ഒട്ടാവ(കാനഡ): 329 പേരുടെ കൂട്ടക്കൊലയ്ക്കിടയ്ക്കിയ കനിഷ്ക എയര്‍ ഇന്ത്യ ബോംബാക്രമണത്തിന്റെ ചരിത്രം കാനഡയെ ഓര്‍മിപ്പിച്ച് ഭാരതം. ഭീകരാക്രമണത്തിന്റെ 39-ാം വാര്‍ഷികത്തില്‍ ഒട്ടാവ, ടൊറന്റോ, വാന്‍കൂവര്‍ എന്നിവിടങ്ങളില്‍ ഭാരത ഹൈക്കമ്മിഷനും കോണ്‍സുലേറ്റുകളും കൊല്ലപ്പെട്ടവര്‍ക്ക് ശ്രദ്ധാഞ്ജലികള്‍ അര്‍പ്പിച്ചു.
ഭാരതം ഇപ്പോഴും നീതിക്കായി കാത്തിരിക്കുകയാണെന്ന് ഭാരത ഹൈക്കമ്മീഷണര്‍ സഞ്ജയ് കുമാര്‍ വര്‍മ ഒട്ടാവയിലെ അനുസ്മരണ പരിപാടിയില്‍ പറഞ്ഞു. വിഷയത്തില്‍ പൂര്‍ണമായ നീതി ഇനിയും ലഭിച്ചിട്ടില്ല. മനുഷ്യജീവനോട് പ്രതിബദ്ധതയുള്ള ഒരു സര്‍ക്കാരും രാഷ്ട്രീയനേട്ടങ്ങള്‍ക്കായി ഭീകരവാദ ഭീഷണിയെ അവഗണിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എല്ലാ ഭീകര പ്രവര്‍ത്തനങ്ങളും മാതൃകാപരമായി ശിക്ഷിക്കപ്പെടണം. നിയമപരവും സാമൂഹികവുമായ ചെറുത്തുനില്പ് ഇതിന് അനിവാര്യമാണ്. മനുഷ്യരാശിയെത്തന്നെ ദ്രോഹിക്കുകയാണ് ഭീകരര്‍ ചെയ്യുന്നത്, ഡൗസ് തടാകതീരത്ത് കമ്മീഷണര്‍ പാര്‍ക്കിലെ എയര്‍ ഇന്ത്യ ഫ്ളൈറ്റ് 182 സ്മാരകത്തില്‍ അനുസ്മരണം നയിച്ച വര്‍മ പറഞ്ഞു. കനിഷ്കയ്ക്കെതിരെയുണ്ടായത് ഭയാനകമായ പ്രത്യയശാസ്ത്രത്തിന്റെ പിന്‍ബലമുള്ളവര്‍ നടത്തിയ ഭീരുത്വം നിറഞ്ഞ ഹീനവും ആസൂത്രിതവുമായ ആക്രമണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒന്റാറിയോ പ്രവിശ്യയിലെ സ്മാരകത്തില്‍, ടൊറന്റോയിലെ ഭാരത കോണ്‍സല്‍ ജനറല്‍ സിദ്ധാര്‍ത്ഥ നാഥ് ഇരകളുടെ കുടുംബങ്ങളുമായി കൂടിക്കാഴ്ച നടത്തി. ഭീകരതയെ ചെറുക്കുക മാത്രമല്ല, അതിനെ മഹത്വവല്‍ക്കരിക്കുന്നതിനെതിരെ ഏകീകൃത ആഗോള ശ്രമങ്ങളും അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
കനിഷ്ക ഭീകരാക്രമണത്തിന്റെ വാര്‍ഷികത്തില്‍ കാനഡയില്‍ ദേശീയ പതാക താഴ്ത്തി ദുഃഖാചരണം നടത്തിയതായി ഭാരതത്തിലെ കനേഡിയന്‍ ഹൈക്കമ്മീഷണര്‍ കാമറൂണ്‍ മക്കേതല് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: