഷിണാഫ്രിക്കയെക്കാള്‍ ഒരു ജയത്തിന്റെ കുറവുമായാണ് ഭാരതം ട്വന്റി20 ലോകകപ്പ് ഫൈനലില്‍ പ്രവേശിച്ചിരിക്കുന്നത്. ആദ്യ റൗണ്ട് മത്സരങ്ങളില്‍ കാനഡയ്‌ക്കെതിരെ മഴകാരണം കളിക്കാനാവാതെ പോയതാണ് ഇതിന് കാരണം. പക്ഷെ ബാക്കിയുള്ള മത്സരങ്ങളെല്ലാം ഓള്‍റൗണ്ട് മികവോടെ ജയിച്ചുകൊണ്ടാണ് ഭാരതത്തിന്റെ മുന്നേറ്റം. ഒടുവില്‍ സെമിയില്‍ ഇംഗ്ലണ്ടിന്റെ വീര്യത്തെയും കെടുത്തിക്കൊണ്ടാണ് കലാശപ്പോരിന് യോഗ്യരായിരിക്കുന്നത്.
ബോളിങ്ങിനെ പിന്തുണയ്‌ക്കുന്ന വേഗത കുറഞ്ഞ ഗയാനയിലെ പിച്ചില്‍ ഭാരത നായകന്‍ രോഹിത് ശര്‍മയും(57) സൂര്യകുമാര്‍ യാദവും(47) ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ നേടിയ 73 റണ്‍സ് നിര്‍ണായകമായി. അവസാന ഓവറുകളില്‍ ഹാര്‍ദിക് പാണ്ഡ്യ(23)യും രവീന്ദ്ര ജഡേജയും(17) അക്ഷര്‍ പട്ടേലും(10) വിലപ്പെട്ട സംഭാവനകള്‍ നല്‍കി. 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഭാരതം നേടിയ 171 റണ്‍സിനെതിരെ ഇംഗ്ലണ്ട് 103 റണ്‍സില്‍ ഒടുങ്ങി. 16.4 ഓവറില്‍ എല്ലാവരും പുറത്തായി. ഇംഗ്ലീഷ് ബാറ്റിങ് നിരയെ എറിഞ്ഞിടുന്നതില്‍ മുന്നില്‍ നിന്നത് അക്ഷര്‍ പട്ടേല്‍ ആണ്. മൂന്ന് വിക്കറ്റ് നേടിയ താരത്തിന്റെ പ്രകടനം നിര്‍ണായകമായി. തുടക്കത്തിലേ ഇംഗ്ലണ്ടിനെ സമ്മര്‍ദ്ദത്തിലാക്കിയ അക്ഷര്‍ കളിയിലെ താരമായി. മൂന്ന് വിക്കറ്റുമായി കുല്‍ദീപ് യാദവും രണ്ട് വിക്കറ്റുമായി ബുംറയും മികച്ചു നിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: