അടുത്ത മാസം നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കാനിരിക്കുന്ന കേന്ദ്ര ബജറ്റിൽ ഇന്ത്യന്‍ റെയിൽവെയെ ഹരിതോര്‍ജ്ജത്തിലേക്ക് മാറ്റാനുള്ള ചുവടുവെയ്‌പുകള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷളോടെ കാത്തിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. കാരണം പുനരുപയോഗഊര്‍ജ്ജ രംഗത്തിനും ഹരിതോര്‍ജ്ജ രംഗത്തിനും കൂടുതല്‍ ഊന്നല്‍ നല്‍കുന്ന ബജറ്റാകും നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുക എന്ന പ്രതീക്ഷകള്‍ ഇതിനകം സജീവമായിട്ടുണ്ട്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ റെയിൽവെ ശൃംഘലയാണ് ഇന്ത്യയുടേത്. ട്രെയിനുകള്‍ ഹരിതോര്‍ജ്ജത്തിലോടുന്ന സംവിധാനം നിലവില്‍ വന്നാല്‍ അതിന് പാരിസ്ഥിതികമായും, സാമ്പത്തികമായും വലിയ സ്വാധീനം സൃഷ്ടിക്കാൻ സാധിക്കും. 2024 കേന്ദ്ര ബജറ്റ് ഇക്കാര്യത്തിൽ നിർണായക പങ്കു വഹിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇന്ത്യൻ റെയിൽവെ ഇപ്പോള്‍ ഇന്ധനമായി ഉപയോഗിക്കുന്നത് ഡീസലിനെയും വൈദ്യുതിയെയുമാണ്. പരിസ്ഥിതി മലിനീകരണം കുറയ്‌ക്കുന്ന ഊര്‍ജ്ജസംവിധാനത്തിലേക്ക് മാറാനുള്ള ശ്രമങ്ങള്‍ ലോകത്തെങ്ങും നടക്കുന്നു. ഹരിതോര്‍ജ്ജത്തിലേക്ക് നീങ്ങാന്‍ കഴിഞ്ഞാല്‍ റെയിൽവെ മേഖലയിൽ നിന്നുണ്ടാകുന്ന ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ വലിയ തോതിൽ കുറയ്‌ക്കാൻ സാധിക്കും. 2024 ഏപ്രിലില്‍ റെയിൽവെ ശൃംഘലയുടെ ഏകദേശം 96% വൈദ്യുതീകരിച്ചുകഴിഞ്ഞു.
ബജറ്റ് പ്രതീക്ഷകൾ
റെയില്‍വേയെ 100% വൈദ്യുതവൽക്കരണത്തിന് പദ്ധതികള്‍ പ്രഖ്യാപിക്കുമെന്ന് കരുതുന്നു. നിർണായകമാണ്. ഡീസലിന് പകരം പൂർണമായി വൈദ്യുതി ഉപയോഗിക്കുന്നത് പരിസ്ഥിതി മലിനീകരണം കുറയ്‌ക്കും. സ്റ്റേഷനുകളിൽ കൂടുതൽ സോളാർ പാനലുകൾ സ്ഥാപിക്കാനും ട്രെയിനുകളുടെ പ്രവർത്തന സംവിധാനത്തിലടക്കം സൗരോര്‍ജ്ജം പ്രയോജനപ്പെടുത്തുകയും ചെയ്യാം.
ഹൈഡ്രജൻ ഇന്ധനമായി ഉപയോഗിക്കുന്ന ബയോ ഫ്യൂവൽ ട്രെയിനുകൾ വികസിപ്പിക്കാന്‍ പദ്ധതികളുണ്ടായാല്‍ അത് ശ്രദ്ധേയമാകും. ഇതിന് ബജറ്റിൽ നിന്ന് കൂടുതൽ വിഹിതം എത്തുമോ എന്ന ചോദ്യം ഉയരുന്നു.
റെയില്‍വേ ട്രാക്കുകൾ, സിഗ്നലുകൾ, സ്റ്റേഷനുകൾ എന്നിവയിൽ ഗ്രീൻ ടെക്നോളജി പ്രയോജനപ്പെടുത്തിയാല്‍ അത് ഊർജ്ജോപയോഗം കുറയ്‌ക്കുകയും, കാര്യക്ഷമത വർധിപ്പിക്കുകയും ചെയ്യും.ഇതിന് ഫണ്ട് വകയിരുത്തുമോ എന്നും ഉറ്റുനോക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: