മനുഷ്യജന്മത്തോളം മഹത്വം മറ്റൊന്നിനുമില്ല. ഈ ലോകത്തെ അറിഞ്ഞും അനുഭവിച്ചും ഭൂമിയില്‍ ജീവിക്കാനുള്ള അവസരം സിദ്ധിച്ചു എന്നതാണ് ആ മഹത്വം. ഈശ്വരന് തന്ന ഏറ്റവും വലിയ വരദാനമാണത്. മാതൃഗര്‍ഭത്തില്‍ ഒമ്പത് മാസം നീണ്ടുനില്‍ക്കുന്ന പ്രപഞ്ചത്തിലെ ഏറ്റവും വലിയ കലാസൃഷ്ടിക്കുശേഷം അതിന്റെ പൂര്‍ണ്ണതയില്‍ ആവിഷ്കരിക്കപ്പെട്ടവരാണ് നാമോരോരുത്തരും. മനസ്സും, ശരീരവും, ബുദ്ധിയും ആത്മാവുമെല്ലാം ഒരുമിച്ചുചേര്‍ന്ന ഒരത്ഭുത സൃഷ്ടി വൈഭവം. പിറന്നുവീണ ലോകത്തെ പഞ്ചേന്ദ്രിയങ്ങളിലൂടെ അറിയാനും അനുഭവിക്കാനും മാത്രമല്ല അതിനോട് പ്രതികരിക്കാനും അവനവനിലെ സര്‍ഗചേതനയെ ഉണര്‍ത്തി ലോകത്തെ കൂടുതല്‍ സമ്പന്നമാക്കി തീര്‍ക്കാനും കഴിവുള്ള ഏക ജീവിയാണ് മനുഷ്യന്.
എന്നാല്‍ ഈ സൃഷ്ടി വൈഭവത്തില്‍ നമുക്കിടയില്‍ ചിലരെങ്കിലും ശാരീരികമോ മാനസികമോ ബുദ്ധിപരമോ ആയ പരിമിതികള്‍ അനുഭവിക്കുന്നുണ്ട്. അടുത്തറിയുമ്പോഴാണ് അവരിലെ ദിവ്യമായ കഴിവുകള്‍ നമുക്കറിയാന്‍ കഴിയുക. അതുകൊണ്ടുതന്നെ അവര്‍ അംഗപരിമിതിയുള്ളവരല്ല. മറിച്ച് ദിവ്യമായ അംഗത്തോടുകൂടിയവരാണ്. ഈ അര്‍ത്ഥത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി 2016-ലെ തന്റെ പതിവ് റേഡിയോ പ്രഭാഷണത്തില്‍ അവരെ ‘ദിവ്യാംഗര്‍’ എന്ന് വിശേഷിപ്പിച്ചത്.
ദിവ്യാംഗര്‍ക്ക് മാത്രമല്ല ലോകമെമ്പാടുമുള്ള മാനവരാശിക്കാകെ പ്രേരണയും പ്രചോദനവുമാണ് ദിവ്യാംഗയായിരുന്ന അമേരിക്കന്‍ സാഹിത്യകാരി ഹെലന് ആദംസ് കെല്ലര്‍ അഥവാ ഹെലന് കെല്ലര്‍. 1880 ജൂണ്‍ 27ന് അമേരിക്കയിലെ ടസ്കാംബിയയില്‍ അലബാമയിലെ ഒരു സമ്പന്നകുടുംബത്തില്‍ ജനനം. പൂര്‍ണ്ണ ആരോഗ്യവതിയായിട്ടാണ് കെല്ലര്‍ ജനിച്ചതെങ്കിലും കുഞ്ഞു നാളില്‍ പിടിപെട്ടെ മാരകമായ അസുഖത്തെ തുടര്‍ന്ന് 19 മാസം പ്രായമുള്ളപ്പോള്‍ ഹെലന് കാഴ്ചയും കേള്‍വിയും നഷ്ടപ്പെട്ടു. മരിച്ചുപോകുമെന്ന് ഡോക്ടര്‍ വിധിയെഴുതിയെങ്കിലും വെളിച്ചവും ശബ്ദവുമില്ലാത്ത രണ്ടാം ജന്മം ദൈവമവള്‍ക്ക് വിധിച്ചു.
കുഞ്ഞായിരുന്നപ്പോള്‍ താന്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാണെന്നവളറിഞ്ഞിരുന്നില്ല. എന്നാല്‍ പിന്നീട് തനിക്കു ചുറ്റുമുള്ളവര്‍ സംസാരിക്കുന്നത് കണ്ട് അവള് ആശ്ചര്യപ്പെട്ടു. പലകുറി ശ്രമിച്ചെങ്കിലും അവളില്‍ നിന്ന് ശബ്ദം പുറത്തു വന്നില്ല. തനിക്ക് മറ്റുള്ളവരെപ്പോലെ സംസാരിക്കാന്‍ കഴിയില്ലെന്ന് അവള് തിരിച്ചറിഞ്ഞു. അടക്കാനാവാത്ത മനോവിഷമം പലപ്പോഴും അണപ്പൊട്ടിയൊഴുകി. സംസാരിക്കാനുള്ള പരിശ്രമങ്ങള്‍ പരാജയപ്പെടുമ്പോഴെല്ലാം അവള് അമ്മയുടെ കൈകളില്‍ മുഖമമര്‍ത്തിക്കരഞ്ഞുകൊണ്ടിരുന്നു. ആ കുഞ്ഞു മനസ്സിന്റെ വേദന മാതാപിതാക്കള്‍ക്കും താങ്ങാവുന്നതിലപ്പുറമായിരുന്നു.
ഹെലന് കെല്ലറിന്റെ ജീവിതം മാറ്റിമറിച്ചത് അവളുടെ അധ്യാപികയായി സൗത്ത് ബോസ്റ്റണിലെ കാഴ്ച വൈകല്യമുള്ള സ്കൂളിലെ ഇന്‍സ്ട്രക്ടറായെത്തിയ ആനി സുള്ളിവനാണ്. അധ്യാപിക തന്റെ വീട്ടില്‍ ആദ്യമായി വന്നദിനം ”തന്റെ ആത്മാവിന്റെ ജന്മദിനം” എന്നാണ് കെല്ലര്‍ പില്ക്കാലത്ത് വിശേഷിപ്പിച്ചത്. ഹെലനെ കാണാന്‍ വന്ന ആദ്യദിനം ആനിസുള്ളിവന്‍ സമ്മാനമായി നല്‍കിയത് ഒരു പാവയെ ആയിരുന്നു. ഒപ്പം ഹെലന്റെ കൈതണ്ടയില്‍ അവര്‍ റീഹഹ (റീഹഹ) എന്നെഴുതിയത്രെ. സ്പര്ശനത്തിലൂടെയും ആംഗ്യങ്ങളിലൂടെയും കെല്ലര്‍ അക്ഷരങ്ങളുടെ ലോകത്തേയ്ക്ക് പ്രവേശിക്കാന്‍ തുടങ്ങിയത് അന്നു മുതല്ക്കാണ്. തന്റെ ആത്മകഥയായ ‘ദി സ്റ്റോറി ഓഫ് മൈ ലൈഫില്‍” ഹെലന് കെല്ലര്‍ ഇത് സ്മരിക്കുന്നുണ്ട്.
പരിമിതികളെ ഉല്ലംഘിച്ച് ആ അധ്യാപികയുടെ സഹായത്തോടെ മാല കോര്‍ക്കാനും, മരത്തില്‍ കയറാനും, പട്ടം പറത്താനും അവള് പഠിച്ചു. ചുറ്റുവട്ടത്തെ മറ്റെല്ലാ പരിചിത വസ്തുക്കളുടെയും പേരുകള്‍ വരച്ചുകാണിക്കാന്‍ അവള് സുള്ളിവനോടാവശ്യപ്പെട്ടു. താളം അനുഭവിച്ച് സംഗീതം ആസ്വദിക്കാനും സ്പര്‍ശനത്തിലൂടെ മൃഗങ്ങളുമായി ബന്ധം സ്ഥാപിക്കാനും അവള്‍ക്കു കഴിഞ്ഞു.
അധ്യാപിക എന്നതിനപ്പുറം ആനി സുള്ളിവന് പിന്നീട് ഹെലന്‍കെല്ലറുടെ സന്തതസഹചാരിയായി. ഇച്ഛാശക്തിയിലൂടെ പഠനത്തില്‍ മിടുക്കിയായി മാറിയ ഹെലന് 1900 ല്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയിലെ റാഡ്ക്ലിഫ് കോളേജില്‍ നിന്ന് ബിരുദം നേടി. ആദ്യത്തെ ബധിര ബിരുദധാരിയായി. ബിരുദപഠനകാലത്തെ അധ്യാപകനായിരുന്ന വില്‍ഹെം ജെറുസലേമാണ് ഹെലന്റെ സാഹിത്യാഭിരുചി ആദ്യമായി കണ്ടെത്തിയത്. മറ്റുള്ളവരുമായി കഴിയുന്നത്ര ആശയവിനിമയം നടത്താന്‍ തീരുമാനിച്ച കെല്ലര്‍ ‘ടാഡോമ’ രീതി ഉപയോഗിച്ച് ആളുകളുടെ സംസാരം ‘കേള്‍ക്കാന്‍’ പഠിച്ചു. ആശയവിനിമയത്തിനായി വിരലടയാളം ഉപയോഗിക്കുന്നതിലും പ്രാവീണ്യം നേടി.
കെല്ലര്‍ ലോകപ്രശസ്ത പ്രഭാഷകയും എഴുത്തുകാരിയുമായി മാറി. വൈകല്യമുള്ളവര്‍ക്കുവേണ്ടി അവരുടെ ജീവിതാവസ്ഥകളെകുറിച്ച് പ്രചോദനാത്മകമായ പ്രഭാഷണങ്ങള്‍ നടത്തി. സാമൂഹ്യ-രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലും സക്രിയമായി. ഭിന്നശേഷിക്കാര്‍ക്കായി സ്ത്രീകളുടെ വോട്ടവകാശം, തൊഴില്‍ അവകാശങ്ങള്‍, ലോകസമാധാനം എന്നിവയ്ക്കായി പ്രചാരണം നടത്തി. അമേരിക്കയിലെ ജനപ്രിയ സാഹിത്യകാരന് മാര്‍ക്ക്ട്വയിന്‍ വിശേഷിപ്പിച്ചത് 19-ാം നൂറ്റാണ്ടിലെ ലോകനേതാക്കളില്‍ രണ്ടുപേര്‍ നെപ്പോളിയനും ഹെലന്‍കെല്ലറുമെന്നാണ്. മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് 1968 ജൂണ്‍ 1ന് തന്റെ 87-ാം വയസ്സില്‍ ഹെലന് കെല്ലര്‍ ഈ ലോകത്തോട് വിടപറഞ്ഞു.
ഭൂമിയിലേക്ക് പിറന്നു വീണതിനുശേഷം അന്ധയും ബധിരയുമായി തീരാന്‍ വിധിക്കപ്പെട്ട ഹെലന് കെല്ലര്‍ ഇച്ഛാശക്തികൊണ്ടും ആര്‍ജ്ജവം കൊണ്ടും ജീവിത വിജയം വരിച്ച വ്യക്തിത്വമാണ്. അതുകൊണ്ട് തന്നെ ഹെലന്റെ ജീവിതം അംഗപരിമിതര്‍ക്കുമാത്രമല്ല അതിജീവനം ആഗ്രഹിക്കുന്ന എല്ലാവര്ക്കും പ്രേരണയും പ്രചോദനവുമാണ്.
ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്ന നിരവധിപേര്‍ നമുക്കുചുറ്റും ഉണ്ട്. നമുക്കൊപ്പം ജീവിക്കുന്ന സഹജീവികള്‍. അതിജീവനം ക്ലേശകരമാക്കുംവിധം അംഗപരിമിതിയുടെ ദൗര്‍ഭാഗ്യത്തില്‍ കഴിയുന്ന ഈ സഹോദരങ്ങളില്‍ നമ്മുടെ ശ്രദ്ധയും ദൃഷ്ടിയും പതിയേണ്ടത് അനിവാര്യമാണ്. പ്രധാനമന്ത്രി സൂചിപ്പിച്ചതുപോലെ അംഗപരിമിതരല്ല, ‘ദിവ്യാംഗന്’ രാണ്. അവരിലെ ഉറങ്ങിക്കിടക്കുന്ന കഴിവുകളെ, അവരില്‍ സക്രിയമാകുന്ന അത്ഭുതശേഷികളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും കഴിഞ്ഞാല്‍ നിരവധി ഹെലന് കെല്ലര്‍മാരെ സമൂഹത്തിന് സംഭാവന ചെയ്യാന്‍ നമുക്ക് കഴിയും.
കേരളത്തില്‍ ഈ മേഖലയില്‍ ഇന്ന് അത്യുദാത്തമായ സേവനം ചെയ്യുന്ന പ്രസ്ഥാനമാണ് സക്ഷമ (സമദൃഷ്ടി ക്ഷമതാവികാസ് അനുസന്ധാന്‍ മണ്ഡല്). ദിവ്യാംഗരുടെ ഉന്നമനത്തിനും ജീവിതവിജയത്തിനുമായി ഒട്ടനവധി സംരംഭങ്ങളും സംവിധാനങ്ങളുമൊരുക്കി വളരെ സുഘടിതമായ സാമാജിക പ്രവര്‍ത്തനമാണ് സക്ഷമ നടത്തിക്കൊണ്ടിരിക്കുന്നത്.
സര്‍വ്വചരാചരങ്ങളിലും കുടികൊള്ളുന്നത് ഒരേ ഈശ്വരചൈതന്യമാണെന്ന ഭാരതീയ ദര്‍ശനം പരിമിതികള്‍ക്കപ്പുറം ഓരോ വ്യക്തിയിലുമുള്ള സാധ്യതയെ കണ്ടെത്താനും വികസിപ്പിക്കാനും നമ്മെ പ്രേരിപ്പിക്കുന്നതാണ്. ദിവ്യാംഗരുടെ ഉള്ളിലെ പൂര്‍ണ്ണതയെ കണ്ടെത്തി ആവിഷ്കരിക്കാനുള്ള അവസരമൊരുക്കുക എന്നത് നമ്മുടെ സാമാജിക ധര്‍മ്മമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: