ഓംബിര്‍ള ലോക്‌സഭാ സ്പീക്കറായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത് ജനാധിപത്യത്തിന്റെ അന്തസ്സുയര്‍ത്തുന്നതും, പതിനെട്ടാം പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ ജനവിധിക്കനുസൃതവുമാണ്. ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയ്‌ക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നിട്ടും തെരഞ്ഞെടുപ്പില്‍ തോറ്റതിന്റെ മാനക്കേട് മറച്ചുപിടിക്കാനും, സഭാ നടപടികള്‍ തടസ്സപ്പെടുത്താനും ശ്രമിച്ച കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ് നല്‍കിയത്. സ്പീക്കറെ സമവായത്തിലൂടെ ഒറ്റക്കെട്ടായി തെരഞ്ഞെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സര്‍ക്കാര്‍ പ്രതിപക്ഷത്തെ സമീപിച്ചതാണ്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമായി ചര്‍ച്ച നടത്തുകയും ചെയ്തു. എന്നാല്‍ ഇങ്ങനെയൊരു നല്ല തുടക്കം വേണ്ടെന്ന് തീരുമാനിച്ച കോണ്‍ഗ്രസും ഈ പാര്‍ട്ടിയെ പിന്തുണയ്‌ക്കുന്ന ചില കക്ഷികളും ചേര്‍ന്ന് സമവായം അട്ടിമറിക്കുകയാണുണ്ടായത്. കോണ്‍ഗ്രസ് എംപി കൊടിക്കുന്നില്‍ സുരേഷിനെ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിപ്പിക്കുകയും ചെയ്തു. ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം തങ്ങള്‍ക്ക് തരണമെന്നും, എങ്കില്‍ മാത്രമേ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയെ പിന്തുണക്കുകയുള്ളൂവെന്നും കോണ്‍ഗ്രസ് പിടിവാശി കാണിച്ചതാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പിലേക്ക് സ്ഥിതിഗതികളെത്തിച്ചത്. ഈ വെല്ലുവിളി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായി. ഡെപ്യൂട്ടി സ്പീക്കറെ പ്രതിപക്ഷത്തിന് നല്‍കുന്നത് കീഴ്‌വഴക്കമല്ലാതിരുന്നിട്ടും ഈ ആവശ്യമുന്നയിച്ച് കോണ്‍ഗ്രസ് ബഹളമുണ്ടാക്കിയത് പാര്‍ലമെന്ററി ജനാധിപത്യത്തോടുള്ള അനാദരവാണ് കാണിക്കുന്നത്.
രാജസ്ഥാനിലെ കോട്ടയില്‍നിന്ന് മൂന്നാമതും എംപിയായി തെരഞ്ഞെടുക്കപ്പെട്ട ഓം ബിര്‍ള രണ്ടാം മോദി സര്‍ക്കാരില്‍ സുമിത്ര മഹാജന്റെ പിന്‍ഗാമിയായാണ് സ്പീക്കര്‍ പദവിയിലെത്തിയത്. സൗമ്യനും സഭാ നടപടികള്‍ നിയന്ത്രിക്കുന്നതില്‍ നൈപുണ്യം തെളിയിച്ചിട്ടുള്ളയാളുമായ ഓം ബിര്‍ളക്ക് ഒരിക്കല്‍ക്കൂടി സ്പീക്കര്‍ പദവിയിലെത്താനുള്ള എല്ലാ യോഗ്യതയുമുണ്ട്. എന്നാല്‍ ജനാധിപത്യത്തിന്റെ മൂല്യം ഉള്‍ക്കൊള്ളാതെയും, പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ രീതികള്‍ അംഗീകരിക്കാതെയും പ്രതിപക്ഷം എതിര്‍പ്പ് പ്രകടിപ്പിക്കുകയായിരുന്നു. കൊടിക്കുന്നില്‍ സുരേഷിനെ സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിപ്പിച്ച് എന്തോ അത്ഭുതം കാണിക്കാന്‍ പോവുകയാണെന്ന പ്രതീതിയും സൃഷ്ടിച്ചു. മതിയായ അംഗബലമില്ലാതിരുന്നിട്ടും പ്രതിപക്ഷത്തെ ഐക്യവും ശക്തിയും തെളിയിക്കാനാണത്രേ ഇങ്ങനെ ചെയ്തത്. എന്നാല്‍ ഇതിനോട് ‘ഇന്‍ഡി’ സഖ്യത്തില്‍പ്പെടുന്ന തൃണമൂല്‍ കോണ്‍ഗ്രസിനെപ്പോലുള്ള പാര്‍ട്ടികള്‍ യോജിച്ചില്ല. തങ്ങളോട് ആലോചിക്കാതെയാണ് കൊടിക്കുന്നിലിനെ കോണ്‍ഗ്രസ് സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയാക്കിയതെന്നും, ഏകപക്ഷീയമായ ഈ നടപടിയെ അംഗീകരിക്കില്ലെന്നും തൃണമൂല്‍ നേതാക്കള്‍ പരസ്യമായി വിമര്‍ശിക്കുകയും ചെയ്തു. വേണ്ടത്ര സമയമില്ലാതിരുന്നതിനാലാണ് ഇക്കാര്യത്തില്‍ ചര്‍ച്ച നടത്താതിരുന്നതെന്ന കോണ്‍ഗ്രസിന്റെ വാദം പല പാര്‍ട്ടികളും അംഗീകരിച്ചില്ല. പ്രതിപക്ഷത്തെ വല്യേട്ടനാവാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നടത്തിയത്. സഖ്യകക്ഷികളില്‍ പലര്‍ക്കും ഇതില്‍ അനിഷ്ടമുണ്ടായി. പുറത്ത് പ്രകടിപ്പിച്ചില്ലെന്നു മാത്രം. ഇതുകൊണ്ടുതന്നെയാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിന് നില്‍ക്കാതെ കോണ്‍ഗ്രസ് ഓടിയൊളിച്ചത്.
ഭരണഘടനയുടെ കോപ്പികളുമായെത്തി എന്‍ഡിഎ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് നടത്തിയ ശ്രമത്തിനും കനത്ത തിരിച്ചടി ലഭിച്ചു. സ്പീക്കറായി ചുമതലയേറ്റശേഷം ഓം ബിര്‍ള അടിയന്തരാവസ്ഥാ വിരുദ്ധ പ്രമേയം അവതരിപ്പിച്ചത് കോണ്‍ഗ്രസിന്റെ മുഖംമൂടി വലിച്ചുകീറി. ഭരണഘടന അട്ടിമറിച്ച് 1975 ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനും, പൗരാവകാശങ്ങളും മാധ്യമ സ്വാതന്ത്ര്യവും റദ്ദു ചെയ്തതിനും കോണ്‍ഗ്രസിനെയും പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയെയും വിമര്‍ശിച്ചുകൊണ്ടുള്ള പ്രമേയം സ്പീക്കര്‍ അവതരിപ്പിച്ചത് പ്രതിപക്ഷത്തെ ഞെട്ടിച്ചു. അടിയന്തരാവസ്ഥ ഉള്‍പ്പെടെ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ ഭരണഘടനാ വ്യവസ്ഥകളെ അട്ടിമറിച്ച സംഭവങ്ങള്‍ നിരവധിയാണ്. കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും നരസിംഹറാവുവും മന്‍മോഹന്‍ സിങ്ങും ഇതു ചെയ്തവരാണ്. അടിയന്തരാവസ്ഥയെ സഭ അപലപിക്കുകയാണെന്നും, ജനാധിപത്യ ചരിത്രത്തിലെ കറുത്ത അധ്യായമായിരുന്നു അതെന്നും സ്പീക്കര്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറയുന്നത് ഭരണഘടനാ സംരക്ഷകര്‍ ചമയുന്ന കോണ്‍ഗ്രസിന്റെ തനിനിറം തുറന്നുകാട്ടി. പ്രതിപക്ഷ പാര്‍ട്ടികള്‍ കോണ്‍ഗ്രസുമായി അകലം പാലിക്കുകയും ചെയ്തു. അടിയന്തരാവസ്ഥയ്‌ക്കെതിരെ പോരാടിയവരെയും, അതിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവരെയും സ്മരിച്ച് ഭരണകക്ഷിയംഗങ്ങള്‍ മൗനം ആചരിച്ചപ്പോള്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളമുണ്ടാക്കി. അടിയന്തരാവസ്ഥയുടെ പേരില്‍ കോണ്‍ഗ്രസ് മാപ്പുപറയണമെന്ന് ആവശ്യപ്പെട്ട് ബിജെപി അംഗങ്ങള്‍ പാര്‍ലമെന്റ് വളപ്പില്‍ പ്രതിഷേധിക്കുകയും ചെയ്തതോടെ കോണ്‍ഗ്രസ് ഒറ്റപ്പെട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ തുടര്‍ച്ചയായി ഇത് മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: