സ്വാമി ഋതംഭരാനന്ദ
മുന്‍ ജനറല്‍ സെക്രട്ടറി
ശിവഗിരി മഠം
ശ്രീനാരായണഗുരുദേവന്റെ ശിഷ്യ പ്രധാനിയായിരുന്ന മാധവാനന്ദ സ്വാമിയുടെ 36-ാമത് സമാധി വാര്‍ഷിക ദിനം നാളെ. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റിന്റെ ഖജാന്‍ജി, പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ ആറു പതിറ്റാണ്ടിലേറെക്കാലം സേവനം കാഴ്ച വച്ചിരുന്നു സ്വാമി. ശിവഗിരി മഠത്തിന്റെ സര്വ്വതോന്മുഖമായ പുരോഗതിയില്‍ ഏറെ ശ്രദ്ധാലുവായിരുന്ന സ്വാമി 1906 മേയ് മാസം പൂരുരുട്ടാതി നക്ഷത്രത്തിലായിരുന്നു പൂജാതനായത്. കോട്ടയം ജില്ലയിലെ മാന്നാനത്ത് അറിയപ്പെടുന്ന പുരാതന കുടുംബമായ കുന്നത്തുപറമ്പില്‍ തറവാട്ടിലാണ് സ്വാമി ജനിച്ചത്. അയ്യനും കൊച്ചു പെണ്ണുമായിരുന്നു മാതാപിതാക്കള്‍. ഈ ദമ്പതികളുടെ മൂത്തമകനായി പിറന്ന മാധവനാണ് പിന്നാലെ ഗുരുദേവ ശിഷ്യനായി മാധവാനന്ദ സ്വാമിയായത്.
ബാല്യത്തില്‍ തന്നെ ഭൗതിക ജീവിതത്തോട് വിരക്തി കാണിച്ചിരുന്ന മാധവന് ആത്മീയ ജീവിതത്തില്‍ കൂടുതല്‍ ആകൃഷ്ടനായി. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം വീടുവിട്ടിറങ്ങി പല പല തീര്‍ത്ഥാടന കേന്ദ്രങ്ങളും പുണ്യസ്ഥലങ്ങളും ആരാധനാലയങ്ങളും സന്ദര്‍ശിച്ചു. കൈനകരി ഇളങ്കാവ് ക്ഷേത്രത്തില്‍ ശാന്തിക്കാരനായാണ് അദ്ദേഹം തന്റെ വൈദികവൃത്തി ആരംഭിച്ചത്. 1923 -ല്‍ ആലപ്പുഴ കിടങ്ങാംപറമ്പ് ക്ഷേത്രത്തില്‍ വച്ച് ശ്രീനാരായണ ഗുരുദേവനെ നേരില്‍ കാണുകയും അനുഗ്രഹാശിസ്സുകള്‍ ഏറ്റുവാങ്ങുകയും ചെയ്തു.
ഗുരുദേവ ദര്‍ശനത്തിന് ശേഷം ഗുരുവിന്റെ അമാനുഷിക പ്രഭയാല്‍ ആകര്‍ഷിക്കപ്പെട്ട മാധവനില്‍ ഗുരുവിനെ വീണ്ടും കാണുവാനും ഗുരുവിന്റെ പാത പിന്തുടരുവാനുമുള്ള അദമ്യമായ ആഗ്രഹം ഉടലെടുത്തു. 1923 ല്‍ തന്നെ മാധവന്റെ പിതാമഹന്റെ സഹോദരന് കൊച്ചുകണ്ഠനും മകന് നീലകണ്ഠനും ശിവഗിരിയിലെത്തി ശ്രീനാരായണ ഗുരുദേവനെ ദര്‍ശിച്ച് അനുഗ്രഹങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. കുന്നത്തുപറമ്പില്‍ കുടുംബാംഗങ്ങളുടെ ക്ഷണം സ്വീകരിച്ച് ശ്രീനാരായണ ഗുരുദേവന് 1924-ല്‍ ആദ്യമായി മാന്നാനം സന്ദര്‍ശിച്ചു. ഇതോടെ കൊച്ചുകണ്ഠന്റെ മകന് ദാമോദരന്‍ (കൊച്ചുപാപ്പന്‍) ഗുരുദേവ ശിഷ്യനായി ഗുരുവിനൊപ്പം കൂടുകയുണ്ടായി.
ഗുരുദേവന്റെ വിശ്വമാനവികമായ സന്ദേശങ്ങളിലും ദര്‍ശനത്തിലും ആകൃഷ്ടനായ മാധവന് 1925 -ല്‍ ശിവഗിരിയിലെത്തി ഗുരുവില്‍ നിന്ന് പ്രസാദം സ്വീകരിച്ച് കൊണ്ട് ഗുരുദേവന്റെ ശുശ്രൂഷകനായി ഗുരുസേവ അനുഷ്ഠിച്ചു തുടങ്ങി. അന്ത്യകാലത്ത് യാത്രകളില്‍ ഗുരുവിനെ റിക്ഷയില്‍ കയറ്റി വലിക്കുവാനുള്ള ഭാഗ്യം പലപ്പോഴും മാധവനു കൈവന്നിരുന്നു. നല്ല ആരോഗ്യവാനായിരുന്നതിനാല്‍ ഗുരുദേവന്റെ റിക്ഷ വലിക്കുമ്പോള്‍ വളരെ വേഗത്തില്‍ വലിക്കുക പതിവായിരുന്നു. ഒരു വേള മാധവന് തിടുക്കത്തില്‍ റിക്ഷാവലിക്കുവാന് ശ്രമം നടത്തിയപ്പോള്‍ റിക്ഷ ചലിക്കാതിരുന്നത് ശ്രദ്ധിച്ച മാധവന് കരുത്തോടെ റിക്ഷ മുന്നോട്ടെടുക്കവാന് ശ്രമിച്ചു. എത്ര കഠിനപ്രയത്നം നടത്തിയിട്ടും റിക്ഷ ഒരടി പോലും മുന്നോട്ടെടുക്കാന്‍ കഴിഞ്ഞില്ല. എന്താ മാധവാ? എന്ന് ഗുരുദേവന് ചോദിച്ചപ്പോള്‍ കാര്യം മനസ്സിലാക്കിയ മാധവന് മാപ്പാക്കണമെന്നപേക്ഷിച്ചു കൊണ്ട് തൃപ്പാദപദ്മങ്ങളില്‍ സാഷ്ടാംഗം നമസ്ക്കരിച്ചു. സാരമില്ല മാധവാ റിക്ഷ വലിച്ചോളൂ എന്ന് ഗുരുദേവന് മൊഴിഞ്ഞപ്പോള്‍ മാധവന് റിക്ഷ നിഷ്പ്രയാസം മുന്നോട്ടെടുക്കുവാന്‍ സാധിച്ചു. ഈ സംഭവം മാധവാനന്ദ സ്വാമി തന്നെ കുടുംബാംഗങ്ങളോടും ഭക്തജനങ്ങളോടും മറ്റും വെളിപ്പെടുത്തിയിട്ടുള്ളതാണ്.
സംന്യാസദീക്ഷ സ്വീകരിച്ച മാധവന് മാധവാനന്ദ സ്വാമിയായി. ഗുരുവിന്റെ അന്ത്യനാളുകള്‍ വരെ ഗുരുവിനെ പിന്തുടരുവാനും ഗുരുവിനെ പരിചരിക്കുവാനുമുള്ള പരമ ഭാഗ്യം മാധവാനന്ദ സ്വാമിയ്ക്ക് ഗുരുകൃപയാല്‍ ലഭിച്ചു. കോട്ടയത്ത് വൈക്കം ഉല്ലല ഓംങ്കാരേശ്വര ക്ഷേത്രത്തില്‍ 1927 ജൂണ്‍ മാസം ഗുരുദേവന് പ്രതിഷ്ഠാകര്‍മ്മം നിര്‍വ്വഹിച്ചപ്പോള്‍ മാധവാനന്ദ സ്വാമിയും ഒപ്പമുണ്ടായിരുന്നു. ഗുരു 1928 സെപ്റ്റംബര്‍ 20 ന് (കന്നി 5 ന് ) മഹാസമാധി പ്രാപിച്ചപ്പോള്‍ ആ ധന്യ മുഹൂര്‍ത്തത്തിനും സാക്ഷ്യം വഹിച്ചവരില്‍ ഒരാളാകാനും മാധവാനന്ദ സ്വാമിയ്ക്ക് ഭാഗ്യം ലഭിച്ചു.
ശിവഗിരി മഠത്തിലെ ഗുരുപൂജാഹാളിന്റെ ചുമതലക്കാരന് എന്ന നിലയിലും ശാരദാമഠത്തിലെ ശാന്തിക്കാരന് എന്ന നിലയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ആലുവാ അദ്വൈതാശ്രമം സെക്രട്ടറിയായി രണ്ടര പതിറ്റാണ്ടോളം ചുമതല വഹിച്ചിരുന്നു. 1984 ജൂണ്‍ 27 ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ഖജാന്‍ജിയായി സ്വാമി അധികാരമേറ്റു. 1988 ജൂണ്‍ 26 ന് ധര്‍മ്മസംഘം ട്രസ്റ്റ് അധ്യക്ഷനായും സ്വാമി നിയോഗിക്കപ്പെട്ടു. ആശ്രമാധിപതികളുടെ ഗുണങ്ങള്‍ ശ്രീനാരായണ ഗുരുദേവന് ആശ്രമം എന്ന കൃതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗുരു അരുള്‍ പോലെ തന്നെ എല്ലാവരേയും ഒരുപോലെ കാണാനും സ്നേഹിക്കാനും ശാന്തനും സൗമ്യശീലനുമായ മാധവാനന്ദ സ്വാമിയ്ക്ക് കഴിഞ്ഞിരുന്നു. ഗുരുദേവ ശിഷ്യനെന്ന മഹത്വം ജീവിതാവസാനം വരേയും സ്വാമിയുടെ സമീപനങ്ങളിലും സംഭാഷണത്തിലും പ്രവര്‍ത്തികളിലുമെല്ലാം പ്രകടമായിരുന്നു. ഏത് പ്രതിസന്ധിഘട്ടത്തിലും അക്ഷോഭ്യനായും തികച്ചും ശാന്തസ്വഭാവിയായും കഴിയുവാന്‍ മാധവാനന്ദ സ്വാമിയ്ക്ക് അനിതര സാധാരണമായ കഴിവുണ്ടായിരുന്നു. ലാളിത്യം സ്വാമിയുടെ മുഖമുദ്രയായിരുന്നു.
സ്വാമിജി ഈ ലേഖകനോട് വളരെ വാത്സല്യപൂര്‍വ്വമായിരുന്നു ആദ്യകാലം മുതല്‍ തന്നെ പെരുമാറിയിരുന്നത്. 1987 മുതല്‍ അദ്ദേഹവുമായി ഇടപഴകാന്‍ അവസരം ലഭിച്ചിരുന്നു. ദിവ്യശ്രീ മാധവാനന്ദ സ്വാമികളില്‍ നിന്നു തന്നെ ബ്രഹ്മചര്യദീക്ഷ സ്വീകരിക്കുവാനുള്ള ഭാഗ്യവും എനിയ്ക്ക് ലഭിച്ചു. സ്വാമിജിയുടെ അന്ത്യനാളുകളില്‍ കുറേദിവസം അദ്ദേഹത്തെ പരിചരിക്കാനും സമാധിയ്ക്ക് ദൃസാക്ഷിയാകാനും അവസരം ലഭിച്ചു. അന്ത്യനിമിഷം വളരെ ശാന്തനായിരുന്നു സ്വാമിജി. ദിവ്യമായ ആത്മാവ് മൃദുവായ് മൃദുവായ് അമര്‍ന്ന് ശ്രീനാരായണ ഗുരുദേവനില്‍ (പരമാത്മാവില്‍) വിലയം പ്രാപിച്ചു.
ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റായി ഒരു വര്‍ഷം തികഞ്ഞതിന്റെ പിറ്റേന്ന് 83-ാം വയസ്സില്‍ 1989 ജൂണ്‍ 27 ന് മാധവാനന്ദ സ്വാമി സമാധിയായി. 36-ാമത് സമാധി വാര്‍ഷിക ദിനമായ നാളെ ശിവഗിരിയിലെ മാധവാനന്ദ സ്വാമി സമാധിയില്‍ പ്രത്യേക പ്രാര്‍ത്ഥനയും പുഷ്പാര്‍ച്ചനകളും നടത്തും. ഇതിലൊക്കെ ശിവഗിരിയിലെ സംന്യാസി ശ്രേഷ്ഠന്മാരോടൊപ്പം ബ്രഹ്മചാരികളും ഭക്തജനങ്ങളും മാധവാനന്ദ സ്വാമിയുടെ മൂലകുടുംബമായ മാന്നാനത്തെ കുന്നത്തുപറമ്പില്‍ കുടുംബാംഗങ്ങളും പങ്കെടുക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: