കൊളോഗ്നെ: യൂ റോ കപ്പ് ആദ്യ റൗണ്ടില്‍ ഒരു ജയം മാത്രം നേടിയ ഇംഗ്ലണ്ട് ഗ്രൂപ്പ് ജേതാക്കളായി പ്രീക്വാര്‍ട്ടറിലേക്ക്. ഒടുവില്‍ നടന്ന മത്സരത്തില്‍ സ്ലൊവേനിയയോട് ഗോള്‍ രഹിത സമനിലയില്‍ കുരുങ്ങിയ ശേഷവും ടീം ഗ്രൂപ്പ് സിയില്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്നു.
മൂന്ന് മത്സരങ്ങളില്‍ നിന്ന് ഒരു ജയവും രണ്ട് സമനിലയുമായി അഞ്ച് പോയിന്റാണ് ഗാരെത്ത് സൗത്ത്‌ഗേറ്റിന്റെ ഇംഗ്ലണ്ടിനുള്ളത്. ഗ്രൂപ്പ് സിയില്‍ ആദ്യ മത്സരത്തില്‍ സെര്‍ബിയയെ മാത്രമേ ഇംഗ്ലണ്ട് തോല്‍പ്പിച്ചിട്ടുള്ളൂ. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു വിജയം. ഡെന്‍മാര്‍ക്കുമായുള്ള മത്സരത്തില്‍ രണ്ട് ടീമുകളും ഓരോ ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞു. ഇന്നലെ സ്ലൊവേനിയയുമായി നടന്ന മത്സരത്തില്‍ ഗോളെന്നുറച്ച ഏതാനും മുന്നേറ്റങ്ങള്‍ സൃഷ്ടിച്ചു. പക്ഷെ ഫലത്തിലേക്ക് വന്നില്ല. 74 ശതമാനം പന്ത് കൈവശം വച്ചായിരുന്നു ടീമിന്റെ കളി. പക്ഷെ ഗോള്‍ കണ്ടെത്താനാകാതെ നിരാശരായാണ് ഹാരി കെയ്‌നും ഫില്‍ഫോഡനും ബുക്കായോ സാക്കയും അടക്കമുള്ള താരങ്ങള്‍ മത്സരശേഷം കളംവിട്ടത്. ഗോളില്ലാതെ നിറംകെട്ടതില്‍ സൗത്ത് ഗേറ്റും നിരാശ പങ്കുവച്ചു. ഇപ്പോഴും ആരാധകര്‍ ഒപ്പം നില്‍ക്കുന്നതില്‍ ആശ്വാസമുണ്ടെന്ന് സൗത്ത്‌ഗേറ്റ് പ്രതികരിച്ചു. ഫിഫ റാങ്കിങ്ങില്‍ അഞ്ചാമുള്ള ഇംഗ്ലണ്ട് ഇന്നലെ 57-ാം സ്ഥാനത്തുള്ള സ്ലൊവേനിയയോടാണ് ഗോളില്ലാ സമനിലയില്‍ കുരുങ്ങിയത്.
ഇതേ ഗ്രൂപ്പില്‍ ഇന്നലെ നടന്ന മറ്റൊരു മത്സരത്തില്‍ സെര്‍ബിയയും ഡെന്‍മാര്‍ക്കും ഏറ്റുമുട്ടി സമനിലയില്‍ പിരിഞ്ഞു. ഗോള്‍ രഹിത സമനിലയിലാണ് പിരിഞ്ഞത്. പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ഡെന്‍മാര്‍ക്ക് ആദ്യ റൗണ്ടിലെ ഒരു മത്സരം പോലും വിജയിച്ചില്ല. മൂന്ന് സമനില നേടിക്കൊണ്ട് മൂന്ന് പോയിന്റുമായി രണ്ടാം സ്ഥാനക്കാരായ് പ്രീക്വാര്‍ട്ടര്‍ ബെര്‍ത്ത് ഉറപ്പിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക