തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദുവിന്റെ നിയമസഭയിലെ പ്രസ്താവന അത്യന്തം അപലപനീയമെന്ന് എബിവിപി.
കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനകളില്‍ നിന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ഒഴിഞ്ഞു നില്‍ക്കണം. ഇന്ത്യന്‍ നോളഡ്ജ് സിസ്റ്റത്തിലൂടെ വിദ്യാര്‍ത്ഥികളില്‍ വികലമായ ചരിത്ര ബോധവും അശാസ്ത്രീയ കാഴ്ചപ്പാടും അന്ധവിശ്വാസവും വളര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന നിയമസഭയിലെ പ്രസ്താവന പിന്‍വലിച്ച് മന്ത്രി മാപ്പു പറയണമെന്നും എബിവിപി സംസ്ഥാന സെക്രട്ടറി ഇ.യു. ഈശ്വരപ്രസാദ് ആവശ്യപ്പെട്ടു.
ഭാരതത്തിന്റെ വൈജ്ഞാനിക മൂല്യങ്ങള്‍ ഭാരതീയരായ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതിനെ രാഷ്ട്രീയാന്ധതയാല്‍ പരിഹസിക്കുന്ന മന്ത്രി, വിദ്യാര്‍ത്ഥി സമൂഹം പാശ്ചാത്യ അടിമത്വത്തിന്റേയും കോളനിവല്ക്കരണത്തിന്റേയും വിഴുപ്പു പേറുന്ന സ്വാഭിമാന ബോധവും സ്വത്വബോധവുമില്ലാത്ത ജനതയായി മാറണമെന്നാണോ വിഭാവനം ചെയ്യുന്നതെന്നു വ്യക്തമാക്കണം. ഐഎസ്ആര്‍ഒ മുന്‍ ചെയര്മാന് കസ്തൂരിരംഗന്റെ അധ്യക്ഷതയില്‍, അക്കാദമിക വിദഗ്ധര്‍ തയാറാക്കിയ ദേശീയ വിദ്യാഭ്യാസ നയത്തിലെ ശുപാര്‍ശയായ ഇന്ത്യന്‍ നോളഡ്ജ് സിസ്റ്റം ശരിക്കും എന്താണെന്ന് മന്ത്രി മനസിലാക്കാന്‍ തയാറാകണം. ദേശീയ വിദ്യാഭ്യാസ നയത്തെ ബോധപൂര്‍വ്വം വികലമായി ചിത്രീകരിക്കുന്ന എസ്എഫ്ഐ പോലുള്ള സംഘടനകളുടെ വക്താവായിട്ടല്ലാതെ ഉത്തരവാദിത്ത ബോധത്തോടെ വിഷയങ്ങളെ മന്ത്രി സമീപിക്കണമെന്നും ഇന്ത്യന്‍ നോളഡ്ജ് സിസ്റ്റം കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് അപ്രാപ്യമാക്കുന്ന ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ക്കെതിരെ എബിവിപി അതിശക്തമായി പ്രതിഷേധിക്കുമെന്നും ഈശ്വരപ്രസാദ് പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: