ന്യൂദല്‍ഹി: ഭാരതത്തിന്റെ പ്രതിരോധ സേനയുടെ കരുത്ത് വര്‍ധിപ്പിച്ച് ചാഫ് റോക്കറ്റുകള്‍ ഇനി നാവികസേനയ്ക്ക് സ്വന്തം. ബുധനാഴ്ച ന്യൂദല്‍ഹിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഡിആര്‍ഡിഒ മീഡിയം റേഞ്ച്-മൈക്രോവേവ് ഒബ്സ്ക്യുറന്റ് ചാഫ് റോക്കറ്റ് (എംആര്‍-എംഒസിആര്‍) നാവികസേനയ്ക്ക് കൈമാറി.
ഡിആര്‍ഡിഒയുടെ ജോധ്പൂരിലുള്ള ലബോറട്ടറിയിലാണ് മൈക്രോവേവ് ഒബ്സ്ക്യുറന്റ് ചാഫ് എന്ന അത്യാധുനിക സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്. ഇതിലൂടെ റഡാര്‍ സിഗ്നലുകളെ മറയ്ക്കാനും ഒരു മൈക്രോവേവ് കവചം സൃഷ്ടിക്കാനും കഴിയും. റോക്കറ്റിന്റെ പരീക്ഷണം നാവികസേനയുടെ കപ്പലുകളില്‍ നിന്ന് വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.
പ്രതിരോധവകുപ്പ് സെക്രട്ടറിയും ഡിആര്‍ഡിഒ ചെയര്‍മാനുമായ ഡോ. സാമിര്‍ വി. കമ്മത്ത് നാവികസേന റിയര്‍ അഡ്മിറല്‍ ബ്രിജേഷ് വസിഷ്ഠയ്ക്ക് റോക്കറ്റ് കൈമാറി. പുതിയ നേട്ടം കൈവരിച്ചതിന് ഡിആര്‍ഡിഒ ചെയര്മാന് ജോധ്പൂര്‍ ലബോറട്ടറിയിലെ ഉദ്യോഗസ്ഥരെ അഭിനന്ദിച്ചു. വളരെചുരുങ്ങിയ സമയത്തില്‍ അത്യാധുനിക സാങ്കേതിക വിദ്യയോടെ തദ്ദേശീയമായി റോക്കറ്റ് നിര്‍മിച്ച് കൈമാറിയതിന് നാവികസേനയും ഡിആര്‍ഡിഒയെ പ്രശംസിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: