തിരുവനന്തപുരം: ആർ എം പി നേതാവ് ടി. പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകി വിട്ടയാക്കാനുള്ള നീക്കത്തിനെതിരെ കെ.കെ രമയുടെ അടിയന്തരപ്രമേയ നോട്ടീസ് സ്പീക്കര്‍ തള്ളി. പ്രതികൾക്ക് ശിക്ഷ ഇളവ് നല്കാൻ നീക്കം ഇല്ലെന്നു സർക്കാർ അറിയിച്ചു എന്ന് സ്പീക്കർ വ്യക്തമാക്കി. സബ് മിഷൻ ആയി ഉന്നയിക്കാം എന്ന് സ്പീക്കർ അറിയിച്ചു.
ഹൈക്കോടതി ഉത്തരവ് ലംഘിച്ചുകൊണ്ട് ടി പി വധക്കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കുന്നത് സമൂഹത്തിലുണ്ടാക്കുന്ന ആശങ്ക സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാണ് കെ കെ രമ എംഎല്‍എ അടിയന്തര പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്. എന്നാൽ ഇതിന് മറുപടി പറയാതെ മുഖ്യമന്ത്രി പിണറായി വിജയൻ ഒഴിഞ്ഞുമാറി.
ടിപി കേസ് പ്രതികളെ വിട്ടയക്കാൻ ശ്രമം നടക്കുന്നു എന്ന് ആക്ഷേപിച്ചാണ് നോട്ടീസ്, അങ്ങനെ ഒരു നീക്കം ഇല്ലാത്തതിനാൽ നോട്ടീസ് തള്ളുന്നു എന്നാണ് സ്പീക്കർ വ്യക്തമാക്കിയത്. വിഷയത്തിൽ സ്പീക്കറും പ്രതിപക്ഷ നേതാവ് വി. ഡി സതീശനും തമ്മിൽ തർക്കമുണ്ടായി. ഇളവ് നല്‍കാനുള്ള നീക്കത്തിന് തെളിവായി കത്തു പുറത്ത് വന്നിട്ടുണ്ടെന്ന് വി.ഡി സതീശന്‍ പറഞ്ഞു.സര്‍ക്കാരിന് ഭയം ആണെന്നും അദ്ദേഹം പറഞ്ഞു. സ്പീക്കറും പ്രതിപക്ഷ നേതാവും തമ്മിലെ വാക് തർക്കത്തിനൊടുവില്‍ പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി.
ജയില്‍ മോചനത്തിനായി അന്വേഷണം ആവശ്യപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് അയച്ച കത്തിന്റെ പകര്‍പ്പ് ഉയർത്തിയായിരുന്നു പ്രതിഷേധം. പ്ലക്കാര്‍ഡ് ഉയര്‍ത്തി സ്പീക്കറുടെ ഡയസ്സിന് മുന്നിലായിരുന്നു പ്രതിപക്ഷ പ്രതിഷേധം.
ശിക്ഷ ഇളവില്ലെന്ന് പറയേണ്ടത് സ്പീക്കറല്ല, , മുഖ്യമന്ത്രിയാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.പ്രതിപക്ഷ പ്രതിഷേധത്തിനിടെ സഭ നടപടികള്‍ പൂര്‍ത്തിയാക്കി ഇന്നത്തേക്ക് പിരിഞ്ഞു. ഗവർണ്ണർക്ക് ഇന്ന് കെ.ക രമ പരാതി നൽകും. ടിപി കേസ് പ്രതികൾക് ശിക്ഷ ഇളവ് നൽകരുത് എന്ന് രമ ആവശ്യപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: