Football

പോര്‍ച്ചുഗലിനെ അട്ടിമറിച്ച് ജോര്‍ജിയ പ്രീക്വാര്‍ട്ടറില്‍

Published by

ഗെല്‍സെന്‍കിര്‍ചെന്‍: തുടക്കം മുതല്‍ ഒടുക്കം വരെ അത്യുഗ്രന്‍ പോരാട്ടം കാഴ്‌ച്ചവച്ച പോര്‍ച്ചുഗലിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് അട്ടിമറിച്ച് ജോര്‍ജിയ. പുതുമുഖ ടീമായ ജോര്‍ജിയ ചരിത്രത്തില്‍ ആദ്യമായി യൂറോ കപ്പില്‍ വിജയം നേടുന്നത് വമ്പന്‍മാരായ പോര്‍ച്ചുഗലിനെ തോല്‍പ്പിച്ചുകൊണ്ടാണ്. കരുത്തന്‍ പ്രതിരോധം തീര്‍ത്ത ജോര്‍ജിയ കിട്ടയ കൗണ്ടര്‍ അറ്റാക്കുകളില്‍ പോര്‍ചുഗല്‍ ഗോള്‍ മുഖം ലക്ഷ്യമാക്കി നേട്ടം കൊയ്യുകയായിരുന്നു.

കളി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ ഈ നയം ജോര്‍ജിയ നടപ്പാക്കി. ഖ്വിച്ച ക്വാരാത്ത്‌സ്ഖീലിയ നേടിയ ഗോളില്‍ ജോര്‍ജിയ മുന്നിലെത്തി. ഇതിന് പിന്നാലെ ആദ്യ പകുതിയിലുടനീളം നിരവധി മുന്നേറ്റങ്ങളാണ് പോര്‍ചുഗല്‍ നടത്തിയത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അടക്കമുള്ളവര്‍ തൊടുത്ത ഷോട്ടുകള്‍ക്ക് മുന്നില്‍ ജോര്‍ജിയ ഗോളി ജിയോര്‍ഗി മമാര്‍ദഷ്‌വിലി തടസ്സം സൃഷ്ടിച്ചുകൊണ്ടിരുന്നു. ഒരുതരത്തില്‍ പറഞ്ഞാല്‍ മത്സരത്തില്‍ ജോര്‍ജിയയുടെ വിജയശില്‍പ്പി ഈ ഗോള്‍ കീപ്പര്‍ അല്ലാതെ മറ്റാരുമല്ല. സ്പാനിഷ് ക്ലബ്ബ് വലന്‍സിയയുടെ ഗോള്‍ വല കാക്കുന്ന താരമാണ് ജിയോര്‍ഗി.

ഒരു ഗോള്‍ നഷ്ടത്തില്‍ പോര്‍ചുഗല്‍ രണ്ടാം പാതി കളിക്കാനിറങ്ങി. ഗംഭീര ആക്രമണങ്ങളും മുന്നേറ്റങ്ങളും കാഴ്‌ച്ചവച്ചു ഗോളിലേക്ക് മികച്ച ഷോട്ടുകള്‍ തൊടുത്തു പക്ഷെ തെല്ല് വ്യത്യാസത്തില്‍ എല്ലാം നിഷ്പ്രഭമായി അല്ലെങ്കില്‍ ജിയോര്‍ഗി തട്ടിയകറ്റും. ഇതായിരുന്നു സ്ഥിതി. ഇതിനിടെ രണ്ട് വട്ടം ജോര്‍ജിയയ്‌ക്ക് പ്രത്യാക്രമണത്തിന് അവസരം ലഭിച്ചു. അതിലൊന്നില്‍ അവര്‍ പെനല്‍റ്റി നേടിയെടുത്തു. കിക്കെടുത്ത ജോര്‍ജെസ് മികാവുറ്റാഡ്‌സെ പന്ത് വലയിലെത്തിച്ചു ലീഡ് ഇരട്ടിയാക്കി. പിന്നീട് അവസാനം വരെ പോര്‍ചുഗല്‍ കിണഞ്ഞു ശ്രമിച്ചിട്ടും ഒരു ആശ്വാസ ഗോള്‍ പോലും നേടാനാകാതെ മടങ്ങേണ്ടിവന്നു.

ജയത്തോടെ ഗ്രൂപ്പ് എഫില്‍ നാല് പോയിന്റുമായി ജോര്‍ജിയ മികച്ച മൂന്നാം സ്ഥാനക്കാരായി പ്രീക്വാര്‍ട്ടറിന് അര്‍ഹത നേടി.

പ്രീക്വാര്‍ട്ടര്‍ ലൈനപ്പ്

സ്വിറ്റ്‌സര്‍ലന്‍ഡ്-ഇറ്റലി            (നാളെ രാത്രി 9.30)
ജര്‍മനി-ഡെന്‍മാര്‍ക്ക്              (നാളെ രാത്രി 12.30)
ഇംഗ്ലണ്ട്-സ്ലൊവേനിയ             (ഞായര്‍ രാത്രി 9.30)
സ്‌പെയിന്‍-ജോര്‍ജിയ             (ഞായര്‍ രാത്രി 12.30)
ഫ്രാന്‍സ്-ബെല്‍ജിയം             (തിങ്കള്‍ രാത്രി 9.30)
പോര്‍ച്ചുഗല്‍-സ്ലൊവേനിയ    (തിങ്കള്‍ രാത്രി 12.30)
റൊമേനിയ-നെതര്‍ലന്‍ഡ്‌സ് (ചൊവ്വ രാത്രി 9.30)
ഓസ്ട്രിയ-തുര്‍ക്കി                    (ചൊവ്വ രാത്രി 12.30)

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by