കൊച്ചി: ഇന്സ്റ്റിറ്റിയൂട്ട് ഓഫ് ചാര്ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ (ഐസിഎഐ) സതേണ് ഇന്ത്യ ചാര്ട്ടേഡ് അക്കൗണ്ടന്റ്സ് സ്റ്റുഡന്റ്സ് അസോസിയേഷന്റെ എറണാകുളം ബ്രാഞ്ച് സിഎ വിദ്യാര്ത്ഥികളുടെ ദ്വിദിന മെഗാ സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നു. ‘ഏകത്വ – ഏകീകരിക്കുന്ന ദര്ശനങ്ങള്, ശാക്തീകരിക്കുന്ന ഭാവി’ എന്നതാണ് സമ്മേളനത്തിന്റെ പ്രമേയം.
എറണാകുളം ഫൈന് ആര്ട്സ് സൊസൈറ്റി ഹാളില് ജൂണ് 28, 29 തീയതികളിലാണ് ഇന്സ്റ്റിറ്റിയൂട്ട് ഓഫ് ചാര്ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ ബോര്ഡ് ഓഫ് സ്റ്റഡീസ് സമ്മേളനം സംഘടിപ്പിക്കുന്നത്.
ഫെഡറല് ബാങ്ക് എംഡിയും സിഇഒയുമായ ശ്യാം ശ്രീനിവാസന് സമ്മേളനം ഉദ്ഘാടനം ചെയ്യും. നാല് സാങ്കേതിക സെഷനുകള്, നാല് പ്രത്യേക സെഷനുകള്, രണ്ട് മോട്ടിവേഷണല് സെഷനുകള്, പാനല് ചര്ച്ചകള് എന്നിവ പ്രമുഖ ചാര്ട്ടേഡ് അക്കൗണ്ടന്റുമാരും വ്യവസായ പ്രമുഖരും കൈകാര്യം ചെയ്യുമെന്ന് സികാസ ചെയര്മാന് രൂപേഷ് രാജഗോപാല് അറിയിച്ചു. 1967-ല് ആരംഭിച്ച ഐസിഎഐയുടെ ദക്ഷിണേന്ത്യ റീജിയണല് കൗണ്സിലിന്റെ എറണാകുളം ബ്രാഞ്ച് കേരളത്തിലെ ഏറ്റവും വലിയ ശാഖയാണ്. നിലവില് എറണാകുളം, ഇടുക്കി എന്നീ രണ്ട് റവന്യൂ ജില്ലകളിലായി 2700 അംഗങ്ങളും 8000 വിദ്യാര്ത്ഥികളുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: