രാജ്യത്തെ പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ക്കെതിരെയും ചോദ്യപേപ്പര്‍ ചോര്‍ച്ചയ്ക്കെതിരെയും ശക്തമായ നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ എടുത്തുപോരുന്നത്. പരീക്ഷാ നടത്തിപ്പിന്റെ ഉത്തരവാദിത്തമുള്ള സ്വതന്ത്ര ഏജന്‍സിയായ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ ഡയറക്ടര്‍ ജനറല്‍ സ്ഥാനത്തുനിന്ന് സുബോധ്കുമാര്‍ സിങ്ങിനെ നീക്കുകയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നതവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ പരാതിപ്രകാരം കേസെടുത്ത് സിബിഐ അന്വേഷണം വ്യാപകമാക്കുകയും ചെയ്തിരിക്കുന്നു. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കുന്നതിനു പുറമെ ബിഹാറിലെ പാട്ന, ഗുജറാത്തിലെ സൂറത്ത് എന്നിവിടങ്ങളിലേക്ക് അന്വേഷണത്തിനായി പ്രത്യേകം സംഘത്തെ നിയോഗിക്കുകയും ചെയ്തിരിക്കുകയാണ്. നീറ്റ് പരീക്ഷാ നടത്തിപ്പില്‍ ദേശീയ ടെസ്റ്റിങ് ഏജന്‍സിയുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിക്കഴിഞ്ഞു. നീറ്റ് പ്രവേശന പരീക്ഷയും ഏതെങ്കിലും സെന്ററില്‍ മതിയായ സമയം വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചില്ലെങ്കില്‍ നഷ്ടമായ സമയം അധികമായി നല്കുന്നതിനു പകരം ഗ്രേസ് മാര്‍ക്ക് നല്‍കിയത് ഗുരുതര പിഴവാണെന്ന് സര്‍ക്കാര്‍ സമ്മതിച്ചിട്ടുണ്ട്. ഇങ്ങനെ സംഭവിച്ചതായി ചില വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് സംഭവം വിവാദമായത്. പ്രവേശന പരീക്ഷ പൂര്‍ണമായും സ്വതന്ത്ര ഏജന്‍സിയായ എന്‍ടിഎയുടെ മേല്‍നോട്ടത്തില്‍ നടക്കുന്നതിനാല്‍ കേന്ദ്ര സര്‍ക്കാരിന് ഇടപെടാന്‍ പരിമിതികളുണ്ട്. ഇത് പരിഗണിച്ച് ആവശ്യമായ ഭേദഗതികള്‍ വരുത്താന്‍ ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാനും മലയാളിയുമായ ഡോ. കെ.രാധാകൃഷ്ണന് ചെയര്‍മാനായി വിദഗ്ദ്ധ സമിതിക്ക് രൂപംനല്‍കിയിരിക്കുകയാണ്. ഇവരുടെ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് പ്രവേശന പരീക്ഷകള്‍ക്ക് പഴുതടച്ചുള്ള സംവിധാനം കൊണ്ടുവരും.
നീറ്റ് പ്രവേശന പരീക്ഷ നടന്ന ചില കേന്ദ്രങ്ങളിലെ ക്രമക്കേട് പുറത്തുവന്നതിനു പിന്നാലെയാണ് യുജിസി നെറ്റ് ചോദ്യപേപ്പര്‍ ചോര്‍ന്നതായി കണ്ടെത്തിയത്. പരീക്ഷാ പേപ്പറുകള്‍ ടെലഗ്രാമിലും ഡാര്‍ക്ക് വെബിലും എത്തുകയായിരുന്നു. പരീക്ഷകള്‍ക്ക് 48 മണിക്കൂര്‍ മുന്‍പാണ് ചോദ്യപേപ്പര്‍ ചോര്‍ന്നത്. ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയും ആര്‍ജെഡി നേതാവും ‘ഇന്‍ഡി’ സഖ്യം നേതാവുമായ തേജസ്വി യാദവിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ബന്ധുവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇയാള്‍ 30 മുതല്‍ 42 ലക്ഷം വരെ രൂപയ്ക്കാണ് ചോദ്യപേപ്പര്‍ വിറ്റതെന്ന് ബിഹാര്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ബിഹാറിലെ ഒരു പരീക്ഷാകേന്ദ്രത്തില്‍ എത്തിയ ചോദ്യപേപ്പറുകളാണ് ചോര്‍ന്നിട്ടുള്ളത്. സ്വതന്ത്ര സംവിധാനത്തിന്റെ കീഴിലാണ് പതിറ്റാണ്ടുകളായി പൊതുപ്രവേശന പരീക്ഷകള്‍ നടന്നുവരുന്നത്. പരീക്ഷാ നടത്തിപ്പും ഫലം പ്രസിദ്ധീകരിക്കുന്നതുമെല്ലാം ഇവയാണ്. കേന്ദ്ര സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഇടപെടാനാവില്ല. ഏജന്‍സികളുടെ ചുമതലക്കാരെ നിശ്ചയിക്കാന്‍ മാത്രമേ സര്‍ക്കാരിന് അധികാരമുള്ളൂ. ഏജന്‍സിക്കു വീഴ്ചകള്‍ വന്നാല്‍ ഇത് പരിഹരിക്കാന്‍ സര്‍ക്കാരിന് ഇടപെടാം. ഇതുപ്രകാരമാണ് ഡോ. കെ. രാധാകൃഷ്ണണന്റെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിച്ചിട്ടുള്ളത്. ദല്‍ഹി ‘എയിംസ്’ മുന്‍ ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേരിയ, ഹൈദരാബാദ് യൂണിവേഴ്സിറ്റി വൈസ്ചാന്‍സലര്‍ ബി.ജെ. റാവു, മദ്രാസ് ഐഐടി പ്രൊഫസര്‍ കെ. രാമമൂര്‍ത്തി, ദല്‍ഹി ഐഐടിയിലെ ഡീന്‍ ആദിത്യ മിത്തല്‍, വിദ്യാഭ്യാസ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ഗോവിന്ദ് ജയ്സ്വാള്‍ എന്നിവര്‍ അംഗങ്ങളായ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതോടെ പൊതുപ്രവേശന പരീക്ഷാ മേഖല ശുദ്ധീകരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളിലും നെറ്റ് പരീക്ഷാ ചോ
ര്‍ച്ചയിലും കേന്ദ്ര സര്‍ക്കാരിനെ അകാരണമായി കുറ്റപ്പെടുത്തി മുതലെടുപ്പ് നടത്താനാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തെ മറച്ചുപിടിക്കാനും, മൂന്നാമതും അധികാരത്തില്‍ വന്നിരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ ശോഭ കെടുത്താനുമാണിത്. പരീക്ഷാ ക്രമക്കേടുകള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. പതിറ്റാണ്ടുകളായി ബിഹാര്‍ ഇതിന് കുപ്രസിദ്ധിയാര്ജിച്ചതുമാണ്. പൊതുപ്രവേശന പരീക്ഷയില്‍ ക്രമക്കേടു നടത്തുന്നതില്‍ രാജ്യത്തെ കോച്ചിങ് സെന്ററുകള്‍ക്ക് വലിയ പങ്കുള്ളതായാണ് കരുതപ്പെടുന്നത്. പ്രസിദ്ധമായ പല സ്ഥാപനങ്ങളും ഉദ്യോഗസ്ഥരുമായി ഒത്തുകളിച്ച് ചോദ്യപേപ്പര്‍ ചോര്‍ത്തി നല്കി വിദ്യാര്‍ത്ഥികളെ വിജയിപ്പിച്ചെടുക്കുന്നു. ഇതിന്റെ പ്രത്യുപകാരമായാണ് ഫീസിനത്തില്‍ ലക്ഷക്കണക്കിന് രൂപ വിദ്യാര്‍ത്ഥികളില്‍നിന്ന് വാങ്ങുന്നത്. അതിശക്തമായ ലോബിയാണിത്. സിവില്‍ സര്‍വീസ് പരീക്ഷകളില്‍പ്പോലും ഇക്കൂട്ടര്‍ ക്രമക്കേടുകള്‍ നടത്തും. ഇപ്പോഴത്തെ സംഭവത്തില്‍ തല്‍പ്പരകക്ഷികളെ ഇളക്കിവിട്ട് കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനും തങ്ങളുടെ പങ്ക് മറച്ചുപിടിക്കാനും ഇക്കൂട്ടര്‍ ശ്രമിക്കുന്നതായും അന്വേഷണ ഏജന്‍സികള്‍ കരുതുന്നുണ്ട്. അധ്വാനിച്ച് പഠിച്ച് പ്രവേശന പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളെ ചതിച്ച് പണം നല്കുന്ന വിദ്യാര്‍ത്ഥികളെ ജയിപ്പിച്ചെടുക്കുന്ന ഇത്തരം കോച്ചിങ് സെന്ററുകളെ നിലയ്ക്കുനിര്‍ത്തണം. പരീക്ഷാ നടത്തിപ്പുകള്‍ സുതാര്യമാക്കുകയും യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം മാര്‍ക്ക് ലഭിക്കുകയും ചെയ്യുന്ന സ്ഥിതിയുണ്ടാവണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: