തിരുവനന്തപുരം : മുൻ കേന്ദ്ര മന്ത്രിയും തിരുവനന്തപുരത്തെ എൻ ഡി എ സ്‌ഥാനാർഥിയുമായിരുന്ന രാജീവ് ചന്ദ്രശേഖറിനെത്തേടി ഒരു അതിഥിയെത്തി- ഗൗരീശപട്ടം നിവാസിയും മോഡലുകൾ നിർമ്മിക്കുന്നതിൽ വിദഗ്ധനുമായ ബില്ലു രാജ് ആയിരുന്നു ആ സന്ദർശകൻ.
ഇന്ത്യൻ വ്യോമസേനയിൽ യുദ്ധ പൈലറ്റ് ആയി സേവനമനുഷ്ഠിക്കവെ രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് കമ്മഡോർ എം കെ ചന്ദ്രശേഖർ നിരവധി യുദ്ധമുഖങ്ങളിലേക്ക് പറത്തിയിരുന്ന ഡക്കോട്ട വിമാനത്തിന്റെ മാതൃകയായിരുന്നു ബില്ലു രാജ് രാജീവ് ചന്ദ്രശേഖറിന് സമ്മാനിച്ചത്.
ഡിസൈൻ കൺസൾട്ടന്റും ചെറുമോഡലുകൾ നിർമ്മിക്കുന്നതിൽ വിദഗ്ധനുമായ ബില്ലു രാജ് തന്നെ സ്വയം നിർമ്മിച്ച ഡക്കോട്ട മാതൃകയായിരുന്നു അത്. തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത് എത്തിയ അതേ ദിവസമാണ് ബില്ലു രാജ് ഡക്കോട്ട വിമാന മാതൃകയുടെ നിർമ്മാണം തുടങ്ങുന്നത്. രണ്ടര മാസം കൊണ്ട് പണി പൂർത്തിയാക്കി.
അനന്തിരവൻ സുരാജ് കുമാറിനൊപ്പം കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ രാജീവ് ചന്ദ്രശേഖറിന്റെ വസതിയിലെത്തിയാണ് “വിലമതിക്കാനാവാത്തതെ’ന്നു അദ്ദേഹം തന്നെ തുറന്നു പറഞ്ഞ ഡക്കോട്ട വിമാന മാതൃക ബില്ലു രാജ് സമ്മാനിച്ചത്. യഥാർത്ഥ ഡക്കോട്ട വിമാനത്തിന്റ കൃത്യമായ അളവനുപാതങ്ങളോടെ നിർമ്മിക്കപ്പെട്ട ഈ ചെറുമാതൃക ബംഗളുരുവിൽ വിശ്രമ ജീവിതം നയിക്കുന്ന തന്റെ പിതാവിന് സമ്മാനിക്കുമെന്ന് രാജീവ് ചന്ദ്രശേഖർ അന്നേരം തന്നെ ബില്ലു രാജിന് ഉറപ്പും നൽകി.
വ്യോമസേനയിൽ യുദ്ധ പൈലറ്റ് ആയി സേവനമനുഷ്ഠിക്കവെ രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എയർ കമ്മഡോർ എം കെ ചന്ദ്രശേഖർ പറത്തിയിരുന്നത് ഡക്കോട്ട വിമാനങ്ങളായിരുന്നു. കാലഹരണപ്പെട്ട ആ വിമാനങ്ങൾ പിൽക്കാലത്ത് സേനയിൽ നിന്ന് പിൻവലിച്ച് ലേലം ചെയ്തു വിൽക്കുകയായിരുന്നു. അവ ലേലത്തിൽ പിടിച്ച വ്യാപാരിയിൽ നിന്ന് തന്റെ പിതാവ് വിവിധ യുദ്ധമുഖങ്ങളിലേക്ക് പറന്നിറങ്ങിയിരുന്ന അതേ വിമാനം രാജീവ് ചന്ദ്രശേഖർ വിലകൊടുത്ത് വാങ്ങി പുനർനിർമ്മിച്ച് വീണ്ടും പറക്കലിന് സജ്ജമാക്കി ഇന്ത്യൻ വ്യോമസേനക്ക് തന്നെ മടക്കി നൽകി. സേനയിൽ നിന്ന് പിൻവലിച്ച് നാല് പതിറ്റാണ്ടിനു ശേഷം 2018 മുതൽ വ്യോമസേനയുടെ പ്രദർശന പറക്കലുകളിലെല്ലാം സ്‌ഥിരം താര സാന്നിദ്ധ്യമായി തുടരുകയാണ് ‘പരശുരാമ’ എന്ന് പേരിട്ട ആ ഡക്കോട്ട വിമാനം. ഫ്രാൻസ്, ഇറ്റലി, ഗ്രീസ്, ജോർദാൻ, ബഹ്‌റൈൻ, ഒമാൻ വഴി മൊത്തം 9,750 കിലോമീറ്റർ ദൂരം പറന്നാണ് പുനർനിർമ്മാണം നടത്തിയ ഡക്കോട്ട വിമാനം 2018 ഏപ്രിൽ 25 ന് ജാംനഗർ എയർഫോഴ്‌സ് സ്റ്റേഷനിൽ എത്തുന്നത്. തുടർന്ന് നടന്ന ചടങ്ങിൽ വിമാനം ഔപചാരികമായി വ്യോമസേനയുടെ വിന്റേജ് വിഭാഗത്തിൽ ചേർക്കപ്പെട്ടു.
വിദ്യാർത്ഥിയായിരിക്കവേ എൻ സി സി കേഡറ്റ് ആയിരുന്ന ബില്ലു രാജ് നിരവധി ദേശീയ പരേഡുകളിൽ പങ്കെടുക്കുകയും എൻ സി സി സംഘടിപ്പിച്ച മത്സരങ്ങളിൽ ചെറുമാതൃകകൾ സൃഷ്ടിച്ച് പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്. വി എസ് എസ് സി അടക്കമുള്ള സ്‌ഥാപനങ്ങളിൽ വിവിധ മാതൃകകൾ ഇതിനോടകം നിർമ്മിച്ച് നൽകിയിട്ടുള്ള ബില്ലു രാജിന് റോക്കറ്റുകൾ അടക്കമുള്ളവയുടെ ചെറു മോഡലുകൾ വ്യാവസായികാടിസ്‌ഥാനത്തിൽ നിർമ്മിച്ച് നൽകുകയാണ് ലക്‌ഷ്യം.
80-കളുടെ മദ്ധ്യത്തിൽ ബിജെപി എറണാകുളം ജില്ല പ്രസിഡൻ്റ്/ സെക്രട്ടറി ആയിരുന്ന കവി രാജിന്റെ മകനാണ് ബില്ലു രാജ്. കുടുംബത്തിനുമൊപ്പം തിരുവനന്തപുരം ഗൗരീശപട്ടത്താണ് ഇപ്പോൾ താമസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: