India

ചന്ദ്രയാന്‍ നാലിന് രണ്ട് വിക്ഷേപണം; ഭാഗങ്ങള്‍ സംയോജിപ്പിക്കുക ബഹിരാകാശത്ത്: ഐഎസ്ആര്‍ഒ

Published by

ന്യൂദല്‍ഹി: ഭാരതത്തിന്റെ ചാന്ദ്രയാന്‍ നാലാം ദൗത്യത്തില്‍ ഇരട്ട വിക്ഷേപണമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ്. സോമനാഥ്. ചന്ദ്രനില്‍ നിന്ന് സാമ്പിള്‍ ശേഖരിക്കുകയെന്നതാണ് ചന്ദ്രയാന്‍ നാലിലൂടെ ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നത്. മുന്‍ പതിപ്പുകളെ പോലെ ഒറ്റ വിക്ഷേപണമായല്ല, ഇരട്ടവിക്ഷേപണമാണ് ദൗത്യത്തില്‍ നടക്കുക, അദ്ദേഹം വ്യക്തമാക്കി. ദല്‍ഹിയില്‍ ഇന്ത്യാ സ്‌പെയ്‌സ് കോണ്‍ഗ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പേടകം രണ്ട് ഭാഗങ്ങളായാണ് വിക്ഷേപിക്കുക. ബഹിരാകാശത്ത് വച്ച് ഇവ തമ്മില്‍ സംയോജിപ്പിച്ച്, ചന്ദ്രനിലേക്ക് യാത്ര തുടരും. നിലവില്‍ ഐഎസ്ആര്‍ഒ ഉപയോഗിക്കുന്ന റോക്കറ്റുകളുടെ പരിമിതികള്‍ മൂലമാണ് ഇരട്ട വിക്ഷേപണമെന്ന ആശയത്തിലെത്തിയത്. ഐഎസ്ആര്‍ഒയുടെ ഏറ്റവും ശക്തിയേറിയ വിക്ഷേപണ റോക്കറ്റുകള്‍ക്ക് വഹിക്കാനാകുന്നതിനേക്കാള്‍ ഭാരമാണ് ഈ ദൗത്യത്തിലുള്ളത്.

അന്താരാഷ്‌ട്ര ബഹിരാകാശ നിലയം പോലെ ബഹിരാകാശത്ത് വച്ച് വ്യത്യസ്ത പേടകങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രക്രിയ മുമ്പ് പല ദൗത്യങ്ങളിലും നടന്നിട്ടുണ്ട്. എന്നാല്‍ ഒരു ബഹിരാകാശ പേടകത്തിന്റെ ഭാഗങ്ങള്‍ രണ്ട് തവണയായി വിക്ഷേപിച്ച്, ബഹിരാകാശത്ത് സംയോജിപ്പിക്കുന്നത് ആദ്യമായിരിക്കും. ബഹിരാകാശ പേടകത്തിന്റെ ഭാഗങ്ങള്‍ ബഹിരാകാശത്ത് സംയോജിപ്പിക്കുന്ന ഡോക്കിങ് സാങ്കേതിക വിദ്യ വികസിപ്പിക്കുന്ന ജോലികള്‍ തുടരുകയാണ്. സ്പെഡെക്സ് (സ്‌പെയ്‌സ് ഡോക്കിങ് എക്‌സ്പിരിമെന്റ്) എന്ന് പേരില്‍ ഈ വര്‍ഷം അവസാനത്തോടെ ഇത് പരീക്ഷിക്കും. ഒരു ചാന്ദ്രദൗത്യ വിക്ഷേപണ വാഹനത്തിന്റെ മൊഡ്യൂളുകള്‍ ഭൂമിയെ ചുറ്റുന്ന ഭ്രമണപഥത്തില്‍ വച്ച് സംയോജിപ്പിക്കുന്നത് ആദ്യമായാണ്, അദ്ദേഹം വിശദീകരിച്ചു.

ഈ സാങ്കേതിക വിദ്യ ബഹിരാകാശ നിലയം ഉള്‍പ്പെടെയുള്ള ഭാവി ബഹിരാകാശ ദൗത്യങ്ങളില്‍ ഭാരതത്തിന് പ്രയോജനം ചെയ്യും. ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍ (ബിഎഎസ്) എന്ന ബഹിരാകാശ നിലയത്തിന്റെ നിര്‍മാണവും വ്യത്യസ്ത ഭാഗങ്ങള്‍ പലതവണയായി ബഹിരാകാശത്ത് എത്തിച്ച് കൂട്ടിച്ചേര്‍ത്തുകൊണ്ടായിരിക്കും. ചന്ദ്രയാന്‍ നാലാം ദൗത്യത്തിനായുള്ള നിര്‍ദേശം സര്‍ക്കാരിന്റെ അനുമതിക്കായി നല്കിയിട്ടുണ്ട്. ഐഎസ്ആര്‍ഒയുടെ വിഷന്‍ 47 ഉദ്യമത്തിന്റെ ഭാഗമായുള്ള നാല് പദ്ധതി നിര്‍ദേശങ്ങളില്‍ ഒന്നാണിതെന്നും സോമനാഥ് പറഞ്ഞു. 2035 ഓടെ സ്വന്തം ബഹിരാകാശ നിലയം സ്ഥാപിക്കാനും 2040 ഓടെ മനുഷ്യനെ ചന്ദ്രനിലെത്തിക്കാനും ലക്ഷ്യമിട്ടുള്ളതാണ് വിഷന്‍ 47.

ബഹിരാകാശ നിലയ വിക്ഷേപണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് നല്കാനുള്ള വിശദ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രൊപ്പോസല്‍ തയാറാക്കിക്കൊണ്ടിരിക്കുകയാണ്. ബിഎഎസിന്റെ ആദ്യ ഭാഗത്തിന്റെ വിക്ഷേപണം നിലവിലുള്ള ലോഞ്ച് വെഹിക്കിള്‍ 3 റോക്കറ്റ് ഉപയോഗിച്ചാവും. 2028 ഓടെ ഈ വിക്ഷേപണം നടത്താനാണ് പദ്ധതി. ശേഷം പരിഷ്‌കരിച്ച എല്‍വിഎം-3 റോക്കറ്റോ നിര്‍മാണത്തിലുള്ള പുതിയ ഹെവി റോക്കറ്റായ നെക്സ്റ്റ് ജെനറേഷന്‍ ലോഞ്ച് വെഹിക്കിളോ (എന്‍ജിഎല്‍വി) ഉപയോഗിച്ചായിരിക്കും നിലയത്തിന്റെ ബാക്കിയുള്ള ഭാഗങ്ങളുടെ വിക്ഷേപണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by