കൊച്ചി: പിണറായി വിജയനെ എക്കാലവും അകമഴിഞ്ഞ് പിന്തുണച്ച എറണാകുളം ജില്ലാ കമ്മിറ്റിയും ഒടുവില്‍ പിണറായിക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ത്തി.
കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് അവലോകത്തിനായി ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് പതിവ് വിട്ട് പിണറായിക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയത്. വി.എസ്. അച്യുതാനന്ദന് പക്ഷത്തിന്റെ നിയന്ത്രണത്തിലായിരുന്ന എറണാകുളം ജില്ലാ കമ്മിറ്റി പൂര്‍ണമായും പിണറായി പിടിച്ചെടുത്ത ശേഷവും എക്കാലത്തും ഭരണത്തിനും മുഖ്യമന്ത്രി പിണറായി വിജയനും ഒപ്പമായിരുന്നു. പിണറായിയുടെ ഏറ്റവുമടുത്ത വിശ്വസ്തനായി അറിയപ്പെടുന്നയാളാണ് ജില്ലാ സെക്രട്ടറി സി.എന്‍. മോഹനന്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടപ്പോള്‍ ജില്ലാ കമ്മിറ്റിയെ പൂര്‍ണമായി സംരക്ഷിക്കുന്നതിന് പിണറായി തയാറായി. ഇപ്പോഴും എം.എ. ബേബി-തോമസ് ഐസക്ക് അച്ചുതണ്ടിനോട് സൗഹൃദം കാത്തുസൂക്ഷിക്കുന്ന മന്ത്രി പി. രാജീവ് പാര്‍ട്ടിയിലെ അതിശക്തനായ പിണറായിയെ പിന്തുണക്കുന്ന നിലപാടിലായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത് രാജീവും പിണറായിയെ കൈയ്യൊഴിയുന്ന നിലപാടിലേക്കാണ്.
പിണറായി വിജയന്റെ മൗനത്തിന് പാര്‍ട്ടി വലിയ വില നല്‍കേണ്ടി വന്നുവെന്നാണ് ജില്ലാ കമ്മിറ്റി യോഗത്തില്‍ കൂടുതല്‍ പേരും വിമര്‍ശനമുന്നയിച്ചത്. വ്യക്തമായ മറുപടി മുഖ്യമന്ത്രി നല്‍കിയില്ലെന്നും ഇത് തെരഞ്ഞെടുപ്പ് പരാജയത്തിന്റെ മുഖ്യകാരണമായെന്നുമാണ് യോഗത്തില്‍ നേതാക്കളുടെ ഭാഗത്ത് നിന്ന് വിമര്‍ശനം ഉണ്ടായത്. മക്കള്‍ക്കെതിരായ ആരോപണത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന് കാണിച്ച മാതൃക പിണറായി പിന്തുടര്ന്നില്ല. മക്കള്ക്കെതിരായി ആരോപണം ഉയര്‍ന്നപ്പോള്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് കോടിയേരി ബാലകൃഷ്ണന് സ്വീകരിച്ച നിലപാട് ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം.
എന്നാല്‍ മകള്‍ക്കെതിരായ ആരോപണത്തില്‍ പിണറായി വിജയന് പാലിച്ച മൗനം പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായി. കരിമണല്‍ കമ്പനിയുമായി മകള്‍ വീണയ്ക്ക് ബന്ധമുണ്ടെന്ന ആരോപണത്തില്‍ പിണറായി വിജയന് പ്രതികരിക്കാന്‍ തയാറായില്ലെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. മുഖ്യമന്ത്രിയും, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മാധ്യമപ്രവര്‍ത്തകരോട് ഇടപെടുന്നത് ശരിയായ രീതിയിലല്ല. ബിഷപ്പ് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെതിരെ മുഖ്യമന്ത്രി നടത്തിയത് അതിരുവിട്ട പരാമര്‍ശമാണെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരായ ആരോപണം എല്‍ഡിഎഫ് സര്‍ക്കാരിനെക്കുറിച്ച് അവമതിപ്പുണ്ടാക്കാനും ഇടയാക്കിയെന്ന് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: