അമ്പലപ്പുഴ: മോട്ടോര്‍ വാഹന നിയമങ്ങള്‍ കാറ്റില്‍പ്പറത്തി രൂപ മാറ്റം വരുത്തി ഓടിച്ച കാര്‍ പിടികൂടി. ആലപ്പുഴ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ആര്. രമണന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആലപ്പുഴ ആറാട്ടുവഴിയില്‍ വെച്ച് കാര്‍ പിടികൂടിയത്.
ഫോക്സ്വാഗന് പോളോ കാറാണ് രൂപമാറ്റം വരുത്തിയത്. 16.5 സെ.മീ. ഉണ്ടായിരുന്ന കാറിന്റെ ഫ്രണ്ട് സസ്പെന്ഷന് ആറ് സെ.മീറ്ററാക്കി ചുരുക്കി. ഇത് സ്റ്റിയറിങ് വീല്‍ നിയന്ത്രിക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടാക്കും. കൂടാതെ കാറിന്റെ നാല് ഭാഗത്തെയും ടയറുകള്‍ക്കും മാറ്റം വരുത്തി. അമിതമായ ശബ്ദം കേള്‍പ്പിക്കാനായി കാറിന് പ്രത്യേക സൈലന്‍സറും ഘടിപ്പിച്ചിരുന്നു.
കോടതി ഉത്തരവുകള്‍ മറി കടന്ന് വാഹനത്തില്‍ സണ്‍ ഗ്ലാസ് ഫിലിമും ഒട്ടിച്ചിരുന്നു. രൂപമാറ്റം വരുത്തി നിരത്തിലോടിയ ഈ കാര്‍ കഴിഞ്ഞ മാസം എറണാകുളം എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ പിടികൂടി 25,500 രൂപ പിഴയീടാക്കിയിരുന്നു. വാഹനത്തില്‍ വരുത്തിയ മാറ്റം പൂര്‍വസ്ഥിതിയിലാക്കാമെന്ന ഉറപ്പിന്മേല് മാപ്പപേക്ഷ എഴുതി നല്കിയ ശേഷമാണ് വാഹനം അന്നു കൊടുത്തു വിട്ടത്. കഴിഞ്ഞ ദിവസം വാഹന പരിശോധനക്കിടെയാണ് ഈ വാഹനം ആര്‍ടിഒ പിടികൂടിയത്. വാഹനമോടിച്ചിരുന്ന ചേര്‍ത്തല സ്വദേശി കാളിദാസന്റെ ലൈസന്‍സ് താല്കാലികമായി മൂന്നു മാസത്തേക്ക് റദ്ദ് ചെയ്തുവെന്നും ഇദ്ദേഹത്തില്‍ നിന്ന് 21,500 രൂപ പിഴയീടാക്കിയതായും ആര്‍ടിഒ അറിയിച്ചു. കൂടാതെ വാഹനത്തിന്റെ രജിസ്ട്രേഷന് സസ്പെന്‍ഡ് ചെയ്തു.
മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ശശി.കെ. വര്‍മ, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ചന്തു സി.ജി., വരുണ്‍ എന്നിവരടങ്ങുന്ന സംഘമാണ് കാര്‍ പിടികൂടിയത്. അടുത്തിടെയാണ് കാറില്‍ നീന്തല്‍ കുളം സജ്ജമാക്കി ഓടിച്ച യൂട്യൂബര്‍ക്കെതിരെ മോട്ടേര്‍ വാഹനവകുപ്പ് നടപടിയെടുത്തത്. അനുവദീനയമല്ലാത്ത രീതിയില്‍ ഫിറ്റിങ്സുകള് ഘടിപ്പിക്കുകയും, രൂപ മാറ്റം വരുത്തുകയും ചെയ്യുന്നതാണ് തീപിടുത്തം ഉള്‍പ്പടെയുള്ള അപകടങ്ങള്‍ക്ക് കാരണമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: