തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റര്‍ യാത്രയ്ക്കുള്ള വാടക കൊടുക്കാന്‍ ട്രഷറി നിയന്ത്രണം ഒഴിവാക്കി.
25 ലക്ഷത്തിനു മേലുള്ള ബില്ലുകള്‍ പാസാക്കുന്നതിനേര്പ്പെടുത്തിയ നിയന്ത്രണമാണ് ഇതിനു വേണ്ടി ഒഴിവാക്കിയത്. പിന്നാലെ ഹെലികോപ്റ്ററിനു മൂന്നു മാസത്തെ വാടകയായി 2.4 കോടി അനുവദിക്കുകയും ചെയ്തു. ട്രഷറി നിയന്ത്രണത്തില്‍ ഇളവുവരുത്തി അധിക ഫണ്ടായാണു തുക അനുവദിച്ചത്. 80 ലക്ഷം രൂപയാണ് ഒരു മാസത്തെ വാടക. ചിപ്സണ്‍ ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നാണു ഹെലികോപ്റ്റര്‍ വാടകയ്ക്കെടുത്തത്.
മേയ് ആറിനാണ് ഹെലികോപ്റ്റര്‍ വാടക ആവശ്യപ്പെട്ട് സംസ്ഥാന പോലീസ് മേധാവി മുഖ്യമന്ത്രിക്കു കത്തയച്ചത്. തുടര്‍ന്നു പണം അടിയന്തരമായി അനുവദിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.
സര്‍ക്കാരിന്റെ കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം സാമൂഹ്യ പെന്‍ഷനുകളും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പോലും മുടങ്ങിയിരുന്നു. പ്രശ്നം താത്കാലികമായി പരിഹരിച്ചെങ്കിലും സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി തുടരുകയാണ്. നിത്യനിദാനച്ചെലവു പോലും കൃത്യമായി നടത്താനാകുന്നില്ല. തന്നെയുമല്ല, പ്രതിസന്ധി മറികടക്കാന്‍ കേരളത്തിനു മാത്രമായി 24,000 കോടിയുടെ പാക്കേജ് അനുവദിക്കണമെന്നു കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തില്‍ കെ.എന്‍. ബാലഗോപാല്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. പണമില്ലാത്തതിനാല്‍ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ സ്തംഭിക്കുന്നു. ആശുപത്രികളില്‍ മരുന്നില്ല. സ്റ്റെന്റ് അടക്കമുള്ളവ വാങ്ങിയതിന്റെ പണം കുടിശികയായതിനാല്‍ ഹൃദയ ശസ്ത്രക്രിയകള്‍ പോലും മാറ്റിവയ്ക്കേണ്ടി വരുന്നു.
പൊതുമരാമത്തു കരാറുകാര്‍ക്കു കോടികള്‍ കൊടുക്കാനുള്ളതിനാല്‍ പണികളെല്ലാം മുടങ്ങിക്കിടക്കുകയാണ്. വഴികളിലെ കുഴിയടയ്ക്കല്‍ പോലും നടക്കുന്നില്ല. ഇതിനിടെയാണ് മുഖ്യമന്ത്രി മാസം 80 ലക്ഷം രൂപ നിരക്കില്‍ കോപ്റ്റര്‍ വാടകയ്ക്കെടുത്തിരിക്കുന്നതും വാടക നല്കാന് ട്രഷറി നിയന്ത്രണം പോലും എടുത്തുകളഞ്ഞതും. കോപ്റ്റര്‍ വാടകയ്ക്കെടുക്കുന്നതും വന്‍ വിവാദമായിരുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: