പത്തനംതിട്ട: ഇരവിപേരൂരിൽ പുഴയിൽവീണ് കാണാതായി മരണപ്പെട്ട യുവാവിനെ അച്ഛന്റെ മൃതദേഹത്തിനൊപ്പം സംസ്കരിച്ചു. വള്ളംകുളം കുന്നുംപുറത്ത് കെ.ജി. സോമശേഖരൻ നായരുടെ മകൻ പ്രദീപ് നായരുടെ മൃതദേഹമാണ് അച്ഛന്റെ സംസ്‌കാരം നടക്കുന്നതിനിടെ പുഴയിൽ നിന്ന് കണ്ടെത്തിയത്. ശനിയാഴ്ച ഹൃദയാഘാതത്താൽ മരിച്ച സോമശേഖരൻ നായരുടെ സംസ്‌കാരച്ചടങ്ങുകൾ നടത്തുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ചിതയ്‌ക്ക് തീകൊളുത്തേണ്ട മകന്റെ മൃതദേഹം പുഴയിൽ നിന്നും കണ്ടെത്തുന്നത്.
മണിമലയാറ്റിലെ കറ്റോട് ചക്കുകടവിനുസമീപം 11 മണിയോടെയാണു കണ്ടെത്തിയത്. വാർഡുമെമ്പർ വീനിഷും അനുജനും പോലീസിനെ സഹായിക്കാൻ എത്തിയ സോമനുംകൂടിയാണ് മൃതദേഹം കരയ്‌ക്കടുപ്പിച്ചത്.പ്രദീപ് വീണ പൂവപ്പുഴയിൽനിന്ന് നാലുകിലോമീറ്ററോളം താഴെയാണ് മൃതദേഹം കണ്ടെത്തിയത്. തിരുവല്ല പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
അച്ഛന് തയ്യാറാക്കിയ അതേ ചിതയിൽ വൈകീട്ട് ആറുമണിയോടെ മകനെയും ദഹിപ്പിച്ചു. സോമശേഖരൻ നായരുടെ സംസ്‌കാരകാര്യങ്ങളെക്കുറിച്ച് സംസാരിക്കാൻ ഞായറാഴ്ച കരയോഗത്തിൽ എത്തിയപ്പോഴാണ് പ്രദീപ് പുഴയിൽ വീണത്. കരയോഗം പ്രസിഡന്റുമായി സംസാരിച്ചശേഷം മുഖം കഴുകാനായി ആറ്റിലേക്കുപോയി.
ഷർട്ടിന്റെ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ വെള്ളത്തിലേക്ക് വീഴുന്നതുകണ്ട് പിടിക്കാൻ ശ്രമിക്കവേ കാൽവഴുതി കുത്തൊഴുക്കിലേക്ക് വീണതായി പറയുന്നു. ചുഴിയും ശക്തമായ കുത്തൊഴുക്കും ആയതിനാൽ കരയിൽനിന്നവർക്ക് രക്ഷിക്കാൻ കഴിഞ്ഞില്ല. അഗ്നിരക്ഷാസേന അധികൃതരും ദുരന്തനിവാരണസംഘവും ദിവസങ്ങൾ തിരിഞ്ഞിട്ടും കണ്ടെത്തിയില്ല. പ്രദീപിനെ കണ്ടെത്താനാകാത്തതിനാൽ അച്ഛന്റെ സംസ്‌കാരം ബുധനാഴ്ച തീരുമാനിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: