റഷ്യയിലെ ഡാഗെസ്ഥാനില്‍ ഇസ്ലാമിക ഭീകരര്‍ ഒരു ജൂത ദേവാലയത്തിലും രണ്ട് ക്രൈസ്തവ ആരാധനാലയങ്ങൡലും നടത്തിയ ആക്രമണങ്ങളില്‍ ഇരുപതുപേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവം യൂറോപ്പിനെ ഒരിക്കല്‍ക്കൂടി നടുക്കിയിരിക്കുകയാണ്. സായുധരായ ഭീകരര്‍ പോലീസ് ഔട്ട്‌പോസ്റ്റും ആക്രമിച്ചു. കൊല്ലപ്പെട്ടവരില്‍ പതിനഞ്ച് പേര്‍ ഭീകരരെ നേരിട്ട പോലീസുകാരാണ്. ഇവരുടെ ധീരത വാഴ്‌ത്തപ്പെടണം. കാരണം ആക്രമണത്തിനെത്തിയ മുഴുവന്‍ ഭീകരരെയും ഇവര്‍ വധിച്ചു. പെട്ടെന്നുള്ള പ്രകോപനമല്ല ആക്രമണ കാരണമെന്ന് വ്യക്തമാണ്. ആഗോള ഭീകരസംഘടനയായ ഐഎസ് വളരെ ആസൂത്രിതമായാണ് ആക്രമണം നടത്തിയിരിക്കുന്നത്. ആക്രമണരീതിയുടെ പൈശാചിക സ്വഭാവം അതിനുപിന്നിലെ മതപരതയ്‌ക്ക് തെളിവാണ്. ക്രൈസ്തവ ദേവാലയത്തിലെ വികാരിയെ വെടിവച്ചു വീഴ്‌ത്തിയശേഷം കഴുത്ത് അറുത്തുമാറ്റി കൊലപ്പെടുത്തുകയായിരുന്നു. ഇങ്ങനെ ചെയ്യുന്നത് ഇസ്ലാമിക ഭീകരരുടെ പതിവുരീതിയാണ്. ഫ്രാന്‍സില്‍ ഒരു അധ്യാപകനെ ഇസ്ലാമിക ഭീകരനായ യുവാവ് ക്ലാസ്മുറിയില്‍വച്ച് കൊലപ്പെടുത്തിയത് കഴുത്തറുത്തായിരുന്നുവല്ലോ. ഇറാഖിലും സിറിയയിലും ഐഎസ് ഭീകരര്‍ അവലംബിക്കുന്ന കൊലപാതകരീതിയുമാണിത്. കശ്മീരിലെ ഭീകരരും ഇത് ചെയ്യുന്നു. ഭാരത സൈനികരുടെ മൃതദേഹങ്ങളോട് പാക് സൈനികരും ഇതുതന്നെ ചെയ്യുന്നത് മതത്തില്‍നിന്ന് പ്രേരണയുള്‍ക്കൊണ്ടാണ്. യൂണിഫോമിലെ വ്യത്യാസം മാത്രമാണല്ലോ പാക് സൈനികരും ഭീകരവാദികളും തമ്മിലുള്ളത്.
മുസ്ലിം ഭൂരിപക്ഷ മേഖലയായ നോര്‍ത്ത് കോക്കസസിലാണ് ആക്രമണം നടന്ന ഡാെഗസ്ഥാന്‍ പ്രവിശ്യ ഉള്‍പ്പെടുന്നതെന്ന് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇവിടെ സ്ഥിതിചെയ്യുന്നതും യുനെസ്‌കോയുടെ പൈതൃകപട്ടികയില്‍ ഇടംപിടിച്ചതുമായ ഒരു സിനഗോഗാണ് ഫയര്‍ ബോംബ് ഉപയോഗിച്ച് ഭീകരര്‍ തകര്‍ത്തത്. പുരാതന ജൂതസമൂഹത്തിന്റെ ആസ്ഥാനമായ ഡെര്‍ബന്റിലാണ് ഈ ദേവാലയം സ്ഥിതിചെയ്തിരുന്നത്. ഭീകരാക്രമണത്തില്‍ നടുക്കം പ്രകടിപ്പിച്ച ഇസ്രായേല്‍ സിനഗോഗ് അഗ്‌നിക്കിരയാക്കിയത് ഗൗരവമായി കാണുന്നുവെന്നും പ്രഖ്യാപിച്ചിരിക്കുകയാണ്. റഷ്യയില്‍ ഇപ്പോഴുണ്ടായിരിക്കുന്നത് ഒറ്റപ്പെട്ട സംഭവമല്ല. പഴയ സോവിയറ്റ് യൂണിയന്റെ ഭാഗവും ഇപ്പോള്‍ റഷ്യയോട് ചേര്‍ന്നുകിടക്കുന്നതുമായ ചെച്‌നിയയില്‍ രണ്ട് പതിറ്റാണ്ടായി തുടരുന്ന ഇസ്ലാമിക ഭീകരാക്രമണങ്ങളുടെ തുടര്‍ച്ചയാണ് ഡാഗെസ്താനില്‍ നടന്നതെന്നാണ് റഷ്യ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്. ഈ വര്‍ഷം മാര്‍ച്ച് മാസത്തില്‍ ഐഎസ് ഭീകരര്‍ മോസ്‌കോയ്‌ക്കടുത്ത് നടന്ന സംഗീതനിശ ആക്രമിച്ച് 144 പേരെ വധിച്ചിരുന്നു. ഇതിലും കൂടുതല്‍ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. റഷ്യയുടെ അയല്‍രാജ്യമായ താജിക്കിസ്ഥാനില്‍നിന്നുള്ള ഇസ്ലാമിക ഭീകരര്‍ നടത്തിയ ഈ ആക്രമണത്തിന്റെ ഞെട്ടല്‍ മാറുംമുന്‍പാണ് വീണ്ടും ഒരു ആക്രമണം ഉണ്ടായിരിക്കുന്നത്. സോവിയറ്റ് യൂണിയനില്‍നിന്ന് വിഘടിച്ചുപോയ പല രാജ്യങ്ങളും ഇന്ന് ഇസ്ലാമിക റിപ്പബ്ലിക്കുകളാണ്. അഫ്ഗാനിലെ താലിബാന്‍ ഭരണകൂടവുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നവയാണിത്. 2004 ല്‍ ബെസ്‌ലാനില്‍ സ്‌കൂള്‍ ആക്രമിച്ച ഇസ്ലാമിക ഭീകരര്‍ 300 പേരെ വധിച്ചിരുന്നു. ഇതിനുശേഷമുണ്ടായ ഏറ്റവും വലിയ കൂട്ടക്കൊലയാണ് സംഗീതപരിപാടിയില്‍ നടന്നത്. ഇത്തരം ആക്രമണങ്ങള്‍ അവസാനിക്കുന്നില്ല എന്നതാണ് ഡാഗെസ്താനിലെ ഭീകരാക്രമണം കാണിക്കുന്നത്.
ഇസ്ലാമിക ഭീകരവാദത്തിന് നിരന്തരം ഇരയായിക്കൊണ്ടിരിക്കുന്ന ഭാരതം അതിനെക്കുറിച്ച് രാജ്യാന്തര വേദികളില്‍ പറയുമ്പോഴൊന്നും മറ്റ് രാജ്യങ്ങളില്‍നിന്ന് മതിയായ പിന്തുണ ലഭിച്ചിരുന്നില്ല. ഐക്യരാഷ്‌ട്ര സഭയും ലാഘവബുദ്ധിയോടെയാണ് ഇതിനെ കണ്ടിരുന്നത്. എന്നാല്‍ 2001 ല്‍ അല്‍ഖ്വയ്ദ ഭീകരര്‍ ന്യൂയോര്‍ക്കിലെ ലോക വ്യാപാര സമുച്ചയം വിമാനങ്ങള്‍ ഇടിച്ചിറക്കി തകര്‍ക്കുകയും, ആയിരക്കണക്കിനാളുകള്‍ മരിക്കുകയും ചെയ്തപ്പോഴാണ് അമേരിക്ക കണ്ണുതുറന്നത്. ഇതിനുശേഷവും യൂറോപ്യന്‍ രാജ്യങ്ങള്‍ ഈ വിപത്തിനെ ശരിയായി മനസ്സിലാക്കിയില്ല. ഇസ്ലാമിക രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റങ്ങള്‍ അവര്‍ പ്രോത്‌സാഹിപ്പിച്ചു. കുടിയേറിയ ലക്ഷക്കണക്കിനാളുകള്‍ക്ക് യൂറോപ്യന്‍ പൗരന്മാര്‍ക്കില്ലാത്ത ആനുകൂല്യങ്ങള്‍ പോലും നല്‍കി. എന്നാല്‍ യൂറോപ്യന്‍ ജീവിതരീതിക്ക് രാഷ്‌ട്രീയ ഇസ്ലാം ഒരു ഭീഷണിയാണെന്ന് അധികം വൈകാതെ ബ്രിട്ടനെപ്പോലുള്ള രാജ്യങ്ങള്‍ തിരിച്ചറിഞ്ഞു. ശരിയത്ത് നിയമം നിലനില്‍ക്കുന്നതും മുസ്ലിങ്ങളല്ലാത്തവര്‍ക്ക് പ്രവേശനമില്ലാത്തതുമായ പ്രദേശങ്ങള്‍ ഇപ്പോള്‍ ബ്രിട്ടനിലുണ്ട്. രാജ്യത്തെ ജനസംഖ്യയുടെ നാല് ശതമാനം മുസ്ലിങ്ങളാണ്. മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ പാരീസിലെ ചാര്‍ലി ഹെബ്‌ദോ മാസികയുടെ ആസ്ഥാനം ആക്രമിച്ച് പന്ത്രണ്ട് പേരെ ഇസ്ലാമിക ഭീകരര്‍ കൊലചെയ്തതോടെയാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് അപകടാവസ്ഥ മനസ്സിലായത്. ഇസ്ലാമിക മതമൗലികവാദത്തെ നേരിടാന്‍ ഫ്രാന്‍സിനെയും ഡെന്‍മാര്‍ക്കിനെയും നെതര്‍ലന്റിനെയും പോലുള്ള രാജ്യങ്ങള്‍ ശക്തമായ നടപടികളെടുത്തു. അനുനയംകൊണ്ടോ ബോധവല്‍ക്കരണത്തിലൂടെയോ ഇസ്ലാമിക ഭീകരവാദത്തെ നേരിടാനാവില്ലെന്ന തിരിച്ചറിവ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കുണ്ട്. ഭാരതത്തിന്റെ അനുഭവങ്ങള്‍ ഇക്കാര്യത്തില്‍ പാഠമാകേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: