മാള (തൃശ്ശൂര്‍): വര്‍ഷങ്ങളായി കോണ്‍ഗ്രസ് ഭരിക്കുന്ന മാള സര്‍വീസ് സഹകരണ ബാങ്കില്‍ കോടികളുടെ ക്രമക്കേട്. 10 കോടി രൂപയുടെ ക്രമക്കേട് നടന്നതായിട്ടാണ് സഹകരണ വകുപ്പിന്റെ റിപ്പോര്‍ട്ട്.
മതിപ്പുവില രേഖപ്പെടുത്താതെ ബന്ധുക്കള്‍ക്കും, സുഹൃത്തുക്കള്‍ക്കും അനധികൃതമായി വായ്പ നല്കി, ലേലം നടത്തുമ്പോള്‍ ലോണെടുത്ത തുകയേക്കാളും കുറച്ചു നല്കി, കുടിശിക കുറച്ചു നല്കി, അനര്‍ഹമായ ശമ്പളവും ഓണറേറിയവും നല്കി, ഓണച്ചന്തയും, കൃഷിയും മറ്റും നടത്തി ലക്ഷങ്ങള്‍ നഷ്ടമുണ്ടാക്കി എന്നിങ്ങനെയുള്ള ക്രമക്കേടുകളാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
നിലവില്‍ 22 കോടിയോളം രൂപ നഷ്ടത്തിലാണ് ബാങ്ക് പ്രവര്‍ത്തിക്കുന്നതെന്നും നിലവില്‍ 2023 മാര്‍ച്ച് 31 വരെയുള്ള കണക്ക് പ്രകാരം ബാങ്കില്‍ 5 കോടിയോളം തരള ധനത്തിന്റെ കുറവുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സെക്രട്ടറി, മുന്‍പത്തെയും ഇപ്പോഴത്തെയും ഭരണസമിതിയംഗങ്ങള്‍ എന്നിവര്‍ക്കെതിരെയാണ് പ്രധാനമായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളത്.
ഇവരുടെ പക്കല്‍ നിന്ന് 10,07,69,945 രൂപ ഈടാക്കുന്നതിനായി ജോ. രജിസ്ട്രാര്‍ സഹകരണ ചട്ടം 68 പ്രകാരം നോട്ടീസ് നല്‍കിയിരുന്നു. കാലങ്ങളായി കോണ്‍ഗ്രസ് ഭരിച്ചുകൊണ്ടിരിക്കുന്ന മാള സര്‍വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് 2001ലെ സഹകരണ ആക്ടിലെ ഉത്തരവനുസരിച്ചു ക്ലാസ് 3 ആയി വര്‍ഗീകരണം നടത്തിയിട്ടുള്ളതാണ്. നിലവില്‍ സ്റ്റാഫുകളും മറ്റും ശമ്പളവും അനുകൂല്യങ്ങളും എടുക്കുന്നത് ക്ലാസ് 2 പ്രകാരമാണെന്ന് അന്വേഷണ സംഘം ആരോപിക്കുന്നു. അതാതു സംഘങ്ങള്‍ മൂന്ന് മാസത്തിനുള്ളില്‍ ക്ലാസിഫിക്കേഷന്‍ നടത്തേണ്ടതാണെന്നും നിലവില്‍ മാള സര്‍വീസ് കോ ഓപ്പറേറ്റിവ് ബാങ്ക് മാറ്റം വരുത്തിയിട്ടില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവിലെ ഭരണസമിതി അംഗങ്ങളുടെ നേതൃത്വത്തില്‍ മാത്രം നാലു കോടി രൂപയ്ക്ക് മുകളില്‍ ക്രമക്കേട് നടത്തിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: