കാസര്‍കോട്: മനുഷ്യാവകാശ കമ്മീഷന് ഉത്തരവ് ഉണ്ടായിട്ടും കെട്ടിട നമ്പര്‍ അനുവദിക്കാതെ വീണ്ടും സ്ഥലവും കെട്ടിടവും അളന്നു ബോധ്യപ്പെടുന്നതിന് വേണ്ട മുഴുവന്‍ ചിലവുകളും പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്ന് ഈടാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ജോയിന്റ് ഡയറക്ടര്‍ക്കും മുഖ്യമന്ത്രിക്കും പരാതി. ഇളമ്പച്ചിയിലെ ബാലന് ആണ് തൃക്കരിപ്പൂര്‍ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ പരാതി നല്‍കിയത്. ബാലന്റെ ദുരിതം നേരത്തെ ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ബാലന്റെ കെട്ടിടം പഞ്ചായത്തും വില്ലേജ് അധികൃതരും ഉപജില്ലാ അദാലത്തു സമിതിയും മുമ്പ് അളന്ന് അകലം സംബന്ധിച്ച് ബോധ്യപ്പെട്ട് റിപ്പോര്‍ട്ട് നല്കിയിട്ടുള്ളതാണ്. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ പഴയതാണെന്നും അത് അംഗീകരിക്കാന്‍ പറ്റില്ലെന്നും താന്‍ ഉള്ളപ്പോള്‍ വീണ്ടും സ്ഥലം അളന്നു ബോധ്യപ്പെടുന്നതിനും വേണ്ടി താലൂക്ക് സര്‍വേയര്‍ക്ക് കത്ത് നല്‍കിയിരിക്കുകയാണ് പഞ്ചായത്തിലെ പുതിയ സെക്രട്ടറി.
കമ്മീഷന് മുമ്പാകെ റെയില്‍വേ അകലം സംബന്ധിച്ച അളവുകള്‍ ബോധ്യമുണ്ടെന്നു മൊഴി നല്കിയ സെക്രട്ടറിയാണ് വീണ്ടും ബാലന്റെ സ്ഥലം അളന്നു ബോധ്യപ്പെടാന്‍ വില്ലേജ് മുതല്‍ താലൂക്ക് സര്‍വ്വേയര്‍ വരെയുള്ളവരുടെ സഹായം തേടി ഡിപ്പാര്‍ട്ട്മെന്റിന് അധിക ബാധ്യത വരുത്തുന്നത് ഈ ഉദ്യോഗസ്ഥന്റെ ധിക്കാര നടപടിയാണെന്ന് ബാലന് മുഖ്യമന്ത്രിക്ക് അയച്ച പരാതിയില്‍ പറയുന്നു. 2014ല്‍ ഈ പഞ്ചായത്ത് ബാലന് കെട്ടിടം നിര്‍മിക്കാന്‍ പെര്‍മിറ്റ് നല്‍കുകയും 2020ല്‍ കെട്ടിട നികുതി ഈടാക്കി വില്ലേജ് അധികൃതര്‍ പഞ്ചായത്തിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിട്ടുള്ളതാണ്. കമ്മീഷന് ഉത്തരവ് നല്‍കിയിട്ടും കെട്ടിട നമ്പര്‍ നല്‍കാതിരിക്കുന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നടപടി മൂലം തനിക്കു വന്ന ആകെ നഷ്ടം 35,69,000 രൂപയാണെന്ന് ബാലന് വ്യക്തമാക്കി. നഷ്ടപരിഹാരം ആവശ്യപ്പെട്ട് വകുപ്പ് മന്ത്രിക്കും ബാലന് പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: